കരുണാർദ്രമായൊരു നേർത്ത തലോടലായ്
ജീവൻറെ സ്നേഹാമൃതമെനിക്കു നൽകി
എന്നുമാ അമ്മയുടെ മനസ്സിൽ ഗദ്ഗദം
എൻ നെഞ്ചിലാരവമായ് മുഴങ്ങി
സ്മൃതിതൻ ഇതളുകൾ ഓരോന്നായ് അവളുടെ
മാനസത്തിൽ വർണ്ണക്കളങ്ങളുണ്ടാക്കി
അനാഥയായ് തീർത്തൊരു കാലചക്രത്തിൽ
ചെയ്തികൾ നേർത്ത മൂടൽ മഞ്ഞിൻ കണമായ്
പ്രക്ഷുബ്ധമാം മനസ്സിൻറെ ഭാവങ്ങൾ പോൽ,
രക്തദാഹിയാം നയനങ്ങൾ പോൽ,
ആഴിതൻ ഭീകരമാം അലകൾ ഇവളുടെ
ഓലക്കൂരയും ഇടിച്ചു വീഴ്ത്തി പിന്നെ
എല്ലാം അവൾക്കൊരു സ്മൃതി മാത്രമായ്
ഭ്രാന്തിയെ പോലവൾ ഏന്തിക്കരഞ്ഞു.
കണ്ണുനീരിൽ നേർത്ത നനവുമായ്
ഒരു സാന്ത്വനത്തിനായവൾ കൊതിച്ചു.
അകലങ്ങളെ ആഞ്ഞു പുൽകീടാനെന്നോണം
ആകാശത്തിൽ നീലിമയിലേക്ക് നോക്കീടവേ…
ശാന്തമായ് തീർന്ന കടലമ്മയുമവളുടെ
കാലിൽ ഇക്കിളി കോരിയിട്ടു
എന്തിനായ് ഇനിയും ഈ ക്രൂരവിധി
യെന്നോടന്നവൾ ആരാഞ്ഞു തേങ്ങി
വിധിമാത്രമെന്നുത്തരം! ഒരുപാട്
നൊമ്പരങ്ങൾ ബാക്കി നിൽക്കുമ്പോഴും.
സ്വരു റോയ് ജോൺ
0
Your reaction
Share this post on social media