നീണ്ടുമെലിഞ്ഞൊരു പട്ടിണി ഹൃദയം
വേച്ചു വന്നു ഇടനാഴിയിൽ നിന്ന് പതിവു കൈ നീട്ടി.
നീളൻ ബഞ്ചിൽ അടിഞ്ഞു കൂടി തടിച്ചു കുറുകിയ
മറ്റൊരു ഹൃദയം പതിയെ തിരികെ ചോദിച്ചു….
“കൊളസ്ട്രോളുമുണ്ട്… കൊഴുപ്പടച്ചിട്ട രണ്ടു വാൽവും മിച്ചമുണ്ട്, മതിയോ…”
വെയിലേറ്റു ക്യൂവിൽ കൊക്കിക്കുരച്ചും
തൊണ്ട പൊട്ടിച്ചും ഒരു ശ്വാസകോശം
സ്പോഞ്ച് പിഴിയുന്ന ടിവി പരസ്യം നാല്പത്തി രണ്ടാമതും കണ്ടു…
ഒൻപതാം വാർഡിന്റെ വാതിൽക്കലപ്പോൾ
മദ്യം വിയർത്തു ഛർദ്ദിച്ചൊരു കരൾ പിടച്ചു. കൂടെ,
കരളിന്റെ കരളും പിടഞ്ഞു…
ഓർമക്കേടിനു വഴിതെറ്റിയ ഓ.പി. ക്ക് മുന്നിൽ
പാരസെറ്റമോൾ മണമുള്ള നാവുകൾ നിലത്തിഴഞ്ഞു നിലവിളിച്ചു…
അടിതെറ്റി പ്ലാസ്റ്ററിട്ട രാഷ്ട്രീയ കാലുകൾ
ഒഴിവുള്ള ബഞ്ചിലിടം തേടി.
കൊണ്ട് വന്ന പൊതിച്ചോറിനൊപ്പം, ഉള്ളു വേവുന്ന മണം,
നീറ്റലിൽ പുറ്റുപിടിക്കുന്ന പുറം ചിന്തകൾ…
ചിതൽ മൂടിയ ഗർഭപാത്രത്തിലിന്നു മറ്റൊരു മുനി,
കൊടും തപം നോറ്റിരിക്കയാവണം…നീക്കണം.
തിയറ്റെറിന്റെ വാതിൽ പടിയിൽ കൂട്ട തേങ്ങൽ വഴി മാറി.
ചുവപ്പ് പൂക്കും വിരിപ്പിന്നടിയിൽ,
ബീഫു കഴിച്ചൊരു കുടൽമാല യാത്ര ചോദിച്ചു…
ശ് ..ശ് ..ശ് …
രണ്ടു പയർ മണികൾ പരസ്പരം മന്ത്രിക്കുന്നു…
നാളെ മുതൽ അനിശ്ചിത കാല പണിമുടക്കാണ് ..
തൊഴിലെടുക്കാതെ വേതനം കിട്ടണം..
പണിമുടക്കാതെ നിവൃത്തിയില്ലെടോ …
ജ്യോതിഷ് കുമാർ സി എസ്
1
Your reaction
Share this post on social media