“അമ്മേ! ദേ ഇവള് സ്റ്റൗ പിടിച്ച് തിരിക്ക്ണൂ…”
മോൻ്റെ നിലവിളി കേട്ടാണ് ഞെട്ടിയുണർന്നത്. ഷാർജയിലെ ഫ്ളാറ്റിൻ്റെ ജനൽ വഴി അകത്തേക്ക് ഓടിക്കയറിയ സൂര്യ രശ്മികൾ എൻ്റെ കണ്ണിലേക്ക് തുളച്ചിറങ്ങി. ഞാൻ പെട്ടെന്ന് കണ്ണുകൾ ഇറുക്കിയടച്ചു.
ഇത്ര വൈകിയോ എഴുന്നേൽക്കാൻ? കുട്ടികൾ എപ്പോഴാണ് എഴുന്നേറ്റ് പോയത്? നിശാന്തും പോയോ?
“വയ്യെങ്കി നീ കിടന്നോ….. ഇപ്പോ എണീക്കണ്ട….” എന്ന് ഉറക്കപ്പിച്ചിനിടയിൽ ഒരു ശബ്ദം കേട്ടതോർമ്മയുണ്ട്. അത് ഇന്നു രാവിലെയായിരുന്നോ? അതോ ഇന്നലെയോ? പനിച്ചൂടിൽ ഇന്നോർമ്മകളും ഇന്നലെയോർമ്മകളും തമ്മിൽ കൂടിപ്പിണർന്നു കിടക്കുകയാണ്.
” റൂം പൂട്ടെടാ…” എന്ന് നിശാന്ത് പറഞ്ഞപ്പോൾ കമ്പിളിപ്പുതപ്പിനുളളിൽ നിന്ന് ധ്യാനു പിറുപിറുത്തു കൊണ്ട് എണീറ്റത് ഇപ്പോളോർക്കുന്നു.”അമ്മക്കു പൂട്ടിക്കൂടേ?” എന്നായിരുന്നിരിക്കും അവൻ പിറുപിറുത്തിട്ടുണ്ടാവുക. ഇത്തരം ജോലികളൊക്കെ ചെയ്യേണ്ടത് അമ്മയാണെന്ന അവൻ്റെ പുരുഷബോധത്തെ എത്ര ആട്ടിക്കളയാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ല.
ഫ്ളാറ്റിൽ എപ്പോഴും റൂം പൂട്ടേണ്ടത് അത്യാവശ്യമാണത്രേ. ഗ്യാസ് കൊണ്ടുവരുന്ന ആളും വെള്ളം കൊണ്ടുവരാറുള്ള കഫ്ടീരിയയിലെ ജോലിക്കാരനും അല്ലാതെ ആരാണിങ്ങോട്ടു വരാൻ? അവരാണെങ്കിൽ വിളിച്ചു പറഞ്ഞാലേ വരാറുമുള്ളൂ. പക്ഷേ ഫ്ളാറ്റിൽ എപ്പോഴും മുറി അടഞ്ഞുതന്നെ കിടക്കണം. എല്ലാ റൂമുകാരും ആ അലിഖിത നിയമം കർശനമായി പാലിക്കാറുമുണ്ട്.
കുട്ടിക്കാലത്തൊന്നും ഒരൊറ്റ വീടും അടഞ്ഞുകിടക്കുന്നതായി കണ്ടിട്ടില്ല. വീട്ടിൽ ആളില്ലാത്തപ്പോൾ മാത്രമേ മുൻവശത്തെ കതകടക്കൂ.തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തേക്കോടിക്കയറാൻ ഒരു കള്ളനും എവിടെയും പാത്തു നിന്നിരുന്നുമില്ല. ആളുകൾ എന്നാണിങ്ങനെ അജ്ഞാതഭയങ്ങളുടെ തടവുകാരായിത്തീർന്നത്? അടക്കാൻ വേണ്ടി മാത്രമുള്ള കതകുകളായതുകൊണ്ടാവണം ഇപ്പോൾ എല്ലാവരും മനോഹരമായ കതകുകൾക്ക് ലക്ഷങ്ങൾ ചെലവിടുന്നത്. എല്ലാ കതകും അടക്കട്ടെ.നിധികളെല്ലാം അകത്ത് ഭദ്രമായിരിക്കട്ടെ!ഹൃദയത്തിൻ്റെ വാതിൽ ആരും കൊട്ടിയടക്കാതിരുന്നാൽ മതിയായിരുന്നു.
ഇത്ര ഉറക്കെ വെച്ചിട്ടും ടി.വീടെ ശബ്ദം കേൾക്കാത്ത വിധം ഗാഢനിദ്രയിലായിരുന്നോ ഞാൻ?
