എന്നത്തേയുംപോലെ അന്നും കലുഷിതമായ മനസ്സുമായാണ് ഞാൻ ബസ് കേറിയത്. ചുറ്റും നോക്കി, വല്ല്യാ തിരക്കൊന്നും ഇല്ല, ആവശ്യത്തിനു സീറ്റ് ഉണ്ടെന്ന് മനസ്സില് കരുതി. ടിക്കറ്റ് എടുത്ത് ഞാൻ ഏകദേശം നടുക്കുള്ള ഒരു സീറ്റിൽ പോയി ഇരുന്നു. ആ സീറ്റിന്റെ വിൻഡോ സൈഡിൽ ഇരിക്കുന്ന പ്രായം ചെന്ന മനുഷ്യനെ ശ്രദ്ധിക്കാൻ പോയില്ല. ഞാൻ ഹെഡ് ഫോണ് ചെവിയിൽ വെച്ച് പലവിധ ചിന്തകളില് മുഴുകി.
വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കുന്നതിനെക്കുറിച്ചു ചോദിച്ചു തുടങ്ങി. അതിനു മുന്പേ കുറേ പണികള് ഉണ്ട്. വീട് പുതുക്കി പണിയണം, കാർ മേടിക്കണം, കല്യാണ ചെലവ് അങ്ങനെ പോകുന്നു നീണ്ട ലിസ്റ്റ്… അപ്പോഴാണ് ആ കാര്യം ഓര്ത്തത്. ഈ മാസമാണ് അപ്പ്രൈസൽ. ഇത്തവണയും ചത്തു പണിയെടുത്തിട്ടുണ്ട്. ഒരു നല്ല അപ്പ്രൈസൽ തന്നെ പ്രതീക്ഷിക്കുന്നു. ദൈവമേ, ഇനി കഴിഞ്ഞ പ്രാവശ്യത്തപോലെ ഈ പ്രാവശ്യവും തേക്കുമോ ആവോ. കൂടെ പഠിച്ചവർ ഒക്കെ വല്യ MNCയില് നല്ല സാലറിയിൽ ജോലി ചെയ്യുന്നു. ഞാൻ മാത്രം ഇങ്ങനെ തേഞ്ഞൊട്ടിയിരിക്കുന്നു. എന്നാലും എന്നോട് ഈ എട്ടിന്റെ പണി വേണ്ടായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില് ചെന്നപ്പോള് അച്ഛന് പറഞ്ഞതേയുള്ളൂ. ദൈവത്തിനു നിന്നെ കുറിച്ചു ഒരു പ്ലാനും പദ്ധതിയും ഉണ്ടെന്നു. ആ പ്ലാനില് ഈ മാസത്തെ അപ്പ്രൈസൽ കൂടി ചേര്ക്കാന് രണ്ടു കൂട് മെഴുകുതിരി ഞാൻ കത്തിച്ചോളാമേ.
ഈ ലോകത്തില് പ്രകാശത്തേക്കാൾ വേഗത്തില് സഞ്ചരിക്കുന്നത് മനുഷ്യന്റെ മനസ്സ് മാത്രമേയുള്ളൂ എന്ന് പണ്ട് ഏതോ പാണ്ഡിതന് പറഞ്ഞു കേട്ടിട്ടുണ്ട്. അത് പോലെ എന്റെ മനസ്സും കെട്ടു വിട്ടു പോയ പട്ടം പോലെ പല വിധ ആകുലതകളുമായി അങ്ങനെ പാറി നടന്നു. അങ്ങനെ പോകുമ്പോഴാണ് അടുത്തു ഇരിക്കുന്ന മനുഷ്യന്റെ ഫോണ് കാൾ ഞാൻ ശ്രദ്ധിച്ചത് .
“കാശ് അല്ലല്ലോ എല്ലാം”
“ജോസേട്ടാ, എനിക്ക് നിങ്ങളെ അവസാനമായി ഒന്നു നേരിട്ട് കാണണം. ഡോക്ടർ പറഞ്ഞത് കാൻസറിന്റെ ലാസ്റ്റ് സ്റ്റേജ് ആണെന്നാന്ന് ”
അങ്ങേ തലയ്ക്കൽ നിന്ന് : “ഞാൻ എത്ര കാശ് വേണമെങ്കിലും ഇറക്കാം. നമുക്ക് വേറെ ഹോസ്പിറ്റലിൽ കാണിച്ചാലോ?”
“അതുകൊണ്ട് ഒന്നും ഒരു കാര്യം ഇല്ലടോ. എന്നെ കുറിച്ചും ദൈവത്തിനു ഒരു പ്ലാന് ഉണ്ടാകുമല്ലോ. അതുപോലെ അല്ലേ നടക്കു. പക്ഷേ ഈ ലോകത്ത് എന്റെ മോളുട്ടിയെ സ്നേഹിക്കാനും സംരക്ഷിക്കാനും ആരും ഉണ്ടാകില്ലല്ലോ എന്നോർത്ത് മാത്രമാണ് എനിക്ക് വിഷമം.” ഇതും പറഞ്ഞു അയാള് ഹൃദയം പൊട്ടുമാറ് പൊട്ടി കരഞ്ഞു. സിനിമയിൽ ഒക്കെ ആണുങ്ങൾ കരയുന്നത് കണ്ടിട്ടുണ്ടെങ്കിലും, തൊട്ടടുത്തിരുന്നു അച്ഛന്റെ പ്രായമുള്ള ഒരു നിസ്സഹായനായ മനുഷ്യന് കരയുന്നുത് കണ്ടപ്പോള് ഞാൻ തരിച്ചു നിന്ന് പോയി.
ഫോണ് കട്ട് ചെയ്തു കണ്ണുനീര് തുടക്കുന്ന ആ മനുഷ്യനോടു എന്തെങ്കിലും സംസാരിക്കണം എന്നു തോന്നി. പക്ഷേ തൊണ്ട വരണ്ടു വാക്കുകള് കിട്ടാതെ ഞാൻ അദ്ദേഹത്തെ നോക്കി. ഒന്നും മിണ്ടാതെ ഞങ്ങൾ 1-2 മിനിറ്റ് കൂടി യാത്ര തുടർന്നു.
അസ്വസ്ഥമായ മനസ്സിൽ പല ചിന്തകളും കടന്നുവന്നു. ദൈവമേ എന്റെ രണ്ടു കൂട് മെഴുകുതിരിക്ക് ഈ കണ്ണുനീരിന്റെ മുൻപിൽ എന്ത് വിലയാണുള്ളത് ? ഈ മനുഷ്യന്റെ വേദനകൾക്ക് മുന്പില് എന്റെ അകുലതകൾക്ക് എന്തു പ്രസക്തി? എന്റെ ആഗ്രഹങ്ങൾക്ക് എന്ത് അർത്ഥമാണുള്ളത് ?
എന്റെ സ്റ്റോപ് എത്തിയപ്പോള് ആ മനുഷ്യനെ ഒന്നു കൂടി നോക്കിയിട്ട് ഒന്നും മിണ്ടാതെ ഞാൻ ബസിൽ നിന്ന് ഇറങ്ങി. ടിക്കറ്റ് ചുരുട്ടി കൂട്ടി വലിച്ചെറിഞ്ഞു ഞാൻ മനസ്സിൽ പറഞ്ഞു
‘F**k the appraisal’
Your reaction
Share this post on social media