ഇന്നെലെ ഇഴച്ചേര്ന്നിമചേര്ന്ന് ,
ഇരതേടിവന്നവര് കുടിയേറ്റക്കാര്.
ഇന്നിവര് ഇരപാകിമുളപ്പിച്ച,
മതവൃക്ഷശിഖരങ്ങളില് ജാതിതൂക്കി.
മതക്കോലകെട്ടരങ്ങില് നിന്നോടിയകലുന്നവര്,
ഈ ഭൂഗോളച്ചെരുവിലൊരിറ്റു ശാന്തിതന് –
വെള്ളക്കീറുനോക്കിയലയുന്നവര് അഭയാര്ഥികള്.
തിരയാര്ത്തിയോടണഞ്ഞിട്ട മണലില്,
മുഖംചേര്ത്തടിഞ്ഞു പിടഞ്ഞീര്ന്ന ബാല്യത്തിനറിയുമോ,
മതശരങ്ങളും മതഭ്രാന്തിന്ശാലകളും.
കാവ് തീണ്ടി , പുഴയൂറ്റികുടിച്ച ഞാന്,
കത്തുന്ന പാടവുംമറികടന്നോടി,
അകലെ നില്ക്കുമാ കുന്നാര്ത്തിയോടുണ്ണാന്.
മണ്പുറ്റു പുണരുമീ വീടിനുമ്മറപ്പടിയില് ,
ഇറ്റുവീണ തുലാമഴ ജീര്ണിച്ചോഴുകിയീ-
കെട്ടിടപാടങ്ങള്ക്കിടയിലൂടെ.
മരവിച്ചീര്ന്നമനമൊന്നില് മരനീറിന് പുളിപ്പേറ്റു,
മതഭ്രാന്തനായി അലയുന്നു.
ഇനിയാ അന്യഗ്രഹത്തിലെക്കൊരു പലായനം,
അഭയാര്ഥിയായി…
വിപിൻ കുമാർ കെ പി
0
Your reaction
Share this post on social media