രാത്രി എന്തു തണുപ്പായിരുന്നു!പനിയുള്ളതുകൊണ്ടാവും ശരീരം കുളിർന്നു വിറച്ചു.ഏ.സി.ഓഫാക്കാൻ ഉറക്കെ പറഞ്ഞത് ആരും കേട്ടില്ലേ? കേട്ടാലും ഈ മഹാനഗരത്തിലെ കടുത്തചൂട് മൂലം അതനുസരിക്കാൻ ആർക്കും തോന്നിക്കാണില്ല.”ഇക്കുഷ്ണിക്കും” എന്ന ധ്യാനുവിൻ്റെ പതിവ് വാശിയെ മറികടക്കാനുളള ആരോഗ്യവും ശരീരത്തിനും മനസ്സിനും ഇല്ലായിരുന്നു.
* * * *
ആര്യക്കുട്ടി ധ്യാനുവിൻ്റെ ആക്രോശം കേട്ട് അടുക്കളയിൽ നിന്ന് പാഞ്ഞ് പുറത്തേക്കോടി നിഷ്കളങ്കാഭിനയം കാഴ്ചവെച്ച് നിൽക്കുകയാണ്.
“ആരാ സ്റ്റൗവിൽ കളിച്ചേ?”
എൻ്റെ ചോദ്യത്തിൽ പരമാവധി ഗാംഭീര്യം കലർത്താൻ ശ്രമിച്ചെങ്കിലും പനി അതിനെ ഒരു നനഞ്ഞ പൂച്ചക്കുഞ്ഞിനെപ്പോലെ ദുർബലമാക്കിക്കളഞ്ഞു.
സിലിണ്ടർ രാത്രി ഓഫാക്കിയിട്ടുണ്ട്. ആ ധൈര്യത്തിൽ ഞാനാ കിടക്കയിൽത്തന്നെ കിടന്നു.
” അമ്മക്ക് വയ്യായിണ്ടാ?”
ആര്യക്കുട്ടി പതിവിനു വിരുദ്ധമായുള്ള എൻ്റെ കിടപ്പുകണ്ട് ചോദിച്ചു. വഴക്കിൽ നിന്നും അതിവിദഗ്ധമായി രക്ഷപ്പെടാനുള്ള വഴി മൂന്ന് വയസ്സുകാരി പഠിച്ചു വെച്ചിട്ടുണ്ട്.നാട്ടിൽ നിന്ന് ഷാർജയിലേക്കുള്ള യാത്രയിൽ വിമാനത്തിൽ വെച്ച് എന്നെ സംഘർഷമുനയിലാഴ്ത്തിയവളാണ് വിനീതവിധേയയായി മുന്നിൽ നിൽക്കുന്നത്!
പനിയുടെ തുടക്കം ആ യാത്രയിലായിരുന്നു. രാത്രിവിമാനത്തിലെ ഏ.സിത്തണുപ്പ് സഹിക്കാനാവാതെ ലോലമായ മഞ്ഞച്ചുരിദാറിനുള്ളിൽ ഞാൻ ചൂളി ച്ചുരുങ്ങിയിരുന്നപ്പോൾ ഒരു പുതപ്പ് കിട്ടണമെന്ന് തോന്നി. ചുരിദാറിൻ്റെ ഷാളെടുത്ത് തലവഴി മൂടി ചുരുണ്ടിരുന്ന് ഉറങ്ങാൻ ശ്രമിച്ചപ്പോൾ ആര്യക്കുട്ടി അപകർഷതാബോധത്തോടെ സ്വന്തം ശരീരം ആകമാനമൊന്ന് വീക്ഷിച്ചു.മാറിടം മറക്കാതെയുള്ള ആ ഇരിപ്പ് അവളിലെ പെണ്ണിനെ ലജ്ജിപ്പിച്ചു.
“ഇക്കും വേണം ഷോള് !” അവൾ അവകാശ പ്രഖ്യാപനം നടത്തി. സ്വെറ്ററും ഫുൾകയ്യുടുപ്പും സോക്സും ഷൂവുമൊക്കെയിട്ട് ശരീരത്തിലേക്ക് ഒരു തരി തണുപ്പിനെപ്പോലും പ്രവേശിപ്പിക്കാതിരിക്കുന്നവൾക്കാണ് ഷാള്! ഞാൻ കേൾക്കാത്ത ഭാവത്തിൽ കണ്ണടച്ചു.
“ഇക്ക് താ അമ്മേടെ ഷോള് ” പറയുക മാത്രമല്ല ഷാളിൻ്റെ ഒരറ്റത്ത് പിടിമുറുക്കുക കൂടി ചെയ്തിരിക്കുകയാണ്. സീറ്റ് ബെൽറ്റ് പൊട്ടിപ്പോകുമോന്ന് തോന്നുമാറ് വലതു വശത്തേക്ക് ആഞ്ഞുവലിക്കുകയാണ്. വിട്ടുകൊടുത്തില്ലെങ്കിൽ ഷാള് കീറിപ്പോകുമെന്നുറപ്പായപ്പോൾ പനിക്കുളിരിൽ നിന്നും എന്നെ രക്ഷിച്ചു നിർത്തിയ ഏകാശ്രയം ദയനീയമായി ഞാൻ വിട്ടു കൊടുത്തു. എൻ്റെയുള്ളിലെ അമർഷം കോപനൂലുകളായി അവളിലേക്കു പാഞ്ഞു.അവളത് പുല്ലുപോലെ അവഗണിച്ച് അടുത്ത യുദ്ധത്തിനുളള പടക്കോപ്പുകൾ നിരത്തി.
