തുടുത്തൊരാ പൂങ്കവിള് വിടര്‍ന്നൊരാ കേശവും
അടര്‍ന്ന ഇതള്‍ പോലെ അധരം മനോഹരം
വിടര്‍ന്ന നേത്രങ്ങളും നീണ്ട കണ്‍പീലിയും
കിടിലം കൊള്ളിച്ചെന്റെ മനസ്സില്‍ നിസ്സംശയം.
മുത്തിട്ട കണ്കോണും കുറിയും പൊന്നാടയും
ന്യത്തം വയ്ക്കുന്നൊരാ പൂമേനിയും
മുത്തു പൊഴിയും പോല്‍ പുഞ്ചിരി ആരെയും
മത്തു പിടിപ്പിക്കും രൂപഭംങ്ങി
മന്ദം മന്ദമെന്റെ അരികില്‍ വന്നവള്‍
മന്ദസ്മിതത്തോടെ ചോദിച്ചു ‘പേരെന്താണു’
മന്ദിച്ചു മാനസം, വിറച്ചെന് ഉടലാകെ
മന്ദമാരുതന് വന്നു വിളിച്ചു, ഉണര്‍ന്നു ഞാന്‍.
നാമം പറഞ്ഞു ഞാന്‍ ചിരിച്ചു അര ക്ഷണം
എന്‍ മനം അരുള്‍ ചെയ്തു നാമം ചോദിക്കുവാന്‍
മാമാങ്കമാണെന്റെ ഉള്ളിലപ്പോള്‍ പോലും
‘നാമം പറഞ്ഞിടൂ’ എന്നു ഞാന്‍ പറഞ്ഞു പോയ്.
അവള് തന് ചൊടിയില്‍ നിന്നടര്‍ന്നു മുത്തു പോല്‍
ഞാവല്‍ പഴം പോലെ അക്ഷരക്കൂട്ടങ്ങള്‍
മഞ്ജുഭാഷിണിയായ് മൊഴിഞ്ഞു അവളപ്പോള്‍
‘മഞ്ജു’വെന്നാണെന് പേര് മുന്‍പെങ്ങാന്‍ കണ്ടിട്ടുണ്ടോ?
മനസ്സുകള്‍ കൈമാറി സ്വപ്നങ്ങള്‍ നെയ്തു ഞങ്ങള്‍
മാനത്തേ മേഘം പോല്‍ പാറിയെങ്ങും
മനമങ്ങു ചാഞ്ചാടും മയിലുപോല്‍ ആയെല്ലാ
കനവിലും കല്യാണം മാത്രമായി.
കുറിമാനം ഒരുപാടായ് കഥയും പ്രചാരമായ്
അറിഞ്ഞു അവടച്ചന് ഭൂകംബമായ്
കരഞ്ഞു പറഞ്ഞവള്‍ അതു കൂട്ടാക്കാതന്നു
കറവപ്പശുവേപ്പോല് കെട്ടിയിട്ടു
ഒരു കൊച്ചു മോഹത്തിന് വാടാത്ത മൊട്ടുകള്‍
കരകാണാ തീരം പോല്‍ നീറി നില്‍ക്കേ
കരിവണ്ടു നിവസിച്ച താമര മലര് പോലെ
കരയുന്നു മൂകമായ് അന്തരംഗം
മഴമേഘമായവള്‍ വന്നു പോയ് എപ്പോഴോ
മഴയായ് , മലരായ് മാനസത്തില്‍
അഴകായ്, തളിരായ് ചെന്താമര പോലെ
പൊഴിഞ്ഞവള്‍ എങ്ങോ മറഞ്ഞു പോയി.
എന്തോ വീണു നെഞ്ചില്‍ പരതി ഞാന്‍ നോക്കിയപ്പോള്‍
മന്ദസ്മിതത്തോടെ മൂഷികന് പോയൊളിച്ചു
മന്ത്രിച്ചു മാനസം തുലാമാസ രാത്രിയില്‍
മണ്ടനാക്കും സ്വപ്നം ഏറെയുണ്ടറിയൂ നീ……….
അനീഷ് കുമാർ ടി ആർ
0
Your reaction
Share this post on social media