Home » സാഹിത്യ വായന » പ്രതിധ്വനി » സൃഷ്ടി 2015 » കഥ » പട്ടങ്ങൾ – മഹേഷ് യു

പട്ടങ്ങൾ – മഹേഷ് യു

എത്രശ്രമിച്ചാലും ഓടിയെത്താനാവാത്ത ആ നഗരജീവിതത്തിന്റെ വേഗതയോട് ഞാൻ പൊരുത്തപ്പെട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മടുപ്പുളവാക്കുന്ന നഗരക്കാഴ്ചകളിൽ നിന്നും എനിക്കല്പമെങ്കിലും ആശ്വാസമേകിയിരുന്നത് ഈ കടൽത്തീരത്തെ സായാഹ്നങ്ങളായിരുന്നു.

അങ്ങനെയൊരു സായാഹ്നത്തിലാണ് ഞാനവനെ കണ്ടത്. ഏറിയാൽ പത്തുവയസ്സ് മാത്രം പ്രായം വരുന്ന ഒരു കുട്ടി. ഒരു മുഷിഞ്ഞ പാന്റും ഷർട്ടുമാണവൻ ധരിച്ചിരുന്നത്. അവനാ കടൽത്തീരത്ത് പട്ടങ്ങൾ വിൽക്കുകയായിരുന്നു.

ഞാനവനെ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയതുകൊണ്ടോ എന്തോ, എന്റെയരികിലേക്കും അവനോടിയെത്തി.

“പട്ടം വേണോ സാറേ?”

അവന്റെ കയ്യിൽ നിന്നും ഒരു പട്ടം വാങ്ങണമെന്നും
അതും പറത്തിക്കൊണ്ട് ആ കടൽത്തീരത്തുകൂടി ഒരു കൊച്ചുകുട്ടിയെപ്പോലെ ഓടണമെന്നും ഞാനാഗ്രഹിച്ചു. പക്ഷേ ഞാനണിഞ്ഞിരുന്ന ഗൗരവത്തിന്റെ മുഖംമൂടി എന്നെയതിനനുവദിച്ചില്ല. ഞാനവനെ മടക്കിയയച്ചു. നിരാശയോടെ അവൻ അടുത്തയാളിലേക്ക് ഓടിപ്പോയി.

അവന്റെ കയ്യിലപ്പോൾ നാലോ അഞ്ചോ പട്ടങ്ങളേ ഉണ്ടായിരുന്നുള്ളൂ. പത്തിരുപത് മിനിറ്റിനുള്ളിൽ അവനതെല്ലാം വിറ്റുതീർത്തു. പിന്നെയവൻ എങ്ങോട്ടോ ഓടിപ്പോയി വീണ്ടും കുറെ പട്ടങ്ങളുമായി വരുന്നത് കണ്ടു. അപ്പോൾ മാത്രമാണ് അകലെ മാറിയിരിക്കുന്ന അയാളെ ഞാൻ ശ്രദ്ധിച്ചത്.

ഒരുപക്ഷേ അതവന്റെ അച്ഛനായിരിക്കാം. നാല്പതോ നാൽപ്പത്തഞ്ചോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ. ആ മുഖം എനിക്കത്ര വ്യക്തമായിരുന്നില്ല. ഞാനിരിക്കുന്നിടത്തുനിന്നും ഏറെ അകലെയായിരുന്നു അയാൾ.

അയാളൊരിക്കൽ പോലും അവിടെനിന്നനങ്ങുന്നത് ഞാൻ കണ്ടില്ല. അവനായിരുന്നു എല്ലാം ചെയ്തിരുന്നത്. കയ്യിലുള്ളവ തീർന്നാൽ അവൻ ഓടിപ്പോയി അയാളുടെ അടുത്തുനിന്നും പിന്നെയും പട്ടങ്ങളെടുത്തുകൊണ്ടുവരും. ഇതിനിടയിൽ അവനെവിടെയെങ്കിലുമൊന്ന് ഇരിക്കുകയോ വിശ്രമിക്കുകയോ ചെയ്തിരുന്നില്ല.