” ഇക്ക് പേന വേണം”
തൂലിക പടവാളാക്കാനുള്ള പുറപ്പാടാണ്. എന്തേലുമാവട്ടെ. അൽപ്പനേരം സ്വൈരം കിട്ടുമല്ലോ.. ഞാൻ ബാഗിൽ നിന്നും ഒരു പേനയെടുത്ത് നീട്ടി.
” ബുക്കും!”
ബാഗിൽ സ്ഥിരമായി സൂക്ഷിക്കാറുള്ള കുഞ്ഞു ലെറ്റർപാഡ് മനസ്സില്ലാമനസ്സോടെ ഞാനവൾക്കു കൊടുത്തു.
” ഇതല്ല വേണ്ടേ….. വേറെയാ-… ”
അവളത് വാങ്ങാൻ കൂട്ടാക്കിയില്ല.
” വേറെയോ?”
“ആ……. വേറെ……അതില്ണ്ട്…… അമ്മേടെ ബാഗില് ”
“ഇല്ല മോളേ…… നോക്ക്യേ….” ഞാൻ സത്യസന്ധത വെളിപ്പെടുത്താൻ ബാഗിൻ്റെ ഉൾവശം കാട്ടിക്കൊടുത്തു.
“ദാ….. ഇൻ്റെ ഫോട്ടള്ള ബുക്കാ വേണ്ടേ”
അവൾ ആഹ്ലാദത്തോടെ ബാഗിൽ കൈയിട്ടു.
അമ്പടീ! പാസ്പോർട്ടാണ് ഉന്നം വെച്ചിരിക്കുന്നത്. ഞാൻ ഭയന്ന് അവളുടെ കൈയെടുത്ത് മാറ്റി വേഗം ബാഗടച്ചു.
” ഇക്കദ് വേണം…… താ…”
അവൾ ഷാളൊക്കെ താഴെയിട്ട് ബാഗിൽ പിടിമുറുക്കി.
“അതെടുക്കാൻ പാടില്ല……. എടുത്താ അച്ഛൻ്റടുത്ത് പൂവാൻ പറ്റില്ലാ..എത്തീട്ട് തരാ……”
ഞാൻ പരമാവധി ആത്മനിയന്ത്രണം പാലിച്ച് പറഞ്ഞു. ആ ഓഫർ സ്വീകാര്യമായിട്ടെന്നോണം അവൾ സീറ്റിലേക്ക് ചാരിയിരുന്നു. പെട്ടെന്ന് ബുദ്ധന് ബോധോദയമുണ്ടായപോലെ ഏന്തി വലിഞ്ഞ് ധ്യാനുവിനെ നോക്കി.
“ഇക്കവിടെ ഇരിക്കണം”
സൈഡ് സീറ്റ് ചൂണ്ടി അവൾ പറഞ്ഞു.
അടുത്ത ആക്രമണം ധ്യാനിനു നേരെയാണ്. സൈഡ് സീറ്റ് പിടിച്ച് സംതൃപ്തനായി ലാൻഡിംഗ് കാഴ്ചകൾ പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ധ്യാനു. താൻ പ്രതിസന്ധി ഘട്ടത്തിലാണെന്നു തിരിച്ചറിഞ്ഞയുടനെ സർവശക്തിയുമെടുത്ത് അവൻ പ്രതിരോധിച്ചു.
” ഇല്യാടീ….”
ആ അമർഷച്ചീറൽ അൽപ്പം ഉച്ചത്തിലായിരുന്നു. മുന്നിൽ ചാരിക്കിടന്ന് രാത്രിയാത്രയുടെ ആലസ്യത്തിൽ സുഖമായുറങ്ങുന്ന മധ്യവയസ്കൻ സീറ്റിനിടയിലൂടെ പുറകിലേക്ക് നീരസത്തോടെ തിരിഞ്ഞു നോക്കി. ആ പുരികമുനകൾ എന്നെ പരിഭ്രമിപ്പിച്ചു.
“ആ മാമൻ തല്ലുട്ടാ…. മിണ്ടാണ്ടിരുന്നോ”
ഞാൻ ആര്യക്കുട്ടിയുടെ കാതിൽ പതുക്കെ പറഞ്ഞു.
