ഓഫീസിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ , പുതിയതായി ചേർന്ന കുട്ടികളുടെ മുന്നീന്ന് വരുണേട്ടൻ എന്നെ എന്റോസൾഫാൻ എന്നു വിളിച്ചു തമാശയാക്കിയതിന്റെ ഈർഷ്യയായിരുന്നു മനസ്സുനിറയെ.തലേന്ന് പതിനൊന്നു മണിക്ക് കപ്യൂട്ടറിനു മുന്നിൽ കുത്തിയിരുന്നിട്ടും നാട്ടിൽ പോകാൻ മാവേലിക്ക് തത്കാൽ ടിക്കറ്റ് കിട്ടാഞ്ഞതിന്റെ നിരാശകൊണ്ടാണ് കാസർകോട് ജില്ല മൊത്തം എന്റോസൾഫാനല്ലെന്നും , ഞാൻ ജില്ലയുടെ ഇങ്ങേത്തലയ്ക്കലുള്ള നീലേശ്വരത്താണെന്നും പറഞ്ഞ് തർക്കിച്ചു നിൽക്കാഞ്ഞത്.പെരുന്നാളായതുകൊണ്ട് ജനറൽ കമ്പാർട്ട്മെൻറിൽ ഉണ്ടാകാനിടയുള്ള തിരക്കോർത്തപ്പോൾ തന്നെ വട്ടുപിടിക്കുന്നു .എല്ലാരേം ഓരോന്ന് പറഞ്ഞ് തമാശയക്കാൻ വരുണേട്ടന് ഒരു പ്രത്യേക കഴിവാണ്.ഈ കളിയാക്കുന്നത് സഹിക്കാൻ വയ്യാതെ മുന്നേ ആരോ ” നിന്നെ ഞാൻ കൊല്ലുമെടാ” എന്നു പറഞ്ഞതാണ് അപ്പോൾ ഓർമവന്നത്. അല്ലെങ്കിലും ഒരു കാസർഗോഡുകാരനായതു കൊണ്ട് എന്റോസൾഫാന്റെ പേരും പറഞ്ഞ് തമാശയാക്കുന്നത് എല്ലാവർക്കും ഇത്തിരി കൂടുന്നുണ്ട്. കഴിക്കുന്ന ഭക്ഷണം തടിക്കു പിടിക്കാത്തത് എന്റെ കുഴപ്പം കൊണ്ടാണോ? അല്ലെങ്കിലും പോത്തുപോലെ വീർത്തിട്ടെന്താക്കാനാ. എന്റോസൾഫാനൊന്നും പിടിക്കണ്ട ഒരസുഖം പിടിച്ച് ഒരാഴ്ച്ച ദിവസം കിടന്നാൽ മതി ഏതു സൽമാൻഖാനും ഇന്ദ്രൻസിനെപ്പൊലെ ആകാൻ. അല്ലെങ്കിലേ കണ്ടകശനിയാണ്. ഇനിയെങ്ങാനും എന്റെ സമയദോഷത്തിന് അവർക്കുവല്ല അസുഖവും പിടിക്കപ്പെട്ടാൽ പറയുകയേ വേണ്ട.അതുകൊണ്ട് ആ വാക്കുകള ഞാൻതന്നെ വിഴുങ്ങി. ഹനുമാൻ സ്വാമിയോട് കണ്ട്രോൾ തരണേയെന്ന് പ്രാർഥിച്ച് ഈർഷ്യ ഉളളിൽ തന്നെ അടക്കിപ്പിടിച്ചു.
