നില്ക്കുകയാണവൾ, വരാന്തയുടെ മൂലയിൽ ഏകയായ്
മുഖം താഴ്ത്തി നിൽക്കുന്നു, ഒരപരാധിയെ പോലെ.
ദൃഷ്ടിയില്ലിവിടേക്ക്, ജനിപ്പിച്ചതോർത്തുപോയ് ഒരു നിമിഷം
കണ്ണുനീരൊരു തുള്ളിയെങ്കിലും വരുവെങ്കിലതു പുണ്യം.
നിർദ്ദയം തള്ളിയകറ്റിയാ മനസ്സിലെ ചിന്തകൾ
എന്തുപറഞ്ഞു താൻ ആശ്വസിപ്പിക്കേണ്ടൂ, അറിയില്ല.
നഷ്ടമായ് കുരുന്നിലേ മാതൃസ്നേഹം, ഏതുമില്ലാതെ
തൻ മകൾ ഹേതുവായ് പൊയ്പോകയാണ് ദാമ്പത്യവും.
ഒരിക്കലുള്ളിളിരുപ്പ് തുറന്നു കാട്ടിയതിൻ ശിഷ്ടം
എത്തിച്ചതീ കോടതിമുറികളിൽ, അന്ത്യവിധിക്കായ്.
ക്രമപുരസരം അടുക്കുന്ന രേഖകൾ കാണ്കെയ
മുന്നിലാളുകയായ്, ഒരു തീജ്വാല മൊത്തമായ് വിഴുങ്ങിടാനായ്.
ഈ അച്ഛനെന്തൊരു ഹതഭാഗ്യനായ്, പഴിക്കുക സ്വയം
തൻ സന്താപചിന്തകൾ അവളുടെ സന്തോഷമാകവേ.
അതുകാണ്കെ ജീവിതം മടിപിടിച്ചിട്ടും, ഓർത്തു പലവട്ടം
പിച്ചവച്ചു തുടങ്ങി താൻ വാരി പുണർന്ന കുഞ്ഞുകോലങ്ങൾ.
രാവിലേറെ ദൂരത്തായ് ചെന്ന മരുന്നുശാലകൾ പലതുണ്ട്,
കുഞ്ഞുപുഞ്ചിരിക്കായ് കാട്ടിയ പ്രകടനങ്ങൾ, എത്രയോ ഓർമ്മകൾ
മിന്നിമറഞ്ഞുപോകവേ, കൊതിച്ചു പോയി അവളെ ശപിക്കാതിരിക്കാൻ,
ആ രാത്രികളിലൊന്നിലെ അച്ഛനായ് മാറി, ഒന്നോടിമറഞ്ഞിടാൻ.
ആ നിർജ്ജീവനേത്രങ്ങൾ ആവർത്തിച്ചതെന്ത്, കാംക്ഷിക്കുന്നതെന്ത്
സാക്ഷിചൊല്ലിടാനായൊരു സദസ്സിൻറെ സുഖമോ, അതാകുമാകാം.
സാധിക്കയില്ലയെൻപൊന്മകളെ, കാലചക്രം തടഞ്ഞുനിർത്തി
ചുടുചോര ചീന്താതെ വിജയിച്ചു മടങ്ങുവാൻ.
അനീഷ് എ വി
0
Your reaction
Share this post on social media