അപ്രതീക്ഷിതമായി ഒരു ശത്രുവിനെ മുന്നിൽ കണ്ടപ്പോൾ മോളൽപ്പം പതറി.ശബ്ദം നിലച്ചു. ആ മൗനം എന്നെപ്പോലും അത്ഭുതപ്പെടുത്തി. ധ്യാനു ആത്മനിർവൃതിയോടെ സീറ്റിലേക്ക് ചാഞ്ഞു.
ആ നിശ്ശബ്ദത ഒരു കൊടുങ്കാറ്റിനു മുന്നോടിയാണെന്ന് മനസ്സിലാവാൻ അധികം സമയം വേണ്ടി വന്നില്ല.
” ഈ മാമൻ ഇൻ്റെ വിമാനത്തിലിരിക്കണ്ടാ…. ”
എയർഹോസ്റ്റസ് പുതിയ മേലധികാരിയെ ബഹുമാനത്തോടെ നോക്കി. കുടിയിറക്കൽ ഭീഷണി നേരിട്ട മധ്യവയസ്കൻ പുറകിലോട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പണിപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു. ആ ചിരി അത്രമേൽ വികൃതമാണെന്ന് അറിഞ്ഞു കൊണ്ടു തന്നെ.
മോൾ മുന്നിലെ സീറ്റിൽ ചവിട്ടാനാരംഭിച്ചു കഴിഞ്ഞിരുന്നു. ഏതുവിധേനയും ശത്രുവിനെ തുരത്തണമെന്ന പെൺവീര്യം കണ്ട് അപ്പുറത്തെ സൈഡിലിരിക്കുന്ന യുവാക്കൾ കുലുങ്ങിച്ചിരിക്കുന്നുണ്ട്.ഞാൻ സംയമനം പാലിച്ചു.
സീറ്റിൽ ചവിട്ടിക്കൊണ്ടിരുന്ന ഇരുകാലുകളും ബലമായി അടക്കിപ്പിടിച്ചു കൊണ്ട് ഞാൻ മോളോടു പറഞ്ഞു.
” അനങ്ങാണ്ടിരി മോളേ… ദേ ചേട്ടൻ്റെ സീറ്റ് തരാം.”
ആ അപ്രതീക്ഷിത വാഗ്ദാനം അവളുടെ വിസ്മൃതമോഹങ്ങളെ വീണ്ടും ജ്വലിപ്പിച്ചു. ധ്യാനു വീണ്ടും പ്രതിസന്ധിയിലകപ്പെട്ടു.
“അമ്മേടെ പൊന്നുമോനല്ലേ…. ” ഞാൻ വാചകം പൂർത്തിയാക്കാതെ യാചിച്ചു. എൻ്റെ ദയനീയമായ മുഖം കണ്ടാവണം അവനെഴുന്നേറ്റ് ഇപ്പുറത്തേക്ക് വന്നു. ഞാൻ ആര്യക്കുട്ടിയുടെ സീറ്റ് ബെൽറ്റൂരാൻ നോക്കിയപ്പോഴേക്കും അവൾ തടഞ്ഞു.
” വേണ്ടാ.. ഇബടിരുന്നാ മതി!”
അത്ര പെട്ടെന്നുള്ള ആ ഒത്തുതീർപ്പ് അവളുടെ വീര്യം തണുപ്പിച്ചു കളഞ്ഞു .
“എന്താ വേണ്ടാത്തേ?” ‘കല്യാണരാമൻ’ സിനിമയിലെ ചോറുവിളമ്പൽ രംഗത്തിലെ ഇന്നസെൻ്റിനെപ്പോലെ ധ്യാനു വിറളി പൂണ്ടു.
“മോനവിടെപ്പോയിരുന്നോ ” ഞാൻ ധ്യാനുവിൻ്റെ കൈ പിടിച്ച് ഇപ്പുറത്തിരുത്തി. പോരുകോഴികളെപ്പോലെ രണ്ടാളും പരസ്പരം നോക്കി.എൻ്റെ എല്ലാ ദേഷ്യവുമടക്കി വെച്ച് മൗനം കൊണ്ടു മാത്രം നേടാൻ കഴിയുന്ന ചില വിജയങ്ങൾ പ്രതീക്ഷിച്ച് ഞാൻ സീറ്റിലേക്ക് തല ചായ്ച്ചു. ഏറ്റുമുട്ടാൻ ശത്രുക്കളില്ലാതായപ്പോൾ ആര്യക്കുട്ടി പതുക്കെപ്പതുക്കെ ശാന്തയായി.ഉറങ്ങാനായി എൻ്റെ ചുമലിലേക്ക് തല ചായ്ച്ചു.