ഓരോന്ന് ഇങ്ങനെ ആലോചിച്ചോണ്ടിരിക്കാൻ ജനലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പൊന്നും ഒരു വിഷയമേ അല്ല. ഓരോ നിമിഷവും സ്വയം ചോദിക്കുന്ന കുറേ ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെയായി ജനറൽ കമ്പാർട്ട്മെൻറിലുള്ളതിനേക്കാൾ തിരക്കാവുന്നു മനസ്സിനകത്ത് . എന്തു കഷ്ടപ്പെട്ടിട്ടായാലും തടിച്ചിട്ടേ ഉള്ളൂ ബാക്കി കാര്യം. വീട്ടിൽ എത്തിയിട്ട് തടി വക്കാനുള്ള എളുപ്പ വഴികൾ ഗൂഗിളിൽ തപ്പി നോക്കണം.തിരിച്ചു വരുമ്പോൾ കോട്ടക്കൽ ആര്യവൈദ്യശാലയിൽ നിന്ന് കുറച്ചുകൂടി വിദാര്യാദിഘ്രിദം വാങ്ങണം.ഒരു ടീസ്പൂൺ കഴിക്കുന്നിടത്ത് ഇനിമുതൽ 2 ടീസ്പൂൺ അജമാംസരസായനം കഴിക്കണം.പണ്ടേ ആട്ടിറച്ചിയൊക്കെ കഴിച്ച് ശീലിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോഴാണ് തോന്നുന്നത് .സ്പൂണിൽ രസായനം എടുക്കുമ്പോഴേ അപ്പുറത്തെ വീട്ടിലെ റസിയച്ചേച്ചി വളർന്നുന്ന ആട് മനസ്സിൽ കരയാൻ തുടങ്ങും.പിന്നെ കണ്ണടച്ച് ഒരു വിഴുങ്ങലാണ്. പലപ്പോഴും രസായനം മുകളിൽകൂടി ഓടിപ്പോയത് നാവുപോലും അറിയാറുണ്ടാവില്ല. എന്റോസൾഫാൻ വിളി അത്രത്തോളം എന്നെ ശുണ്ഠി പിടിപ്പിക്കുന്നുണ്ട്. ഓഫീസിലെത്തിയാൽ അവിടുന്ന്, റൂമിലെത്തിയാൽ അവിടെയും. അതിനേക്കാളുപരി ജില്ലയെ മൊത്തം കുറ്റപ്പെടുത്തുന്നതാണ് സഹിക്കാൻ പറ്റാത്തത്. ഈ എന്റോസർഫാൻ കണ്ടുപിടിച്ചവനെ ഒന്നു കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്. അവിടെ ജനിക്കുന്ന കുട്ടികളൊക്കെ എന്റോസൾഫാൻ ബാധിച്ചവരാണെന്നും അതാണ് കാസർകോഡ് ജില്ലയിലെ ആൾക്കാരൊക്കെ തട്ടിപ്പോകാൻ കാരണം എന്നൊക്കെമാതിരിയുള്ള വർത്താനം കേൾക്കുമ്പോൾ തോന്നും ലോകത്ത് കുട്ടികൾ വേദന അനുഭവിക്കുന്നത് ഇവിടെമാത്രമാണെന്ന് .എന്തേലുമാവട്ടെ , നാളെ വീട്ടിലെത്തി ശരിക്കൊന്ന് കിടന്നുറങ്ങണം. ഇങ്ങനെ ഇരുന്നിട്ട് നടൂന്റെ ആപ്പീസ് പൂട്ടി.
എന്തോ ശബ്ധം കേട്ടാണ് ഞെട്ടിയുണർന്നത്. തൃശൂർ സ്റ്റേഷനിൽ വണ്ടി നിർത്തിയിട്ടിരിക്കുകയാണ്. തൊട്ടടുത്ത കമ്പാർട്ട്മെൻറിനടുത്തൂ നിന്നാണ് ശബ്ധം കേൾക്കുന്നത്. ഒരു പുരുഷനേം ഒരു സ്ത്രീയേയും കുറച്ചു കുട്ടികളേയും പോലീസ് വണ്ടിയിൽ കയറാൻ സമ്മതിക്കാതെ തടഞ്ഞുവച്ചിരിക്കുന്നു. എല്ലാവരേയും കണ്ടാൽ കുളിച്ചിട്ട് മാസങ്ങളായെന്നു തോന്നും. കുട്ടികളൊക്കെ പേരിന് വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നേ ഉള്ളൂ. അതും ചളിയിൽ അലക്കിയെടുത്തതു പോലെ.