അയാളാണെങ്കിൽ ഒരുതവണപോലും അവനെയൊന്ന് തിരിഞ്ഞുനോക്കിയതുപോലുമില്ല. എനിക്കയാളോട് വല്ലാത്ത ദേഷ്യം തോന്നി. എന്തിനാണയാൾ ആ കുട്ടിയെ ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്. അയാൾക്ക് ചെയ്യാമല്ലോ ഇതെല്ലാം. ദുഷ്ടൻ.

ഒരുപക്ഷേ അതവന്റെ അച്ഛനായിരിക്കില്ലേ? ആ കുട്ടിയെ അയാളെവിടെ നിന്നെങ്കിലും തട്ടിക്കൊണ്ടുവന്നതായിരിക്കുമോ? ചിന്തകൾ കാടുകയറിത്തുടങ്ങിയപ്പോൾ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

ഞാനവനെ കൈകാട്ടിവിളിച്ചു. ആവേശത്തോടെ അവനെന്റെയടുത്തേക്കോടിവന്നു.

“പട്ടം വേണോ സാർ?” കയ്യിലുള്ളതിൽ നിന്നൊരു പട്ടം എനിക്കുനേരെ നീട്ടിക്കൊണ്ട് ചോദിക്കുമ്പോഴും അവൻ കിതക്കുന്നുണ്ടായിരുന്നു.

“നിന്റെ പേരെന്താ?”

മറുപടിയായി ഒരു മറുചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ മുഖം വാടി.

“സാറിന് പട്ടം വേണ്ടേ?” അവനാ ചോദ്യം ആവർത്തിച്ചു.

“പട്ടം ഞാൻ വാങ്ങാം. ആദ്യം ഞാൻ ചോദിക്കണതിനുത്തരം പറ. പേരെന്താ?”

“ജോമോൻ”

“വീടെവിടെയാ?”

“ദാ അവിടെയാ” അവൻ ദൂരെയെങ്ങോട്ടോ കൈ ചൂണ്ടി.

“ആരാ ഈ പട്ടങ്ങളൊക്കെ ഉണ്ടാക്കണേ?”

“ഞാൻ തന്ന്യാ”

“ആ ഇരിക്കണതാരാ?”

“അതെന്റപ്പനാ”

ഒന്നോ രണ്ടോ വാക്കിൽ വളരെ വേഗത്തിൽ അവനെന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം തന്നുകൊണ്ടിരുന്നു. ഓരോ ഉത്തരത്തിനൊപ്പവും അവൻ പ്രതീക്ഷയോടെ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു. അവൻ ആ പട്ടം അപ്പോഴും എന്റെ നേർക്ക് നീട്ടിപ്പിടിച്ചിരുന്നു. ഞാൻ ചോദ്യങ്ങൾ നിർത്തുമെന്നും എത്രയും വേഗം ആ പട്ടം വാങ്ങുമെന്നും അവനാശിക്കുന്നുണ്ടാവാം. എന്റെയുള്ളിൽ പക്ഷേ പിന്നെയും ചോദ്യങ്ങളുണ്ടായിരുന്നു.

“അതെന്താ അയാള് ഇതൊന്നും കൊണ്ടുനടക്കാത്തേ? നീ മാത്രമെന്തിനാ ഇങ്ങനെ കഷ്ടപ്പെടണത്?”

അത് ചോദിക്കുമ്പോൾ ആ മനുഷ്യനോടെനിക്ക് തോന്നിയിരുന്ന ഈർഷ്യ മറച്ചുവെക്കാനായില്ല. അതവന്റെ അച്ഛനാണെന്ന് വിശ്വസിക്കാൻ എനിക്കപ്പോഴും സാധിച്ചിരുന്നില്ല. പക്ഷേ ആ ചോദ്യം അവനോട്ടും ഇഷ്ടമായില്ലെന്ന് അവന്റെ മുഖഭാവത്തിൽ നിന്നെനിക്ക് വായിച്ചെടുക്കാമായിരുന്നു.