* * * *
ഓർത്തു കിടക്കാൻ നേരമില്ല. നേരം വൈകി. കുട്ടികൾ ഒന്നും കഴിച്ചിട്ടില്ല. പോഗോ ചാനലിൽ വിശപ്പും ദാഹവുമർപ്പിച്ച് രണ്ടാളും ശാന്തരായി സെറ്റിയിലിരിക്കുകയാണ്… ചാനലിലെ വൃത്തികെട്ട കുറേ ശബ്ദങ്ങൾ എനിക്ക് വെറുപ്പുണ്ടാക്കി… ശബ്ദം കുറക്കാനായി ഞാൻ റിമോട്ട് തിരഞ്ഞു..എൻ്റെ പരതൽ ധ്യാനുവിനെ ജാഗരൂകനാക്കി.
” അമ്മ റിമോട്ടല്ലേ നോക്കണേ… ഞാൻ തരില്ലാട്ടാ..”
” ശബ്ദം കുറച്ചേ…”
എൻ്റെ ശബ്ദം എന്തേ ഉയരാത്തത്? നാവു കുഴയുന്നുണ്ടോ? ധ്യാനുവിനാണെങ്കിൽ കേട്ട ഭാവമില്ല.ഞാൻ പരമാവധി ഊർജ്ജം സംഭരിച്ച് ഉറക്കെ പറഞ്ഞു.
” ശബ്ദം കുറക്കാനാ പറഞ്ഞത്…”
” ശബ്ദം കുറക്കാനാ പറഞ്ഞത്…”
ങ്ങേ ! അതേ വാക്കുകൾ! ആരാണിങ്ങനെ വികൃതമായി എൻ്റെ വാക്കുകൾ ആവർത്തിക്കുന്നത്? ധ്യാനുവും ആര്യക്കുട്ടിയും പൊട്ടിച്ചിരിക്കുകയാണ്.
ആര്യക്കുട്ടിയുടെ കയ്യിലുള്ള ആ നശിച്ച പാവക്കുട്ടിയെ കണ്ടപ്പോൾ എൻ്റെ കോപമിരട്ടിച്ചു.
ടോക്കിംഗ് ടോം !
വൃത്തികെട്ട പൂച്ച! അതുണ്ടാക്കിയത് ഏത് മരഭൂതമാണാവോ? നമ്മൾ പറഞ്ഞത് അതേപടി ആവർത്തിക്കും. ഇതുപോലുള്ള കളിപ്പാട്ടങ്ങൾ നിരോധിക്കേണ്ടതാണ്. സന്ദർഭത്തിൻ്റെ എല്ലാ ഗൗരവവും ചോർത്തിക്കളഞ്ഞ ആ പൂച്ചയെ ഞാൻ ശത്രുവിനെപ്പോലെ നോക്കി. എന്തു പറഞ്ഞാലും ഇനിയുമത് ആവർത്തിക്കുമെന്ന ഓർമ്മ എന്നെ നിശ്ശബ്ദയാവാൻ പ്രേരിപ്പിച്ചു.
* * * *
“അമ്മേ…… അമ്മക്കിവിടെ ജോലി കിട്ടില്ലേ?”
ധ്യാനുവിൻ്റെ അന്വേഷണം. എല്ലാ വെക്കേഷന് വരുമ്പോഴും ഈ ചോദ്യം പതിവുള്ളതാണ്. ഇവിടമാണ് അവൻ്റെ സ്വർഗ്ഗം.ഈ മഹാനഗരത്തിലെ ഒഴിവുകാല ആഹ്ലാദത്തിമിർപ്പുകളാണ് ജീവിതമെന്നാണ് അവൻ്റെ ധാരണ. കൈക്കുഞ്ഞായിരുന്നപ്പോൾ ജനൽ വഴി ഒരിക്കൽ ആകാശത്തിൻ്റെ ഒരു കുഞ്ഞു കഷണം കണ്ട് അത്ഭുതസ്തബ്ധനായി നിന്ന മോൻ്റെ ചിത്രം ഓർമ്മയിൽ തെളിഞ്ഞു. ആകാശം കാണാതെയും ഭൂമി തൊടാതെയുമായിരുന്നു അന്നൊക്കെ ജീവിതം.സ്നേഹമൊക്കെ ഒഴിവുസമയവിനോദമായിരുന്നു. ഒരു ദിവസം രാത്രി ടി.വി.കാണുന്നതിനിടെ ഞാൻ പൊട്ടിക്കരഞ്ഞു. അടുത്തിരുന്ന നിശാന്ത് അമ്പരപ്പോടെ എന്നെ ചേർത്തു പിടിച്ചു.
“എന്താ പറ്റീത്?”
” എനിക്ക് നാട്ടീപ്പോണം”
ഞാനൊരു കുട്ടിയെപ്പോലെ വിതുമ്പി.
ഈ മഹാനഗരമുപേക്ഷിച്ച് നാട്ടിലേക്ക് പോകുമ്പോൾ എയർപോർട്ടിൽ വെച്ച് ഞാൻ കുറ്റബോധത്തോടെ നിശാന്തിൻ്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു കണ്ണിൽ ചേർത്ത രംഗം ഇപ്പോഴും ഓർമ്മയുണ്ട്.
