ശീതീകരിച്ചതും പ്രകാശപൂരിതവുമായ കോണ്‍ഫറൻസ് ഹാളിൽ നിന്ന് സംസാരിക്കുമ്പോൾ അയാൾ വിയർത്തു. കമ്പനിയുടെ അടിത്തറ താങ്ങുന്നു എന്ന് പറയാവുന്ന ഒരു വമ്പൻ ക്ലയന്റിനുള്ള പുതിയ ഉത്പന്നതെപറ്റിയുള്ള ചർച്ച വേളയിൽ എന്തുകൊണ്ടിങ്ങനെ എന്നയാൾ അത്ഭുതപ്പെട്ടു. പെട്ടെന്ന് തന്നെ എല്ലാം പറഞ്ഞു തീർത്തു കാർ എടുത്തു പുറത്തേക്കു പോയി.
നട്ടുച്ച വെയിലത്ത് ലക്ഷ്യത്തിലെത്താനായി കുതിക്ക്കുന്ന വണ്ടികൾക്കിടയിലൂടെ കാർ ഓടിക്കുമ്പോൾ അയാളുടെ മനസ്സ് ശൂന്യമായിരുന്നു. പെട്ടെന്ന് ഒരു കലാലയത്തിന്റെ ഒഴിഞ്ഞ ഇടനാഴികളും, കാറ്റാടി മരങ്ങളും, അവിടെ തളം കെട്ടി നില്ക്കുന്ന പ്രണയാതുരമായ കിളിമോഴികളും അയാളുടെ സ്മ്രിതിപഥത്തിലേക്ക് ഇരമ്പിക്കയറി.
‘ആകാശനീലയിൽ വെള്ളപ്പൂക്കളുള്ള സാരി’ അതായിരിക്കണം വിവാഹത്തിന് ശേഷമുള്ള തന്റെ ആദ്യ പിറന്നാളിന് സമ്മാനിക്കാൻ, എന്നവൾ പറയുമ്പോഴൊക്കെ ഇളങ്കാറ്റിൽ ഒരേ താളത്തിൽ അനുസരണയോടെ പാറിക്കളിക്കുന്ന തൂവൽ പോലുള്ള കാർകൂന്തൽ നീണ്ടു മെലിഞ്ഞ വിരലുകൾ കൊണ്ട് മാടിയൊതുക്കാൻ അവൾ ശ്രമിക്കാറുണ്ടായിരുന്നു. ആ സാരിയുമുടുത്തു കുന്നിൻ ചെരുവിലെ പുൽത്തകിടിയിൽ തന്റെ തോളിൽ തല ചായ്ച്ചു പാട്ട് കേൾക്കുന്നതായി അവൾ എത്ര ആവർത്തി സംഗല്പിച്ചിട്ടുണ്ടാവും. എന്നാൽ കല്ല്യാണ ശേഷമുള്ള അവളുടെ പിറന്നാളുകൾ ഒന്നും തന്നെ കടന്നു പോയത് താനറിയാതിരുന്നതെന്തെന്നു അയാൾ ഒരു നെടുവീർപ്പോടെ ഓർത്തു.
എന്തിനേറെ? വിവാഹ പിറ്റേന്ന് ബിസിനെസ്സ് ആവശ്യങ്ങല്കായി അന്യ നാട്ടിലേക്ക് പറന്ന താൻ തിരിച്ചെത്തി അവളെ കാണുന്നത് രണ്ടു മാസങ്ങള്ക്ക് ശേഷം. തുടര്ന്നുണ്ടായ ക്ലുബുകളിലെ വിരുന്നു സല്കാരങ്ങല്കും, നിശാപാർട്ടികളുടെ ആഘോഷതിമിർപ്പുകൾക്കും, ലാഭം കൊയ്യാനുള്ള നെട്ടോട്ടങ്ങൾക്കും ഇടയിൽ പെട്ട് ഉടഞ്ഞ ദാമ്പത്യവും ചിറകറ്റ സ്വപ്നങ്ങളും നെഞ്ചോടു ചേർത്ത് അവൾ വിതുമ്പിയത്, താൻ കാണാത്തതോ?കണ്ടതായി ഭാവിക്കാത്തതോ?
ഭയപ്പെടുത്തുന്ന അലർച്ചയോടെ ചീറി പാഞ്ഞ ഒരാബുലൻസ് അയാളുടെ ചിന്തകളെ ആട്ടിപായിച്ചു. അപ്പോളേക്കും അയാള് ഒരു ഹോസ്പിറ്റലിൽ എത്തി ചേർന്നിരുന്നു. ആസ്പത്രി മുറിയിൽ ഒഴിഞ്ഞു കിടക്കുന്ന കിടക്ക നോക്കി പകച്ചു നിന്ന അയാളോട് ഒരു നേഴ്സ് പറഞ്ഞു “താങ്കൾ വരുമെന്ന് mrs ഒരുപാട് പ്രതീക്ഷിച്ചു. റ്റ്യുമറിന്റെ അവസ്ഥ തീരെ മോശമായതിനാൽ ഒപേറെഷൻ ഇന്ന് തന്നെ വേണം എന്ന് ഡോക്ടർ പറഞ്ഞു. താങ്കളെ അറിയിക്കാൻ ശ്രമിച്ചുവെങ്കിലും ഫോണ്‍ എടുക്കാത്തതിനാൽ സാധിച്ചില്ല. ഓഫീസിലും വിളിച്ചിരുന്നു”. അയാള് തന്റെ സൈലന്റ് മോഡിൽ കിടക്കുന്ന ഫോണ്‍ നോക്കി നിശ്ചലനായി നിന്നു.
“ഇത് താങ്കൾക്ക് തരാൻ മാടം തന്നതാണ്. താഴെ ഒപേറെഷൻ തിയേറ്റർ നു മുന്നിൽ ബാക്കിയെല്ലാവരും ഉണ്ട്” എന്ന് പറഞ്ഞു അവർ ഒരു കടലാസെടുത്തു അയാൾക്ക് നേരെ നീട്ടി. അതിൽ നിരതെറ്റി തെന്നിചിതറി കിടന്ന അക്ഷരങ്ങൾ പറഞ്ഞതിങ്ങനെ
“അടുത്ത ജന്മം ഞാനൊരു സർപ്പമായി രൂപം പ്രാപിക്കുമ്പോൾ എനിക്ക് കൂട്ടായി മറ്റൊരു സർപ്പമായി എന്നൂടൊപ്പം ഉണ്ടാവില്ലേ?”
കൈയിൽ തിരുപ്പിടിച്ച ആകാശനീലയിൽ വെള്ളപ്പൂക്കളുള്ള സാരിയിൽ കണ്ണുനീർ തുള്ളികൾ പെയ്തിറങ്ങുന്നത് അയാൾ അറിഞ്ഞതേയില്ല.
0
Your reaction
Share this post on social media