ആ സംഭാഷണം നീട്ടിക്കൊണ്ടുപോവാൻ അവനോട്ടും ആഗ്രഹിക്കുന്നില്ല. മറുപടിയൊന്നും പറയാതെ അവൻ തലകുനിച്ചുനിന്നു.

അവനെ വിളിക്കുമ്പോൾ ആ പട്ടം വാങ്ങണമെന്നൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. ഒരുപക്ഷേ ഞാനത് വാങ്ങിയാൽ അവനെന്റെ ചോദ്യങ്ങൾക്ക് മറുപടി തന്നേക്കുമെന്ന് തോന്നിയതുകൊണ്ട് മാത്രം ഞാനത് കൈനീട്ടിവാങ്ങി. അവന്റെ മുഖം വിടർന്നു.

“എത്രയാ ഇതിന്?”

“ഇരുപത് രൂപ സാർ” ചിരിച്ചുകൊണ്ടവൻ പറഞ്ഞു.

നൂറിന്റെ നോട്ടായിരുന്നു കയ്യിൽ തടഞ്ഞത്. അതവനുനേരെ നീട്ടി.

“ചില്ലറയില്ല സാർ. ഒരു മിനിറ്റ്, ഞാനിപ്പ ഏടുത്തിട്ട് വരാം”

തിരിച്ചെന്തെങ്കിലും ഞാൻ പറയുന്നതിനുമുൻപേ അവനോടിക്കഴിഞ്ഞിരുന്നു. അവനെന്നെ പറ്റിച്ച് കടന്നുകളയുന്നതാണോ എന്ന് ഒരു നിമിഷത്തേക്ക് ഞാൻ സംശയിച്ചു. അവനു പക്ഷേ എന്റെ ചിന്തകളേക്കാൾ വേഗമുണ്ടായിരുന്നു. ബാക്കിതരാനുള്ള നോട്ടുകളുമായി ഓടിവന്ന് അവനതെന്റെ നേരെ നീട്ടി.

ഞാൻ പക്ഷേ അത് ശ്രദ്ധിക്കാത്തതുപോലെ വീണ്ടും ചോദ്യങ്ങളിലേക്ക് തിരിഞ്ഞു. ഒരു പട്ടം വാങ്ങിയതിന്റെ അധികാരം കൂടിയുണ്ടല്ലോ എനിക്കിപ്പോൾ.

“നിന്റെ വീട്ടില് വേറെ ആരാ ഉള്ളേ?”

എന്തോ, എന്റെ ചോദ്യത്തിനുനേരെ അവനിപ്പോ മുഖം തിരിച്ചില്ല.

“അനിയന്ണ്ട്”

ആ മറുപടിയിൽ നിന്നെനിക്ക് ഊഹിക്കാമായിരുന്നെങ്കിലും ഞാൻ വീണ്ടും ചോദിച്ചു.

“പിന്നെ….?”

ചില നേരത്ത് നമ്മളങ്ങനെയാണ്. ഉത്തരമറിഞ്ഞാലും ചോദ്യങ്ങൾ ചോദിക്കും.

“പിന്നെയാരൂല്ല. അമ്മ മരിച്ചുപോയി”

അതുപറയുമ്പോഴും അവൻ എനിക്കുതരാനുള്ള നോട്ടുകൾ നീട്ടിപ്പിടിച്ചിരുന്നു.

എനിക്കവന്റെ അച്ഛനോട് പിന്നെയും ദേഷ്യം തോന്നി. എന്തൊരു മനുഷ്യനാണയാൾ. അമ്മയില്ലാത്ത ഒരു കുട്ടിയെ കഷ്ടപ്പെടാൻ വിട്ടിട്ട്…

“അപ്പന് കണ്ണ് കാണൂല്ല സാറേ. അപ്പനെക്കൊണ്ട് പറ്റൂല്ല, അതോണ്ടാ ഞാനിതൊക്കെ കൊണ്ടുനടക്കണത്”

അവനെന്റെ ചിന്തകളെ തിരുത്തി, എന്റെ മനസ്സുവായിച്ചതുപോലെ.