” എന്നോടു ക്ഷമിക്കണം…..”
നിശാന്തിൻ്റെ കണ്ണുകളും നിറഞ്ഞു.
“സാരമില്ല….. ”
ഭാര്യയും കുഞ്ഞുമൊത്തുള്ള ജീവിതമാണ് ഞാൻ നിഷേധിക്കുന്നത്. ഒന്നിച്ച് ജോലി ചെയ്തിരുന്നതാണ്. ഭർത്താവിനെ വിട്ട്….. ജോലി വിട്ട്….. ഒന്നിച്ചുള്ള ജീവിതം വിട്ട് നാട്ടിലേക്ക് പോകുന്നതിനെ വിഡ്ഢിത്തമായി അന്ന് പലരും കുറ്റപ്പെടുത്തി. ലോകത്ത് വിഡ്ഢികൾ മാത്രം അനുഭവിക്കുന്ന ഒരു സ്വാസ്ഥ്യമുണ്ട്.അതിബുദ്ധിമതിയുടെ അസ്വസ്ഥതകളേക്കാൾ എനിക്കിഷ്ടം വിഡ്ഢിയുടെ ആ സ്വാസ്ഥ്യം തന്നെയായിരുന്നു.
****
ഓർത്തു കിടക്കാൻ നേരമില്ല. എഴുന്നേറ്റേ പറ്റൂ..എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാലിന്നാകെ മരവിപ്പ് പോലെ… എനിക്ക് വീണ്ടും ആ കിടക്കയിലേക്ക് മറിഞ്ഞു വീഴാൻ തോന്നി. ഒരു പുതപ്പിനുള്ളിൽ ചുരുണ്ടു കിടക്കാനും …
നാട്ടിലായിരുന്നെങ്കിൽ…
“വല്ലതും കഴിച്ചിട്ട് കിടന്നൂടേ ” എന്ന സ്നേഹാധികാരശകാരവുമായി അമ്മ ഇടക്കിടെ അരികെയെത്തുമായിരുന്നു…
കുട്ടിക്കാലപ്പനികളിലൊക്കെ അമ്മയായിരുന്നു പനിപ്പുതപ്പ്… ആ പുതപ്പിനുള്ളിലേക്ക് ഇറങ്ങിച്ചെല്ലാൻ ഇനി കഴിയുമോ.? അമ്മയായിക്കഴിഞ്ഞാൽ ഒരു പെണ്ണിനും ഒരു പനിപ്പുതപ്പിലും സ്വസ്ഥമായുറങ്ങാൻ കഴിയില്ല.മക്കളോർമ്മകൾ എല്ലാ പനിച്ചുരുളലുകളിൽ നിന്നും നമ്മെ കുത്തിയെഴുന്നേൽപ്പിച്ചു കളയും.അമ്മപ്പുതപ്പ് നഷ്ടപ്പെട്ടതിനെക്കുറിച്ച് കൽപ്പറ്റ നാരായണൻ എഴുതിയ കവിത ഓർമ്മ വന്നു. ഇന്നലെ ആരോ അയച്ചു തന്നതാണ്.
“അമ്മ മരിച്ചപ്പോൾ ആശ്വാസമായി…!
ഇനിയെനിക്ക് അത്താഴപ്പഷ്ണി കിടക്കാം…
ആരും സ്വൈരം കെടുത്തില്ല!
ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ തലതുവർത്തണ്ട…..
ആരും ഇഴ വിടർത്തി നോക്കില്ല.
ഇനിയെനിക്ക് കിണറിൻ്റെ ആൾമറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം …..!
പാഞ്ഞെത്തുന്ന ഒരു നിലവിളി എന്നെ ഞെട്ടിയുണർത്തില്ല..
………..
ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം….
ഞാൻ എത്തിയാൽ മാത്രം കെടുന്ന
വിളക്കുള്ള വീട് ഇന്നലെ കെട്ടു!”
എന്തുകൊണ്ടോ എനിക്ക് കരച്ചിൽ വന്നു. മാതൃത്വം ഏറെ ആദർശവത്കരിക്കപ്പെട്ട ഒരു സങ്കൽപ്പം മാത്രമാണെന്ന് ഇടക്കിടെ ആവർത്തിക്കാറുള്ള ഞാനും ആ സങ്കൽപ്പത്തിൻ്റെ തടവറയ്ക്കുള്ളിൽത്തന്നെയാണ്.അമ്മമാരുണ്ടെങ്കിലേ നമുക്ക് സ്വസ്ഥമായ പനിക്കാലങ്ങളുള്ളൂ. അമ്മക്കു മാത്രമേ മാറോടു ചേർത്തടക്കിപ്പിടിച്ച് നമ്മുടെ പനിച്ചൂടിനെ ഒപ്പിയെടുക്കാനാവൂ….
