“ഡാ നിനക്ക് കാള ഹസ്തി അമ്പലത്തെ പറ്റി അറിയാമോ?”
രാവിലെ ഓഫീസിൽ എക്സൽ ഡോകുമെൻറ്സുമായി മല്ലിടുന്നതിനു ഇടയിൽ കൂട്ടുകാരൻ വിഷ്ണുവിന്റെ കാൾ.
“ങാ ആന്ധ്രാ പ്രദേശിൽ അല്ലെ? തിരുപ്പതി അമ്പലത്തിന്റെ അടുത്താണെന്ന് തോന്നുന്നു. ഞാൻ പോയിട്ടില്ല. എന്താടാ?”
“അവിടെ ഒന്ന് പോകണം. വീട്ടിൽ ഭയങ്കര നിർബന്ധം. കൊച്ചിയിലെ ജോലിയും വിട്ടപ്പോൾ അമ്മ എന്റെ സമയം നോക്കിയാരുന്നു. കലിപ്പു സമയം ആണത്രേ. ആക്സിഡന്റ് ഉണ്ടായതുൾപ്പെടെഎല്ലാം അങ്ങേര് ഇങ്ങോട്ടു ചോദിച്ചത്രേ!. അമ്മ ആകെ വിരണ്ടു പോയി. ശരിക്കും സൂക്ഷിക്കണം എന്നാ പറഞ്ഞത്. ജോലി കിട്ടിയാലും നില നിർത്താൻ പാടാണെന്നാ പുള്ളി പറയുന്നത്. കുറേവഴിപാടൊക്കെ പറഞ്ഞിട്ടുണ്ട് അതിൽ ഒരെണ്ണം ഈ കാളഹസ്തി അമ്പലത്തിലാ. ഞാൻ ആണെങ്കിൽ കേട്ടിട്ട് പോലും ഇല്ല. അമ്മയാ പറഞ്ഞത് നിന്നോട് ചോദിക്കാൻ.”
ഇവന്റെ സമയം വളരെ മോശം ആണെന്ന് എനിക്കും മനസിലായി. ഇല്ലെങ്കിൽ ഇത്രേം അമ്പലങ്ങൾ ഇവിടെ ഉണ്ടായിട്ടും തെലുങ്കാന പ്രശ്നം കത്തി നിൽക്കുന്ന ആന്ധ്രയിലെ അമ്പലം തന്നെവേണമായിരുന്നോ ആ ജ്യോത്സ്യനു വഴിപാടു കുറിക്കാൻ. എനിക്ക് ചിരിയാണ് വന്നത്. അവനിപ്പോൾ ആറാമത്തെയോ ഏഴാമത്തെയോ ജോലി ആണ് വിടുന്നത്. പണ്ട് വീടിന്റെ അടുത്തുള്ളകാർ ഷോറൂമിൽ കിട്ടിയ ജോലി, അവിടത്തെ റിസപ്ഷനിസ്റ്റ് അവന്റെ സ്കൂൾ കാമുകി ആയിരുന്നു എന്നു പറഞ്ഞു വേണ്ടാന്നു വെച്ചവൻ ആണ് കക്ഷി. അവളുടെ കല്യാണം ഒക്കെകഴിഞ്ഞതാ. അവനു അവളെ ഫേസ് ചെയ്യാൻ ചമ്മൽ. ആ പുന്നാര മോൻ ആണ് ഇപ്പോൾ ജോലി തടസം മാറാൻ കാളഹസ്തി പോകാൻ പോകുന്നത്.
“നിനക്ക് എന്നാണ് പോകേണ്ടത്. എന്റെ ഒരു ഫ്രണ്ട് വിജയവാഡയിൽ ഉണ്ട്. ഞാൻ അവനോടു തിരക്കി പറയാം.” ഞാൻ ഫോണ് വെച്ചു.
അവൻ പറഞ്ഞ ദിവസം വെച്ച് നോക്കിയാൽ അവധി ദിവസം ആയകൊണ്ട് അമ്പലത്തിൽ തിരക്ക് ഉണ്ടാകാൻ ചാൻസ് ഉള്ളതാണ്. പിന്നെ അവിടെ ഇപ്പോളത്തെ അവസ്ഥ എന്താണെന്നും അറിയില്ല. എപ്പോളും ബന്ദും ഹർത്താലും ആണെന്നാണ് വാർത്തയിലൊക്കെ കാണുന്നത്. ഞാൻ എന്തായാലും വിജയവാഡയിൽ ഉള്ള അനീഷ് അണ്ണനെ വിളിച്ചുനോക്കാമെന്ന് വെച്ചു. കോളേജിൽ സീനിയർ ആയി പഠിച്ച അനീഷ്അണ്ണൻ വിജയവാഡയിൽ ഏതോ അമ്പലവും ആയി ബന്ധപ്പെട്ടാണ് കുറച്ചു വർഷമായി ജോലി ചെയ്യുന്നത് എന്നറിയാം.പുള്ളിക്ക് എന്തായാലും അവിടത്തെ അമ്പലങ്ങളെ പറ്റി അറിയാതിരിക്കില്ല.