വളരെ നിസ്സാരമായിട്ടാണവനത് പറഞ്ഞതെങ്കിലും എന്നിൽ അതുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. കേട്ടതിന്റെ അവിശ്വസനീയതയിൽ അകലെയിരിക്കുന്ന അയാളെ ഞാൻ ആദ്യമായി കാണുന്നതുപോലെ നോക്കി. ഇപ്പോഴെനിക്ക്‌ കാണാം, ആ മനുഷ്യൻ തന്റെ ദേഹത്തോട് ചേർത്തുവെച്ചിരിക്കുന്ന ഊന്നുവടി.

അകലെയേതോ മായക്കാഴ്ചയിൽ മയങ്ങിയിട്ടെന്നവണ്ണം ഇമയനക്കം പോലുമില്ലാതെയുള്ള ആ ഇരിപ്പ് എനിക്കപ്പോൾ വെറുപ്പല്ല, വേദനയായിരുന്നു തന്നത്. ദൈവമേ, ഞാനെന്തൊക്കെയാണയാളെക്കുറിച്ചോർത്തത്.

ഒരേയൊരു ഉത്തരം കൊണ്ട് എന്റെയുള്ളിലെ ചോദ്യങ്ങളെല്ലാം അവൻ ഒറ്റയടിക്ക് മായ്ച്ചുകളഞ്ഞിരിക്കുന്നു. ആ സംഭാഷണം അവസാനിപ്പിക്കേണ്ടത് ഇപ്പോൾ എന്റെ ആവശ്യമായി മാറിക്കഴിഞ്ഞു. പക്ഷേ അതെങ്ങനെ വേണമെന്നെനിക്കറിയില്ലായിരുന്നു.

“സാറേ, പൈസ….”

മൌനം മുറിച്ചത് അവനാണ്‌. എനിക്ക് ബാക്കിതരാനുള്ള നോട്ടുകൾ അവനപ്പോഴും എന്റെ നേർക്ക് നീട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.

“വേണ്ട, അത് നീ വെച്ചോ”

“അയ്യോ, അത് ശരിയാവില്ല സാറേ. സാറിത് വാങ്ങ്“

”സാരമില്ലെന്നേയ്. നീ വെച്ചോ. ഞാനല്ലേ തരുന്നത്“

“അതുവേണ്ട സാറേ. അപ്പനിഷ്ടാവില്ല”

“അപ്പനറിയണ്ട. ഇത് നിന്റേലിരുന്നോട്ടെ. അല്ലെങ്കിത്തന്നെ അപ്പനെങ്ങനെ കാണാനാ?”

ചോദിച്ചുകഴിഞ്ഞപ്പോൾ മാത്രമേ അതിലൊളിഞ്ഞിരുന്ന ക്രൂരത ഞാൻ തിരിച്ചറിഞ്ഞുള്ളൂ. അതിന്റെ പ്രതിഫലനം അവന്റെ മുഖത്തെനിക്ക് കാണാമായിരുന്നു. ഒരുനിമിഷത്തേക്ക് അവൻ വല്ലാതായി.

പക്ഷേ പതർച്ചയുടെ ആ ഇടവേളക്കുശേഷം അവൻ പറഞ്ഞ വാക്കുകൾക്ക്, എന്നെ നിശബ്ദനാക്കാനുള്ള ശക്തിയുണ്ടായിരുന്നു.

“എനിക്ക് പക്ഷേ അപ്പനെ കാണാല്ലോ സാറേ. കള്ളത്തരം കാണിച്ചിട്ട് പിന്നെ എനിക്കെന്റെ അപ്പന്റെ മോത്തോട്ട് നോക്കാൻ പറ്റൂല്ല”

അത് പറഞ്ഞതിനൊപ്പം തന്നെ അവനാ പണം എന്റെ കയ്യിലേക്ക് വെച്ചുതന്നു. ഒരു നൊടിയിടകൊണ്ട് ഞാനവന്റെ മുന്നിൽ ഒന്നുമല്ലാതായതുപോലെ…

കയ്യിലിരുന്ന നോട്ടുകൾക്ക് വെറും കടലാസുകഷണങ്ങളുടെ വില മാത്രമായതുപോലെ….