“ഒരായിരം പനിക്കാലങ്ങൾ എനിക്കു നിന്നോടൊത്തു പനിച്ചു കിടക്കണം… ഒരൊറ്റപ്പുതപ്പിനുള്ളിൽ!” എന്നെഴുതിയ പഴയ ആശംസാ കാർഡ് ഓർമ്മയിൽ ചുരുൾ നിവർന്നു. നാലാക്കി മടക്കി ഭദ്രമായി ഹൃദയത്തിൽ സൂക്ഷിച്ചാലും ഓർമ്മത്താളുകൾ ഇടക്കിടെ മടക്കുകൾ സ്വയം നിവർത്തി നിവർന്നു മുന്നിൽ നിൽക്കും. ഒറ്റപ്പുതപ്പിനുളളിൽ ചേർന്ന് കിടക്കുന്ന പനിക്കാലം സ്വപ്നം കണ്ടിരുന്ന ആളാണ് “അമ്മേടടുത്ത്ന്ന് നീങ്ങിക്കിടന്നോ…. പനി പകരണ്ടാ…. ” ന്നും പറഞ്ഞ് ഇന്നലെ രാത്രി എൻ്റെ പനിച്ചൂടിൽ നിന്നും മക്കളെയും കൂട്ടി ഓടിയൊളിച്ചത്. എനിക്ക് ചിരി വന്നു.ജീവിതത്തിൽ പ്രാക്റ്റിക്കൽ ഇടനാഴികളിലെവിടെയോ വെച്ച് പ്രണയം ചിലപ്പോൾ കളഞ്ഞു പോകും…. അല്ലേ? ഭൂതകാലം വല്ലാതെ പിടിമുറുക്കുമ്പോൾ ഞാൻ മിഥുനത്തിലെ ഉർവ്വശിയാകും. പഴയ ഓർമ്മകൾ തട്ടിക്കുടയുമ്പോൾ നിശാന്ത് ചോദിക്കും.
“എൻ്റെ ഭൂതകാലക്കുളിരേ……നീയെന്നാണ് ഓർമ്മകളിൽ നിന്നൊന്ന് രക്ഷപ്പെട്ട് പ്രാക്റ്റിക്കലാകുന്നത്?”
മെമ്മറീസ് ആർ ഡെയ്ഞ്ചറസ്!
ഏതോ സിനിമയിലെ വാചകം.
ഓർമ്മകൾ ഇത്ര അപകടകാരികളാണോ? എന്തിനാണ് അവയെ ആട്ടിയോടിക്കുന്നത്? എല്ലാം മാറ്റിവെച്ച് പ്രാക്റ്റിക്കലായി ജീവിക്കണമത്രേ!
മാറ്റിവെക്കേണ്ടുന്ന കൂട്ടത്തിൽ ഹൃദയവും പെടുമോ?പെടാതിരുന്നാൽ മതിയായിരുന്നു. ഇടയ്ക്കു മിടിക്കാൻ മാത്രമല്ല; ഇടയ്ക്കൊന്നു സ്തംഭിക്കാനും ഒരു ഹൃദയമെങ്കിലും ബാക്കി വേണ്ടേ?
പനിച്ചൂടിൽ എൻ്റെ തല പെരുത്തു കയറി. എനിക്ക് ദേഷ്യം വരുന്നുണ്ട്. അകാരണമായി….
ഒന്നു പനിച്ചു കിടക്കാൻ പറ്റില്ലേ എനിക്ക്?
“അമ്മേ…. ഇന്ന് പുട്ട് മതീട്ടാ… ” മോനാണ്.
“ഇക്ക് ദോശ മതി!”മോൾടെ പ്രഖ്യാപനം.
എനിക്ക് വേണ്ടത് അൽപ്പം കഞ്ഞിയാണ്. അതാരു തരും? എനിക്ക് പിന്നെയും പിന്നെയും ദേഷ്യം വന്നു.
ജനൽ വഴി ഞാൻ താഴോട്ടു നോക്കി…. തിരക്കിട്ട് പാഞ്ഞു പോകുന്ന മനുഷ്യർ…. കാറുകൾ… ബസ്സുകൾ….. എല്ലാവരും തിരക്കിലാണ്. ഈ മഹാനഗരത്തിൽ എല്ലാവർക്കും എപ്പോഴും തിരക്കുതന്നെ!
അമ്മമണം വീണ്ടും ഉള്ളിൽ നിറയുകയാണ്.കഞ്ഞിപ്പശസാരിയ നക്കം കേൾക്കുന്നുണ്ടോ? ഉണ്ട്…… അമ്മ തൊട്ടടുത്തുണ്ട്.
എയർപോർട്ടിലെത്തിയപ്പോഴാണ് അമ്മ വിളിച്ചത്.
“പിള്ളേരുപോയപ്പോൾ വീടൊഴിഞ്ഞ പോലെ… ”
അമ്മ പതുക്കെ പറഞ്ഞു. വീട്ടിൽ അച്ഛനും അമ്മയും ഇപ്പോൾ തനിച്ചായിരിക്കും. നിശ്ശബ്ദത അച്ഛനേയും അമ്മയേയും ശ്വാസം മുട്ടിക്കുന്നുണ്ടാകും.