അയാൾ പോലീസിനോട് തമിഴിൽ എന്തൊക്കെയോ പറയുന്നുണ്ട്. ട്രെയിൻ ഏതുനിമിഷവും പുറപ്പെടും എന്നുള്ള പോലെ നിൽക്കുകയാണ് .ഈ ട്രെയിൻ പോയാലും പുറകേ അടുത്ത ട്രെയിൻ വരുന്നുണ്ടെന്ന് പോലീസുകാരൻ അയാളോട് പറയുന്നതുമാത്രം വ്യക്തമായി ഞാൻ കേട്ടു.എന്തു സംഭവിച്ചാലും നിങ്ങളെ ഈ ട്രെയിനിനു പോകാൻ ഞാൻ അനുവദിക്കില്ലെന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത് . സിഗ്നലു കിട്ടി ട്രെയിൻ മെല്ലെ നീങ്ങിത്തുടങ്ങിയപ്പോൾ പോലീസുകാരൻ അവരേയും കൊണ്ട് മുന്നോട്ടു നടക്കാൻ തുടങ്ങി.പെട്ടെന്ന് ആ തമിഴൻ മുന്നോട്ടോടി ആ കമ്പാർട്ട്മെന്റുനോക്കി അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോ എന്ന് പറഞ്ഞ് അലറുന്നുണ്ടായിരുന്നു. തൃശൂരിൽ നിന്നും ട്രെയിൻ ഷൊർണൂർ എത്തുന്നതുവരെ ആ ട്രെയിനിൽ കേറാൻ പറ്റാത്ത അവരെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സു നിറയെ. അവർക്ക് വേണ്ടപ്പെട്ട ആരോ ആ കമ്പാർട്ട്മെന്റിൽ ഒറ്റപ്പെട്ടിരുന്നിരിക്കണം.അയാൾ കൂടെയില്ലാതെ ഷൊർണ്ണൂർ ഇറങ്ങിയിട്ട് അവരെന്തു ചെയ്യും .ട്രെയിൻ ഷൊർണൂർ എത്തിയപ്പോൾ ഒന്നു പുറത്തിറങ്ങി നോക്കണം എന്നുണ്ടായിരുന്നു. എണീറ്റാൽ പിന്നെ നീലേശ്വരം എത്തുന്നവരെ നിൽക്കേണ്ടി വരുമെന്നതുകൊണ്ട് എണീറ്റില്ല. കാരണം ആരെങ്കിലുമൊന്ന് എണീക്കുന്നത് കാത്ത് കുറേപേരൊക്കെ ഒറ്റക്കാലിലൊകെ നിൽക്കുന്നുണ്ട്. ഇനിയൊരു വാഗൺ ട്രാജഡിയും ഇവിടെ ഉണ്ടാവാൻ സാധ്യതയില്ല. നിരന്തരമായുള്ള കീടനാശിനിപ്രയോഗം കൊണ്ട് കീടങ്ങൾ പ്രതിരോധശേഷി നേടുന്നപോലെ തൂങ്ങിപ്പിടിച്ചും ഒറ്റക്കാലിൽ നിന്നും നമ്മളും പഠിച്ചിരിക്കുന്നു ഇങ്ങനെ ശ്വാസംമുട്ടി യാത്രചെയ്യാൻ.ട്രെയിൻ ഷൊർണൂർ ലക്ഷ്യമാക്കി കുതിച്ചു പായുകയാണ്.മനസ്സിൽ മൊത്തം ആ നാടോടികളെക്കുറിച്ചുള്ള ചിന്തകളാണ്.അവരുടെ നാടും അവർ ഇവിടെ എത്തിപ്പെടാനുണ്ടായ സാഹചര്യങ്ങളൊക്കെ കോർത്തിണക്കി സ്വയം ഓരോ കഥകളുണ്ടാക്കിക്കൊണ്ടിരുന്നുരുന്നു കുറെ നേരം. ട്രെയിൻ ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴും മനസ്സിൽ ഞാൻ അവരെക്കുറിച്ചുള്ള കഥകൾ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞാൻ അതു കണ്ടത്. നേരത്തേ കണ്ട സ്ത്രീയേക്കാളും കുറച്ചുകൂടി മെലിഞ്ഞ ഒരു സ്ത്രീ ആഞ്ചാറ് കുട്ടികളേയും കൊണ്ട് തിരക്കിട്ടിറങ്ങുന്നു. കുട്ടികളെല്ലാം പിറകിൽ വരുന്നുണ്ടോ എന്നുപോലും നോക്കാതെ ആ സ്ത്രീ മുന്നോട്ടു നടക്കുന്നു.ഏകദേശം ഒരേ പ്രായത്തിലുള്ള ആ കുട്ടികൾ മൂക്കൊലിപ്പിച്ചും , കലപില കൂടിയും അവരുടെ പുറകേ നടക്കുന്നു.