പക്ഷേ എന്തോ, ആ പണം തിരികെ വാങ്ങാൻ എനിക്ക് മനസ്സുവന്നില്ല. അതൊരുപക്ഷേ, ഒരു കൊച്ചുകുട്ടിക്കുമുന്നിൽ തോറ്റുപോകാതിരിക്കാനുള്ള എന്റെ ദുരഭിമാനത്തിന്റെ ശ്രമമായിരുന്നിരിക്കാം.

“ആരുമൊന്നും പറയില്ല. നീയിത് വാങ്ങ്. ഞാൻ പറഞ്ഞോളാം നിന്റെ അപ്പനോട്. വാ, നമുക്കങ്ങോട്ട് പോവാം”

അവന്റെ കൈ പിടിച്ച് അയാളിരിക്കുന്നിടത്തേക്ക് ഞാൻ നടക്കാൻ തുടങ്ങിയെങ്കിലും അവനാ കൈ പുറകോട്ട് വലിച്ചു. അവനെന്നെ നോക്കി ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു.

“എന്തേ? അപ്പൻ വഴക്കുപറയുമെന്നോർത്തിട്ടാണോ?”

“അപ്പൻ വഴക്കൊന്നും പറയൂല്ല സാറേ. അപ്പനൊന്നും മിണ്ടൂല്ല. സംസാരിക്കാത്ത ആളാ. കാതും കേട്ടൂടാ”

അൽപ്പം മുൻപുവരെ ഞാൻ വെറുപ്പോടെ നോക്കിയിരുന്ന ഒരു മനുഷ്യൻ എന്നെയിതാ വല്ലാതെ പൊള്ളിച്ചുതുടങ്ങിയിരിക്കുന്നു. ഞാനത്രയും നേരം ക്രൂരതയായി കണ്ടിരുന്നത് ആ പാവത്തിന്റെ നിസ്സഹായാവസ്ഥയെയായിരുന്നു എന്ന തിരിച്ചറിവ് എന്നെ തള്ളിയിട്ടത് വല്ലാത്തൊരു താഴ്ചയിലേക്കായിരുന്നു.

ചിന്തകൾ കൊണ്ടാണെങ്കിൽ പോലും ഞാൻ ചെയ്തുപോയ തെറ്റിന് എനിക്കെന്റെ മനസ്സാക്ഷിയോടെങ്കിലും പ്രായശ്ചിത്തം ചെയ്യണമായിരുന്നു. വീണുപോയ ആ വലിയ ഗർത്തത്തിൽ നിന്നും എനിക്കെഴുന്നേറ്റേ മതിയാവൂ.

ഞാനവന്റെ അരികിലെത്തി ആ കൈപിടിച്ചു. ഇത്തവണ അവൻ കൈ വലിച്ചില്ല. ഞങ്ങൾ മെല്ലെ നടന്നു, അവന്റച്ഛന്റെ അരികിലേക്ക്.

“നീ സ്കൂളില് പോണുണ്ടോ?”

“നേരത്തെ പോയേരുന്നു. പിന്നെ അമ്മ മരിച്ചപ്പോ നിർത്തി. അപ്പന്റടുത്ത് എപ്പളും ആരേലും വേണം. അപ്പനെക്കൊണ്ട് ഒറ്റക്ക്‌ ഒന്നിനും കഴിയൂല്ല”

നിരാശയോ നഷ്ടബോധമോ സങ്കടമോ ഒന്നുമായിരുന്നില്ല അവന്റെ സ്വരത്തിൽ. തികഞ്ഞ ആത്മവിശ്വാസം മാത്രം. ധൈര്യപൂർവ്വം തന്റെ കടമകൾ ചെയ്യുന്ന ഒരു മകന്റെ ശബ്ദമായിരുന്നു ഞാനാ കേട്ടത്.

“അനിയൻ പഠിക്കണ്‌ണ്ട്. അവനിപ്പോ രണ്ടിലാ”

അത് പറയുമ്പോൾ അവന്റെ മുഖം സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും നിറഞ്ഞിരുന്നു.

