“അഞ്ചു സുന്ദരികളില്‍ ” എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ “കുള്ളന്റെ ഭാര്യ “, ആ കഥയിൽ ദുല്‍ഖർ സല്മാൻ ഒരു balcony യിൽ ഇരുന്നുകൊണ്ട് അയാൾക്ക് മുന്‍പിലുള്ള കുറച്ചു കാഴ്ചകൾ കാണുന്നുണ്ട്. അതുപോലെ ഞാനും ഒരു ഞായറാഴ്ച്ച രാവിലെ “ദുല്‍ഖറിനെപ്പോലെ…” [ ചെറിയ തള്ളായി തോന്നാം, പക്ഷെ എനിക്ക് അപ്പോൾ അങ്ങനെ തോന്നിയിരുന്നു 🙂 ] എന്റെ വീട്ടിലെ balcony യിൽ ഇരുന്നു കൊണ്ട് കുറച്ചു കാഴ്ചകൾ കണ്ടു , Green Field stadium ത്തിലേക്ക് പോകുന്ന വഴിയിലും അടുത്തുള്ള വീടുകളിലുമായി കുറച്ചു കഥകളും കഥാപാത്രങ്ങളും….എനിക്ക് മുൻപിൽ വന്നു.
മീൻതല :ആ ഞായറാഴ്ച്ചയും പതിവുപോലെ അമ്മൂമ്മ അവരുടെ മീൻ വട്ടകയുമായി എന്റെ സമീപത്തുള്ള വീടിനു മുന്പില് ഇരുന്നു.മീൻ മേടിക്കാനായി ഒരമ്മയും അവരുടെ സാരി തുമ്പില്‍ പിടിച്ചു കൊണ്ട് തട്ടമിട്ട ഒരു കൊച്ചു കുട്ടിയും. ഇവർ മൂന്നുപേരെയും ശ്രദ്ധിക്കാതെ ഒരു വെളുത്ത പൂച്ച , ആ മീൻ വട്ടകക്കു ചുറ്റും മീനിന്റെ ഗന്ധം ആസ്വദിച്ചുകൊണ്ട് നടക്കുന്നുണ്ടായിരുന്നു.ഓരോതവണ കുട്ടിയുടെ അമ്മ വില പേശുമ്പോഴും പൂച്ച നടത്തം നിർത്തി അമ്മയേയും അമ്മൂമ്മയെയും നോക്കും, പൂച്ചയുടെ മുഖ ഭാവത്തില്‍ നിന്ന് വ്യക്തമാണ് മീൻ മേടിക്കുവാൻ ആ അമ്മയെക്കാളും ആഗ്രഹം പൂച്ചക്കാണ്. അവസാനം ആ വിലപേശൽ 50 രൂപയില്‍ ചെന്ന് നിന്നു, പൂച്ച തട്ടമിട്ട കുട്ടിയെ നോക്കി അവന്റെ കണ്ണിറുക്കി. പെണ്‍കുട്ടി പൂച്ചയെ തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് തലയില്ലാത്ത ആ മീനിന്റെയും അമ്മയോടും കൂടെ വീട്ടിലോട്ടു നടന്നകുന്നു…..
ജ്ഞാനദാസ് :
ജ്ഞാനദാസ് – ഞങ്ങളുടെ പഴയ അയൽക്കാരൻ !
ജ്ഞാനദാസ് – കുടിക്കുമ്പോൾ പരമ കൂതറയും കുടിക്കാത്തപ്പോള്‍ പരമ മനുഷ്യസ്നേഹിയുമായ ദ്വന്ദ വ്യക്തിത്ത്വമുള്ള സാധാരണക്കാരന്.
ജ്ഞാനദാസ് – എന്തർത്ഥത്തിലാണ് അയാൾക്ക് ആ പേരിട്ടത് എന്ന് ഞാൻ പലപ്പോഴും പുട്ടുണ്ടാക്കുമ്പോൾ ചിന്തിക്കാറുണ്ട്!
പണ്ടൊരിക്കൽ ഞാൻ അലക്കുമ്പോൾ ബോറടിക്കാതിരിക്കാന്‍ “ഉല്ലാസപ്പൂത്തിരികൾ കണ്ണിലളിഞ്ഞവളേ” എന്ന ഗാനം പാടിയതിന്, ഞാനോ എന്റെ കൂട്ടുകാരോ “ഇതുവരെ” കാണാത്ത അയാളുടെ മകളെ നോക്കിയാണ് പാടിയതെന്ന് പറഞ്ഞ് കള്ള് കുടിച്ച് അയാള്‍ എന്റെ വീട്ടുകാരെ വിളിച്ചതും, തികച്ചും നല്ലവനായ ഞാൻ മതിലിൽ കയറിനിന്നു കൊണ്ട് എഴുതാൻ കൊള്ളില്ലാത്ത തെറി തിരിച്ചു വിളിച്ചതും ഞാൻ ഈ അവസരത്തിൽ ഓർത്തുകൊള്ളുന്നു.
