അവള്‍ നടക്കുകയായിരുന്നു.
സമയം സന്ധ്യയായി, കടല്‍ത്തീരത്ത് തിരക്ക് കൂടി വന്നു.
മുനിഞ്ഞു കത്തുന്ന ശരറാന്തല്‍ തിരിനാളം പോലെ കടലിനക്കരെ കര്‍മ്മസാക്ഷി. തലതല്ലി ഏറെ ബഹളം കൂട്ടുന്ന കടല്‍ത്തിരകള്‍ ഇന്നേറെ ശാന്തം. ഒറ്റയ്ക്കും കൂട്ടായും അവിടെ എത്തിച്ചേര്‍ന്നവരിലും ഇന്നൊരലസത പോലെ! വലിയ കോലാഹലങ്ങളോ അമിതാഹ്ലാദമോ ഒന്നുമില്ല; എങ്ങും നിറയുന്നത് ഒരു നിസ്സംഗഭാവം മാത്രം!
കടല്‍ക്കരയിലൂടെ അലക്ഷ്യമായി പതിയെ നടന്നു നീങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞുപെണ്‍കുട്ടി തെല്ലൊരാവേശ ത്തോടെ അവളെ വന്നു കെട്ടിപ്പിടിച്ചു. നിറമുള്ള ഉടുപ്പിട്ട് ഒരു ചിത്രശലഭത്തെപ്പോലെ പാറിവന്ന കുഞ്ഞിനെ ഉടനെ വാരിയെടുത്ത് നിറകണ്ണുകളോടെ അവള്‍ ചുംബിച്ചു.ആ കുഞ്ഞുകൈകളില്‍ നീലക്കണ്ണുള്ള ഒരു പാവക്കുട്ടി ആ ദൃശ്യം കണ്ടുചിരിക്കുന്നുണ്ടായിരുന്നു. തെല്ലുപരിഭവത്തോടെ അവളെ പിന്തുടര്‍ന്നുവന്ന അമ്മ തന്നില്‍ നിന്നും ആ കുഞ്ഞിനെ അടര്‍ത്തിയെടുത്തു കൊണ്ടുപോകുമ്പോള്‍ അവളുടെ മനസ്സു മുഴുവന്‍ അമ്മുവിനെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.
പത്തുവര്‍ഷം മുന്‍പുള്ള ഒരോണക്കാലം. വിദേശത്ത് ജോലിയുണ്ടായിരുന്ന രവിയുമൊത്ത് വീണുകിട്ടിയ ഒഴിവിന്‍റെ ഇടവേളയില്‍ കുറച്ചു ദിവസം നാട്ടിലെത്തിയതായിരുന്നു അവര്‍. ഉത്രാടദിനത്തിലെ അമ്മുവിന്‍റെ മൂന്നാം പിറന്നാള്‍ നാടിന്‍റെ പൊലിമയോടെ കൊണ്ടാടാന്‍ അവര്‍ ഏറെ നാളായി കൊതിച്ചിരുന്നു. പിറന്നാള്‍ ദിനത്തില്‍ അതിരാവിലെ കുളിച്ചു കുഞ്ഞുടുപ്പിട്ടു അമ്മയോടൊപ്പം അമ്മുവും ഒരു വിളിപ്പാടകലെയുള്ള കൃഷ്ണന്‍റെ അമ്പലത്തില്‍ തൊഴാന്‍ പോവുകയായിരുന്നു. മുത്തച്ഛന്‍ പിറന്നാള്‍ സമ്മാനമായി കൊടുത്ത നീലക്കണ്ണുള്ള ഒരു പാവക്കുട്ടിയേയും ചേര്‍ത്തു പിടിച്ചാണ് അമ്മു പോകാന്‍ തയ്യാറായത്. തിരക്കുള്ള പ്രധാന റോഡിന് അരികെയായിരുന്നു അവരുടെ പഴയ പത്തായപ്പുരയും അമ്പലവും. തന്‍റെ പ്രിയപ്പെട്ട നീലക്കണ്ണുള്ള പാവക്കുട്ടിയെ കുഞ്ഞിക്കൃഷ്ണന് കാണിച്ചു കൊടുക്കാനുള്ള ആവേശത്തോടെ അമ്മു അമ്മയുടെ കയ്യും പിടിച്ചു പാത മുറിച്ചു കടക്കുകയായിരുന്നു.