പിന്നെയും ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു അവന് പറയാൻ.

“അപ്പന്റെ കൂടെ വീട്ടിലിരിക്കുമ്പോ പട്ടങ്ങളുണ്ടാക്കും. പിന്നെ കടകളില്‌ക്കും വീടോളില്‌ക്കും ഒക്കെ പലഹാരം ഉണ്ടാക്കികൊടുക്കും. അതെപ്പളൂല്ല്യ. ചെല ദിവസേ ഉണ്ടാവൂ. അങ്ങനെള്ള ദിവസം അനിയൻ സ്കൂളീന്ന് വന്നിട്ടാവുമ്പോ അവനെ വീട്ടിലിരുത്തീട്ട് ഞാൻ എല്ലാടത്തും സൈക്കിളീക്കൊണ്ടോയി കൊടുക്കും. അതുകഴിഞ്ഞിട്ടാ ഇങ്ങട്ട് വരാ. അപ്പനെ ഞാൻ കൂടെകൂട്ടും. പകല് മുഴോനും വീട്ടില് വെറ്തെ ഇരിക്കണതല്ലേ പാവം. ശനീം ഞായറും അനിയൻ തന്ന്യാ അപ്പനെ നോക്കണേ. ഞാനവിടെ അടുത്തൊരു ഹോട്ടലില് പണിക്ക് പോവും”

എനിക്കൊപ്പം അപ്പോൾ നടന്നുകൊണ്ടിരുന്നത് നേരത്തെ എന്റെ ചോദ്യങ്ങൾക്കുമുന്നിൽ തലകുനിച്ചുനിന്ന ആ ചെറിയ കുട്ടിയായിരുന്നില്ല. ജോലിയെടുത്ത് തന്റെ കുടുംബം പോറ്റുന്ന ഒരു കുടുംബനാഥനായിരുന്നു. അനിയനെ പഠിപ്പിക്കാൻ വേണ്ടി തത്രപ്പെടുന്ന ഉത്തരവാദിത്തബോധമുള്ള ഒരു ചേട്ടനായിരുന്നു. സുഖമില്ലാത്ത അച്ഛനെ പരിപാലിക്കുന്ന സ്നേഹനിധിയായ ഒരു മകനായിരുന്നു,

എന്റെ മുന്നിൽ ആ പത്തുവയസ്സുകാരൻ ഒരു മലയോളം വളർന്നുകഴിഞ്ഞിരുന്നു. ഒരു കുന്നിക്കുരുവോളം ചെറുതായിപ്പോയ ഞാൻ തെല്ലൊരത്ഭുതത്തോടെ അവനെ അറിയുകയായിരുന്നു. ഒരു നല്ല ശ്രോതാവായി ഞാനവനൊപ്പം നടന്നു.

നടന്നുനടന്ന് ഞങ്ങൾ അവന്റെ അച്ഛന്റെ അടുത്തെത്തി. അവന്റെ സാമീപ്യമറിയാൻ അയാൾക്ക് കണ്ണുകളോ കാതുകളോവേണ്ടിവന്നില്ല. അയാളവനുനേരെ കൈനീട്ടി.

അവനോടിച്ചെന്ന് അയാളുടെ മുഖത്തും കയ്യിലുമെല്ലാം തൊട്ടും തലോടിയും എന്തൊക്കെയോ പറഞ്ഞുകൊടുക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കിനിന്നു. അവർക്ക് തമ്മിൽ വിശേഷങ്ങൾ കൈമാറാൻ സ്പർശനം മാത്രം മതിയായിരുന്നു. അവൻ പറഞ്ഞുതീർന്നപ്പോൾ അയാളെന്റെ നേരെ നോക്കി കൈകൂപ്പി…!

