വേനൽ…
വെയിൽ തീ പറത്തി
ഇലകളെ തല്ലിക്കൊഴിച്ച്
പൂക്കളെ നിറംകെടുത്തി
മണ്ണു മണലാക്കി
കടലു കരയാക്കി.
മരങ്ങൾ…
വെയിലിന്റെ കൈയ്യെത്താ ദൂരത്ത്
വേരുകളെ ആഴ്ത്തി വച്ചു.
ഉണങ്ങിത്തെറിച്ച വിത്തുകളെ
കാറ്റിനു കൊടുത്തു.
കാറ്റ്…
മഴയുള്ള ആകാശങ്ങൾ തേടി,
ഋതുക്കൾ നൃത്തമാടുന്ന ഭൂപ്രദേശങ്ങൾ തേടി,
മരമൊളിപ്പിച്ച വിത്തുകളുമായ് പറന്നു.
മഴ…
നീരോടിയ നിലങ്ങളിൽ വിത്തുകൾ വിതച്ചു
ഒരു മരം പല മരങ്ങളായ്!
കടലു വീണ്ടും കടലായ്
കര കാടുമായ്!
വേനൽ
വെറും വേനലായ്!
സറീജ ശിവകുമാർ
0
Your reaction
Share this post on social media