ഇത്ര നേരം കഥകൾ പറഞ്ഞു കൊണ്ടിരുന്ന മനസ്സ് പെട്ടെന്ന് ശൂന്യമായതുപോലെ. ആ കുട്ടികളെ കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നുന്നു. രാവിലെ മുതൽ രാത്രി വരെ ഭിക്ഷയെടുത്ത് അടുത്ത സ്ഥലം തേടിപ്പോകുന്നതായിരിക്കാം. വരുണേട്ടൻ പറഞ്ഞതു പോലെ അംഗവൈകല്യങ്ങളോടെ ഇപ്പോഴും എന്റെ നാട്ടിൽ കുഞ്ഞുങ്ങൾ ജനിച്ചു വീഴുന്നുണ്ട്. ചില ജന്മങ്ങൾ ബാല്യത്തിൽ തന്നെ കെട്ടടങ്ങുന്നു. വേറെ ചിലർ ആരോ ചെയ്ത പാപത്തിനെ പഴിച്ചോണ്ട് ജീവിതം നരകിച്ചു തീർക്കുന്നുമുണ്ട്വി ധിയായിരിക്കാം അവരെ കാസർകോട് കൊണ്ടോയി ജനിപ്പിച്ചത്. ഇന്നലെ ഓഫീസിൽ നിന്ന് കൂട്ടുകാർ പറഞ്ഞതു പോലെ കാസർകോട് ജനിച്ചതു കൊണ്ടായിരിക്കാം അവരുടെ ബാല്യം നഷ്ടപ്പെട്ടത്. നഷ്ടപ്പെടാൻ പോകുന്ന കൗമാരവും യൗവനവും ഓർത്ത് കണ്ണീർ വാർക്കുന്നത്… അപ്പൊൾ ഇപ്പോൾ കണ്ട ആ എട്ടു പത്തു കുട്ടികളെ അവരുടെ കൈകളിൽ കൊണ്ടെത്തിച്ചത് എന്തായിരിക്കും. ആ രണ്ടു സ്ത്രീകളും ആ തമിഴന്റെ ഭാര്യമാരായിരിക്കാം. അവർക്ക് രണ്ടു പേർക്കും പ്രസവങ്ങളിൽ ഇരട്ടയോ മുരട്ടയോ ആയി കുട്ടികൾ ജനിച്ചിരികണം. അല്ലെങ്കിൽ കുട്ടികളില്ലാതിരുന്ന വിഷമം തീർക്കാൻ ഒരു അനാഥാലയം മൊത്തം ദത്തെടുത്ത് , ഒടുവിൽ പോറ്റാൻ വകയില്ലാതെ വന്നപ്പോൾ ഇങ്ങനെ തെരുവുതെണ്ടികളാവാൻ വിധിക്കപ്പെട്ടവരായിരിക്കണം. ഏതായാലും ഈ ജനറൽ കമ്പാർട്ട്മെൻറിന്റെ ജനലിനരികിൽ മുഖം ചേർത്ത് ഉറങ്ങാൻ ശ്രമിക്കുമ്പോൾ കുറേ നാളുകളായി ഫേസ്ബുക്കിലും വാട്ട്സാപ്പിലും കാണാറുള്ള എവിടെയൊക്കെയോ ഉള്ള മക്കൾ നഷ്ടപ്പെട്ട കുറേ അമ്മമാരുടെ ചിത്രങ്ങൾ മനസ്സിലേക് ഓടിയെത്തുന്നുണ്ട്. എപ്പോഴെങ്കിലും തിരിച്ചു കിട്ടുമെന്നോർത്തുള്ള തേങ്ങലുകൾ കാതിൽ അലയടിക്കുന്നുമുണ്ട് .കണ്ണു കാണുന്ന കാഴ്ചകൾക്കും അപ്പോൾ മനസ്സു പറയുന്ന കഥകൾക്കും ചിലപ്പോൾ ബന്ധങ്ങളൊന്നുമില്ലായിരിക്കാം. എന്നാലും കണ്ണും മനസ്സും എപ്പോഴും പ്രണയത്തിലാണെന്ന് പലപ്പോഴും തോന്നാറുണ്ട് .അല്ലെങ്കിൽ പിന്നെന്തിനാണ് കണ്ണൊരു കാഴ്ച കാണുമ്പോഴേക്കും ഇതുപോലെ മനസ്സൊരുപാട് കഥകൾ എഴുതിതിക്കൊണ്ടിരിക്കുന്നത്.
Your reaction
Share this post on social media