മുഖത്ത് പ്രസന്നമയൊരു ചിരിയോടെ അയാള് പടി കടന്നു വന്നു. കൈയിലിരുന്ന പാത്രത്തില്നിന്ന് വരാന്തയില് വച്ചിരുന്ന പാത്രത്തിലേക്ക് പാല് നിറക്കുന്നത് നോക്കി നിന്ന എന്റെ മോനോടായി പറഞ്ഞു “ എല്ലാ കുട്ടികളും എന്നെ പാലപ്പൂപ്പന് എന്നാ വിളിക്കുന്നേ. മോണും അങ്ങനെ വിളിച്ചോളൂ”. പിന്നീടൊരിക്കലും ആ മനുഷ്യന്റെ പേരു ചോദിക്കണം എന്നു എനിക്കും തോന്നിയില്ല. പതുക്കെ പതുക്കെ പാലപ്പൂപ്പനും ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. എഴുപതുകളുടെ വാര്ധക്യത്തിലും മൂന്നു നാലു പശുക്കളെ നോക്കുന്ന ബുദ്ധിമുട്ടും, വയ്യാത്ത ഭാര്യയും എല്ലാം ഞങ്ങളുടെ സംസാരത്തില് പലപ്പോഴായി കടന്നുവന്നു.അതിനൊന്നും ഒരു ആവലാതിയുടെ ഭാവം അല്ലായിരുന്നു.സ്വന്തം പ്രായത്തിനോടും കാലത്തിനൊടുമുള്ള ഒരു വെല്ലുവിളിയുടെ ഭാവമായിരുന്നു അതിന്.
പിന്നീടൊരിക്കല് ഞാന് രണ്ടാമത്തെ കുഞ്ഞിനേയും ആയി നാട്ടില് നിന്നും തിരിച്ചെത്തിയ ദിവസങ്ങളില് ഒരുപാട് സ്നേഹത്തോടെ അതിലേറെ വാല്സല്യത്തോടെ ഒരു വൈകുന്നേരം പാലപ്പൂപ്പന് ഓടിയെത്തി. “എവിടെ പുതിയ കുഞ്ഞ്. മോനോ മൊളോ”. കുഞ്ഞിനെ കാണിച്ചു കൊടുത്തപ്പോള് വാല്സല്യത്തോടെ നോക്കി നിന്നിട്ടു പറഞ്ഞു “നന്നായിരിക്കട്ടെ”. അതൊരു അനുഗ്രഹമായി അവന്റെ നെരുകയില് എന്നും നിലനില്ക്കട്ടെ എന്നു ഞാന് മനസ്സില് പ്രാര്ഥിച്ചു.
ഞങ്ങള് പുതിയ വീട് വാങ്ങി താമസം മാറുന്നു എന്നും, പാലു കാച്ചിന് വരണം എന്നും ഞാന് പറഞ്ഞെങ്കിലും “വരലൊന്നുo നടക്കില്ല. ഞാന് പ്രാര്ഥിക്കും” എന്നു പറഞ്ഞു തിരിഞ്ഞു നടന്നകന്നു.