തിരിച്ചെന്ത് ചെയ്യണമെന്നെനിക്കറിയില്ലായിരുന്നു. ഞാനരികിൽ ചെന്ന് അയാളുടെ തോളിൽ കൈ വച്ചു. അയാളെന്റെ കൈ പിടിച്ച് അൽപനേരം അതിലെന്തോ പരതിനോക്കി. പിന്നെ പെട്ടെന്നൊരു പരിഭ്രാന്തിയോടെ എന്റെ കൈകൾ വിട്ട് തന്റെ മകനെ തിരഞ്ഞു. അവനെ ചേർത്തുപിടിച്ചിട്ട് വീണ്ടും എന്റെ നേരെ കൈകൂപ്പി.

ഞാനാ അച്ഛനുനേരെ തിരിച്ചും കൈകൂപ്പി. എന്റെ മനസ്സിലപ്പോൾ ആ അച്ഛനോടും മകനോടും സങ്കടമോ സഹതാപമോ ആയിരുന്നില്ല, ബഹുമാനമായിരുന്നു. ജീവിതത്തെ ജീവിച്ചുകൊണ്ടുതന്നെ നേരിടുന്ന അവരുടെ ഇച്ഛാശക്തിയോട്.

അല്ലെങ്കിൽത്തന്നെ, ധീരനായ അവനും അവനെപ്പോലൊരു മകനുള്ള ആ അച്ഛനും ആരുടെയും സഹതാപം ആവശ്യമില്ലായിരുന്നു.

അവരുടെ കയ്യിൽ അന്ന് ബാക്കിയുണ്ടായിരുന്ന പട്ടം മുഴുവനും ഞാൻ വാങ്ങി. രണ്ടെണ്ണം ഞാനവന് തിരികെക്കൊടുത്തു, ഒന്ന് അവനും, പിന്നെയൊന്ന് ഞാൻ കണ്ടിട്ടില്ലാത്ത അവന്റെ അനിയനും.

തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ അവനോടിവന്നെന്റെ കൈ പിടിച്ചു. എന്നിട്ട് സങ്കോചത്തോടെ പറഞ്ഞുതുടങ്ങി.

“സാറിന് ആവശ്യണ്ടായിട്ടല്ല, ഞങ്ങളെ സഹായിക്കാൻ വേണ്ടീട്ടാ ഇതുമുഴുവനും വാങ്ങണേന്ന് എനിക്കറിയാം. സാറ് വല്ല്യ ആളാ. അതോണ്ടാ ഇങ്ങനൊക്കെ ചെയ്യാൻ തോന്നണേ….അങ്ങനേള്ള സാറിനോട് ഇത് പറയാമോന്നെനിക്കറിഞ്ഞൂട. തെറ്റാണെങ്കി സാറെന്നോട് പൊറുക്കണം“

എന്റെ മുഖത്തേക്ക് നോക്കി അവൻ ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു. പിന്നെ തുടർന്നു.

“എന്റെ അമ്മയാ എന്നെ പട്ടമുണ്ടാക്കാൻ പഠിപ്പിച്ചേ. അമ്മക്ക് വല്ല്യ ഇഷ്ടായിരുന്നു പട്ടങ്ങള്‌. അമ്മയുള്ളപ്പോ എന്നേം അനിയനേം ഇവിടെ ഇടക്കിടക്ക് കൊണ്ടരാറ്‌ണ്ട്. ന്നിട്ട് ഞങ്ങളിവിടെ പട്ടം പറത്തിക്കളിക്കും. എത്ര നേരം കളിച്ചാലും മതിയാവാറില്ലായിരുന്നു അന്നൊക്കെ”

എനിക്ക് ആകാംക്ഷയായിത്തുടങ്ങി. എന്താണിവനെന്നോട് പറയാനുള്ളത്?