“ഞങ്ങളുള്ളപ്പോ സ്വൈരം കിട്ടില്യാന്നല്ലേ പറയാറ് … ഇപ്പോ സമാധാനായില്ലേ?”
ഞാൻ സന്ദർഭത്തിൻ്റെ അസാമാന്യഘനം കുറയ്ക്കാൻ പറഞ്ഞതാണ്. ഫോണിനപ്പുറത്ത് മൗനം ചിലന്തിവല കെട്ടാൻ തുടങ്ങിയപ്പോൾ എനിക്കു മനസ്സിലായി…. അമ്മ കരയുകയാവണം.
“പത്തിരുപത് ദിവസല്ലേമ്മേ …. പെട്ടെന്ന് പൊക്കോളും….”
ഞാനമ്മയെ ആശ്വസിപ്പിച്ചു.
” ആ ” അമ്മ മൂളി…
“എത്തീട്ട് വിളിക്കാം…. ”
ഫോൺ വെച്ചപ്പോൾ നെഞ്ചിലൊരു കനം.
ഈയിടെ തിരക്കിട്ടോട്ടങ്ങൾക്കിടയിൽ അമ്മയെ മറക്കുന്നുണ്ടോ?കോളേജിലേക്ക് പോകാൻ റെഡിയായി വരുമ്പോഴേക്കും ചോറ്റുപാത്രം മേശപ്പുറത്ത് റെഡിയായിരിക്കും. ചിലപ്പോളത് എടുക്കാൻ മറക്കും.. ഗേറ്റ് കടക്കുമ്പോൾ പുറകീന്നൊരു ശകാരം കേൾക്കാം.”കാന്റീനീന്ന് കഴിച്ചോളാം” ന്നും നിസ്സാരമായി പറഞ്ഞ് ഞാൻ ബസ് സ്റ്റോപ്പിലേക്ക് ഓടും…. അമ്മ നിസ്സഹായതയോടെ അത് നോക്കി നിൽക്കും..പുറകിലുപേക്ഷിച്ച ആ ചോറ്റുപാത്രങ്ങളെല്ലാം നഷ്ടബോധങ്ങളായി എൻ്റെ പനിച്ചൂടിരട്ടിയാക്കി.
ഭൂതകാലക്കുളിരിൻ്റെ പ്രകാശന ദിവസം എനിക്കോർമ്മ വന്നു. സാഹിത്യ അക്കാദമി ഹാളിൻ്റെ അകം നിറയെ ആളുകൾ കൂടിയിട്ടും വിശേഷപ്പെട്ട ഒരാൾ മാത്രം വീട്ടിലായിരുന്നു. രണ്ട് വികൃതിപ്പിള്ളേരെ നോക്കേണ്ട ഉത്തരവാദിത്തം എന്നും അമ്മക്കായിരുന്നു. മോനന്ന് ചെറിയ പനിയുമുണ്ടായിരുന്നു.പ്രകാശനച്ചടങ്ങിനെക്കുറിച്ച് ചേച്ചിയും ബന്ധുക്കളും വിവരിക്കുന്നത് നിശ്ശബ്ദയായി കേട്ട് നിന്ന അമ്മയുടെ മുഖം എൻ്റെ നെഞ്ചിനെ പൊള്ളിച്ചു. പിറ്റേന്ന് പത്രത്തിൽ വന്ന ഫോട്ടോ നോക്കി അമ്മ എത്ര നേരമാണിരുന്നത്… എൻ്റെ ഫോട്ടോ വരുന്ന പത്രങ്ങളെല്ലാം അമ്മ എടുത്തു കൊണ്ടുപോയി കിടക്കയ്ക്കടിയിൽ സൂക്ഷിക്കും.
* * * *
” അമ്മേ…. ഇക്ക് വെശ്ക്കുണൂ”
ധ്യാനുവാണ്.
ഞാൻ പതുക്കെ എഴുന്നേറ്റു.
ഫ്രിഡ്ജിൽ ദോശമാവിരിപ്പുണ്ട്. അതെടുത്ത് പുറത്തു വെച്ചു.പുട്ടിനുള്ള പൊടി നനക്കാനുള്ള പാത്രമെടുത്തു.
കൈകൾ കുഴയുന്നതു പോലെ….
എനിക്ക് കിടക്കണം……
കിടന്നേ തീരൂ…..
ചുരുണ്ടുകൂടി എൻ്റെ അമ്മപ്പുതപ്പിനുള്ളിൽ!
പക്ഷേ വയ്യല്ലോ………
…….. ……..
അമ്മമാർക്ക് പനി മറന്നല്ലേ പറ്റൂ?
2
Your reaction
Share this post on social media