പുതിയ വീടും ജീവിതത്തിന്റെ തിരക്കുകളും ഒക്കെ ആയപ്പോള് ഞാനും പാലപ്പൂപ്പനെ മറന്നു തുടങ്ങി. അങ്ങനെ എന്റെ തിരക്ക് പിടിച്ച യാത്രകളുടെ ഇടയില് ഒരു ദിവസം റോഡ് അരികില് നിന്ന മനുഷ്യനില് എന്റെ കണ്ണുടക്കി. അരികില് നിന്ന ഒരു ബോര്ഡില് പടര്ന്നു കയറിയ വള്ളിചെടി വലിച്ചുപറിച്ചു കൂട്ടികൊണ്ട് പാലപ്പൂപ്പന് . വാര്ധക്യം ആ മുഖത്തേയും ശരീരത്തെയും കീഴ്പ്പെടുത്തിയിരിക്കുന്നു . ഏതോ ഒരു ഉള്വിതളിയില്‍ ഞാന് വണ്ടി നിറുത്തി . “പശുവിനു കൊടുക്കനാണോ? ” എന്റെ ചോദ്യം കേട്ട് അയാള് തിരിഞ്ഞു നോക്കി . വിഷാദം കലര്ന്നതെങ്കിലും വിടര്ന്ന ഒരു ചിരി തൂകികൊണ്ട് എന്റെ വിശേഷങ്ങള് തിരക്കാന് തുടങ്ങി . വീട്,കുഞ്ഞുങ്ങള്,അമ്മച്ചി എന്നു വേണ്ട എല്ലാ കാര്യങ്ങളും എണ്ണി പെറുക്കി അന്വേഷിച്ചു. “സുഖം അല്ലേ?” ഞാന് ചോദിച്ചു. ആ ചോദ്യത്തില് അയാള് കുറച്ചുനേരം നിശബ്ദനായി. പിന്നെ നേർത്ത ശബ്ദത്തിൽ പറയാൻ തുടങ്ങി.”കഴിഞ്ഞ ദിവസം പത്രത്തിൽ കണ്ടിരുന്നൊ ഒരാള് വെള്ളക്കെട്ടില് വീണ് മരിച്ചെന്ന്,അത് എന്റെ മോന് ആയിരുന്നു.ചുഴലിദീനക്കാരനായിരുന്നു. രാവിലെ നോക്കുമ്പോള് വീടിനടുത്തെ വെള്ളക്കെട്ടില്…..”.വാക്കുകള് പാതിയില് മുറിഞ്ഞു. എന്തു പറയണം ,എന്തു ചോദിക്കണം എന്നറിയാതെ ഞാന് നിന്നു. “ഇനി അവന്റെ ഭാര്യയും രണ്ടു ചെറിയ മക്കളും ഉണ്ട്”. അയാള് പറഞ്ഞു. വാര്ധക്യത്തില് തണല് ആകെണ്ട മകനെ തട്ടിയെടുത്തു അവന്റെ കുടുംബതതിന്റെ ഭാരം കൂടി ആ ചുമലില് വച്ചു കൊടുത്ത മരണം ആ കണ്ണുകളില് നിന്ന് തുളുമ്പിപ്പൊയ ഒരു തുള്ളി മിഴിനീരില് ചിരിച്ചു നിന്നു.
“ഇനി അവര്ക്ക് ഒരു വീട് ആക്കി കൊടുക്കണം. മക്കളെ പഠിപ്പിക്കണം.കുറേ ഉണ്ട് ചെയ്യാന്‍”.പുറംകൈ കൊണ്ട് കണ്ണീര്‍ തുടച്ച് അയാള്‍ പാല്പാറത്രം കൈയില്‍ എടുത്തു.ആശ്വസിപ്പിക്കണോ ധ്യൈര്യം പകരണോ എന്നറിയാതെ നിന്ന എന്നോട് പറഞ്ഞു. “എന്നെ കണ്ടപ്പോ ഇതു പോലെ വണ്ടി നിറുത്താന്‍ തോന്നിയല്ലോ,സംസാരിക്കാന്‍ തോന്നിയല്ലോ, ഒരുപാടു സന്തോഷം ആയി,ഒരുപാട്….ഇനി മോള്‍ പൊക്കൊ. ഞാനും പോട്ടെ”. നടന്നകലുന്ന ആ മനുഷ്യനെ നോക്കി നിന്നപ്പോള്‍ പണ്ട് എങ്ോ വായിച്ച രണ്ടു വരി കവിത മാത്രം എന്റെ മനസ്സില്‍ അലയടിച്ചു.
“ഹാ! വിജിഗീഷൂ മൃത്യുവിന്നാമോ,
ജീവിതത്തിന് കൊടിപ്പടം താഴ്ത്താന്”
Your reaction
Share this post on social media