ശാന്തമായ പ്രധാനപാതയില്‍ നിമിഷങ്ങള്‍ക്കകം ഒരു ലോറി നിയന്ത്രണമില്ലാ തെ പാഞ്ഞു വന്നത് അവരറിഞ്ഞില്ല. നിമിഷങ്ങള്‍ക്കകം മറുപുറത്തേയ്ക്ക് കുതിച്ചു ചാടിയ അവളുടെ കൈകളില്‍ അമ്മുവിന്‍റെ കുഞ്ഞുകൈ ഇല്ലായിരുന്നു എന്നവള്‍ മനസ്സിലാക്കിയിരുന്നില്ല. നിമിഷങ്ങള്‍ക്കകം എല്ലാം തീര്‍ന്നു. വിരല്‍ത്തുമ്പുകളില്‍ നിന്നും ഉതിര്‍ന്നു പറന്നു പോയ കുഞ്ഞു പൂമ്പാറ്റയുടെ ക്ഷണികനിമിഷങ്ങള്‍ക്ക് പൂര്‍ണ്ണവിരാമം. ചോര ചീറ്റിയ ചക്രങ്ങള്‍ക്കരികെ കാലുകള്‍ വേര്‍പെട്ട നീലക്കണ്ണുള്ള പാവക്കുട്ടിയും അമ്മുവിനെപ്പോലെ കണ്ണടച്ച് കിടന്നിരുന്നു.
ഒരു ദശാബ്ദം കഴിഞ്ഞെങ്കിലും അമ്മു കൈവിട്ടുപോയ ആ അഭിശപ്തനിമിഷം എന്നും ഒരു മരവിപ്പോടെ മാത്രമേ അവള്‍ക്ക് ഓര്‍ക്കാനാവുന്നുള്ളൂ. തെറ്റിയ മനസ്സിന്‍റെ സമനില വീണ്ടെടുക്കാനുള്ള വിഫലശ്രമങ്ങളുമായി മരുന്നുകളും മന്ത്രങ്ങളും സാന്ത്വനവാക്കുകളും ബാക്കി വെച്ചത് ഒരമ്പരപ്പുമാത്രം!
നാടുവിട്ട് നീണ്ടയാത്രകളില്‍ പല പുണ്യനഗരങ്ങളിലും ആശ്രമങ്ങളിലും ചുറ്റിക്കറങ്ങി അസ്വസ്ഥമായ രവിയുടെ ശിഷ്ടദിനങ്ങള്‍. പലയിടത്തും അന്വേഷിച്ചെങ്കിലും രവിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് വര്‍ഷം മുന്‍പ് രവിയെപ്പോലെ ഒരാളെ താടിയും ജടയുമായി ഹിമാലയസാനുക്കളില്‍ ഒരിടത്ത് കണ്ടതായി ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞിരുന്നു.
അവള്‍ നടക്കുകയായിരുന്നു; അലക്ഷ്യമായ ചുവടുകളോടെ.
പൂഴിമണലിന് തണുപ്പേറിയിരുന്നു. ചുറ്റും പടര്‍ന്നിരിക്കുന്ന ഇരുട്ട്. കടല്‍ത്തീരത്ത് നിന്നും ആളുകള്‍ സ്വന്തം താവളങ്ങളിലേയ്ക്ക് തിരിച്ചു പോയിരുന്നു.
സായാഹ്നത്തിലെ പതിവുള്ള നടത്തം കഴിഞ്ഞ് ശാന്തിതീരം ആശ്രമത്തിലെത്തുമ്പോള്‍ പ്രാര്‍ത്ഥനാസമയമായിരുന്നു. ജീവിതയാത്രയില്‍ പലപ്പോഴായി ഒറ്റപ്പെട്ടവരോടൊപ്പം പ്രാര്‍ത്ഥനയ്ക്ക് കണ്ണടച്ചിരുന്നപ്പോള്‍ നീലക്കണ്ണുള്ള പാവക്കുട്ടിയെ മാറോടുചേര്‍ത്തു പിടിച്ച കുഞ്ഞിന്‍റെ രൂപം ഉള്ളില്‍ കൂടുതല്‍ തെളിയുകയായിരുന്നു.
Your reaction
Share this post on social media