“അമ്മക്ക് ഇനീം കൊറേകാലം ഞങ്ങടെയൊക്കെ കൂടെ ജീവിക്കണംന്നുണ്ടായിരുന്നു. പക്ഷേ പറ്റീല്ല്യ. വല്ല്യേ എന്തോ അസുഖായിരുന്നു. രണ്ടുകൊല്ലാവാറായി ഇപ്പോ അമ്മ മരിച്ചിട്ട്. ഇപ്പോ ഞാനെന്റെ അമ്മേനെ കാണണത് ഈ പട്ടങ്ങളിലാ. ഇതൊക്കെ എന്റെ അമ്മ തന്ന്യാ. വാങ്ങണോര്‌ ഈ പട്ടം പറത്തുമ്പോ…അമ്മ ആകാശത്തിരുന്ന് സന്തോഷിക്കണ്‌ണ്ടാവും. എനിക്കും വല്ല്യ സന്തോഷാ അതു കാണണത്. അമ്മ മോളിലിരുന്ന് എന്നെ നോക്കണപോലെ തോന്നും ഇതൊക്കെ ഇങ്ങനെ പറന്നുനടക്കണത് കാണുമ്പോ”

പെയ്ത് തുടങ്ങാറായ ഒരു കാർമേഘം എനിക്കവന്റെ കണ്ണുകളിൽ കാണാം. അവന്റെ ശബ്ദം ഇടറിത്തുടങ്ങിയിരുന്നു. എന്റെ നേരെ കൈകൂപ്പിക്കൊണ്ടായിരുന്നു അവൻ ബാക്കി പറഞ്ഞത്.

”സാറിന്‌ പറ്റുംന്ന് വെച്ചാ….ഈ പട്ടങ്ങള്‌ വെറുതെ നശിപ്പിച്ച് കളയരുത്. പട്ടം പറത്താനിഷ്ടള്ള ആർക്കെങ്കിലും കൊടുക്കണം. എനിക്ക് കാണാൻ പറ്റിയില്ലെങ്കിലും…അതൊക്കെ എന്റെ അമ്മക്കെങ്കിലും കാണാല്ലോ….“

കണ്ണുനീരിന്റെ ഒരു നേർത്ത പാട അവനെ എന്നിൽനിന്നും മായ്ച്ചുതുടങ്ങിയിരുന്നു. എന്റെ കയ്യിലിരുന്ന ആ പട്ടങ്ങൾക്ക് അപ്പോൾ വെറും വർണ്ണക്കടലാസിന്റേയും നൂലിന്റേയും മാത്രം വിലയായിരുന്നില്ല. അവയിലോരോന്നിലും അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ മനസ്സുണ്ടായിരുന്നു. തന്റെ മക്കൾക്കൊപ്പം ജീവിച്ച് കൊതിമാറാതെ ഈ ലോകത്തുനിന്നും യാത്രയായ ഒരമ്മയുടേയും.

അന്ന് അവനോട് യാത്രപറഞ്ഞ് അവിടെനിന്നും തിരിച്ചുനടക്കുമ്പോൾ എന്റെ കയ്യിലുള്ള ആ പട്ടങ്ങൾ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഒന്നെനിക്ക് തീർച്ചയായിരുന്നു. ഇനിയുള്ള ജീവിതത്തിൽ മുന്നോട്ടുള്ള യാത്രകൾ ദുർഘടമാകുന്ന വേളകളിൽ ആ പട്ടം എനിക്ക് വഴികാട്ടിയാകും. നേരിടാനാവാത്ത പ്രതിബന്ധങ്ങളൊന്നും ജീവിതം നമുക്കുമുന്നിലേക്ക് നീട്ടില്ലെന്ന് ആ പട്ടം എന്നെ ഓർമ്മപ്പെടുത്തും.

പിറ്റേന്ന് ഓഫീസിലേക്കുള്ള വഴിയിലെ ഓർഫനേജിൽ വെച്ച് “ഒരു കുഞ്ഞുസുഹൃത്തിന്റെ സ്നേഹസമ്മാനം” എന്നെഴുതിയ ആ കവർ കുറേ കുരുന്നുകൾക്ക് കൈമാറുമ്പോൾ എന്റെ കണ്ണുകൾ മാത്രമല്ല, മനസ്സും നിറഞ്ഞുതുളുമ്പിയിരുന്നു….

0

About admin

Your reaction

NICE
SAD
FUNNY
OMG
WTF
WOW

Share this post on social media

Leave a Reply



OR


Note: Your password will be generated automatically and sent to your email address.

Forgot Your Password?

Enter your email address and we'll send you a link you can use to pick a new password.

Close
copyright Ezhthupura