അങ്ങനെ എന്റെ ആ പഴയ അയല്‍ക്കാരനും പരമ ശത്രുവുമായ ജ്ഞാനദാസ്, ഇപ്പോൾ എനിക്ക് മുന്‍പിലുള്ള വഴിയിലൂടെ ഭാര്യയോടൊപ്പം പുതിയ സ്കൂട്ടെരിൽ പോകുന്നു. ആ സ്ത്രീയുടെ മുഖത്ത് ഇപ്പോള്‍ പഴയ കള്ളുകുടിക്കാരന്റെ ഭാര്യയുടെ വിഷാദം ഇല്ല! പകരം ചിരി മാത്രം. അയാള്‍ മിക്കവാറും കുടി നിര്‍ത്തിക്കാണും, തെളിവെന്ന പോലെ അയാളുടെ മുഖത്തും ഒരു ചിരി ഉണ്ട്, എന്റെ മുഖത്തും ഒരു ചിരി വന്നു.
ബൈക്കിന്റെ കണ്ണാടി : വലതു വശത്തുള്ള വാടക വീട്ടില്‍, ഇടതു കൈയില്‍ ബൈക്കിന്റെ കണ്ണാടിയും വലതു കൈയില്‍ ഒരു ബ്രഷും പിടിച്ചു കൊണ്ട് ഒരു North Indian യുവാവ് പല്ല് തേക്കുന്നുണ്ടായിരുന്നു. ഓരോ തവണ ബ്രഷ് 32 പല്ലുകളെയും പ്രദക്ഷിണം വെച്ച് കഴിയുമ്പോൾ ഇടതു കൈയിലുള്ള കണ്ണാടിയിൽ നോക്കി ആ യുവാവ് അയാളുടെ പല്ലുകളുടെ സൗന്ദര്യം ആസ്വദിച്ചു.പക്ഷെ ഓരോ തവണ നോക്കുമ്പോഴും അയാളുടെ പല്ലുകൾ ആ കണ്ണാടിയിൽ അടുത്ത്.. അടുത്ത്…. വന്നു.കൂടുതൽ കൂടുതൽ അടുക്കുന്തോറും പതിയെ.. പതിയെ.. അയാളുടെ പല്ലുകളിലെ പുകയിലയുടെ കറകൾ തെളിഞ്ഞു വന്നു!. പെട്ടന്നയാൾ പല്ലു തേപ്പു നിർത്തി അടുത്തിരുന്ന Kings Cigarette തട്ടികളഞ്ഞു, ആ Cigarette കറങ്ങി.. കറങ്ങി.. slow motion നില് തുപ്പിയിട്ട Colgate ഇന്റെ പതയിൽ ചെന്ന് വീണു !.
ചെടിയുടെ സ്വാതന്ത്ര്യം : ഇടതു കൈയില്‍ ഒരു ചെടിയും വലതു കൈയില്‍ ഒരു തൂമ്പയുമായി അയാൾ വന്നു മുറ്റത്ത് ഒരു കുഴി കുഴിച്ചു കൈയിലിരുന്ന ചെടി നട്ടു! . ആ ചെടി മണ്ണിൽ സ്വതന്ത്രയായി. ഇതു കണ്ട എനിക്ക് എന്നോട് തന്നെ ഒരു പുച്ഛം തോന്നി, കാരണം Poly house നെ കുറിച്ചും, ജൈവ കൃഷിയേയും കുറിച്ച് കൂട്ടുകാർക്കിടയില്‍ പലപ്പോഴും പ്രസംന്ഗിക്കാറുള്ള ഞാൻ ഒരു തൂമ്പയും മണ്ണും കൈകൊണ്ട് തൊട്ടിട്ട് നാളുകള്‍ ഏറെ ആയിരിക്കുന്നു!
തുടക്കകാരന്റെ / എഴുത്തുകാരന്റെ അന്ത്യം : മനസില്‍ വന്ന ഈ കഥകൾക്കിടയില്‍ എന്റെ ശരീരത്തിലും വയറ്റിലും വിശപ്പ് വന്ന് തുടങ്ങിയിരുന്നു. ക്രമേണ ആ വിശപ്പ് എന്നേയും എന്നിലെ തുടക്കക്കാരനായ എഴുത്തു കാരനേയും കീഴടക്കി.ഞാൻ വേഗം ഷർട്ട് എടുത്തിട്ട് പുട്ട് കടയില്ലേക്ക് പോകാനായി ചാടി ഇറങ്ങി.
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media