അനീഷ്അണ്ണനെ വിളിച്ചത് എന്തായാലും നന്നായി. അമ്പലത്തിൽ പോകേണ്ട റൂട്ടും ട്രെയിൻ ഡീറ്റയിൽസും മറ്റു കാര്യങ്ങളും വിശദമായി പറഞ്ഞത് കൂടാതെ അമ്പലത്തിലെത്തുമ്പോൾസഹായത്തിനായി വിളിക്കാൻ പുള്ളിയുടെ ഒരു പരിചയക്കാരന്റെ നമ്പരും തന്നു. കിട്ടിയ വിവരങ്ങൾ ഞാൻ കയ്യോടെ വിഷ്ണുവിനെ വിളിച്ചു പറഞ്ഞു. അവന്റെ കൂടെ മാമന്റെ മകൻആണ് പോകുന്നത്. എന്നാലും അവനു ഞാൻ കൂടെ ചെല്ലണം എന്ന് നിർബന്ധം. എനിക്ക് ഇത് പോലുള്ള പഴയ അമ്പലങ്ങളിൽ പോകാൻ ഉള്ള താല്പര്യം അവനു നന്നായി അറിയാം.എനിക്കാണെങ്കിൽ ആ ദിവസങ്ങളിൽ അത്ര തിരക്കുള്ള പണി അല്ല. അത് കൊണ്ടു ഒന്നോ രണ്ടോ ദിവസം ലീവ് എടുത്താലും കുഴപ്പമില്ല. എന്തായാലും പോയേക്കാം എന്ന് തീരുമാനിച്ചു.
അങ്ങനെ പറഞ്ഞ ദിവസം ഞങ്ങൾ മൂന്നു പേരും ട്രെയിൻ വഴി കാളഹസ്തി എത്തി. ചെന്ന ഉടനെ ഞാൻ അണ്ണൻ പറഞ്ഞ പരിചയക്കാരനെ വിളിച്ചു. ലിംഗ സ്വാമി. തമിഴനാണ്. ഞങ്ങൾലോഡ്ജിൽ മുറി എടുത്തു ഒന്ന് ഫ്രഷ് ആയപ്പോളേക്കും പുള്ളി റൂമിലെത്തി. നല്ല സൈസിൽ ഒരു വീരപ്പൻ മീശക്കാരൻ. വെള്ള മുണ്ടും ഷർട്ടും ഒക്കെയായി അങ്ങേരെ കണ്ടാൽ പഴയ തമിഴ്സംവിധായകൻ K T കുഞ്ഞുമോൻ സ്റ്റൈൽ ഉണ്ടായിരുന്നു. അമ്പലത്തിൽ പൂജക്കുള്ള പൂവിന്റെ കോണ്ട്രാക്ടർ ആണ് കക്ഷി. സ്വാമിയുടെ പൂവിന്റെ ബിസിനസ്സിനു അനീഷ് അണ്ണൻഎന്തൊക്കെയോ കുറെ സഹായിച്ചിട്ടുണ്ടത്രെ. എന്തായാലും അങ്ങേർക്കു അവിടെ നല്ല പിടിപാട് ഉണ്ടെന്നു തോന്നി. ഞങ്ങളെ ആ ലോഡ്ജിൽ താമസിക്കാൻ സ്വാമി സമ്മതിച്ചില്ല. ദേവസ്വം വകഗസ്റ്റ് ഹൌസിൽ റൂം എടുത്തു സാധനങ്ങൾ അവിടെ എത്തിച്ചു തരാൻ വരെ സ്വാമി കൂടെ വന്നു. അമ്പലത്തെ പറ്റി പുള്ളിക്കാരൻ കുറെ പറഞ്ഞു തരുന്നുണ്ടായിരുന്നു. പക്ഷെ മിക്കതുംഞങ്ങൾക്കു മനസിലായില്ല. ഞങ്ങൾക്ക് തമിൾ അത്ര പിടിയില്ലെന്നു സ്വാമിക്കും മനസിലായി. വൈകിട്ട് പൂജക്ക് നട തുറക്കുന്നതിനു മുന്നേ സ്വാമിക്ക് അമ്പലത്തിൽ പോകണം. ഞങ്ങളുടെസഹായത്തിനായി പുള്ളിയുടെ ഒരു ജോലിക്കാരനെ കൂടെ വിടാം എന്ന് പറഞ്ഞു. സ്വാമിയുടെ കൂടെ തന്നെ ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു.പൂജക്ക് പൂവ് ഒരുക്കാനും മാല കെട്ടാനുംഒക്കെയായി സ്വാമിക്ക് പത്തോളം ജോലിക്കാർ ഉണ്ട്. പക്ഷെ കൂടുതലും തെലുങ്കരും പിന്നെ തമിഴരും ആണ്. അവരെ ഞങ്ങളുടെ കൂടെ അയച്ചിട്ട് കാര്യവും ഇല്ല. സ്വാമി ധർമ്മസങ്കടത്തിലായി.
ഞങ്ങൾക്ക് വേണ്ടി സ്വാമി കഷ്ടപ്പെടുന്ന കണ്ടു “സാരമില്ല, സമയം ഉണ്ടല്ലോ. ഞങ്ങൾ ഒറ്റയ്ക്ക് പൊയ്ക്കോളാം” എന്നൊക്കെ ഞങ്ങൾ പറഞ്ഞിട്ടും സ്വാമിക്ക് തൃപ്തി വരുന്നില്ല. അയാളുടെ ആതിഥേയമര്യാദ കണ്ടു ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി. അനീഷ് അണ്ണൻ ചിലപ്പോൾ അത്രയ്ക്ക് വേണ്ടപ്പെട്ട ആൾ ആയിരിക്കും സ്വാമിക്ക്. അവസാനം സ്വാമി എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു.
“കേരളാവിൽ നിന്നും ഒരാൾ ഇരുക്ക്. ആൾക്ക് ക്ഷേത്രത്തെ പറ്റി നന്നായി തെരിയും. ആനാൽ ഒരു പ്രശ്നം ഇരുക്ക്. ആൾ അധികം ആരോടും പേശമാട്ടെ. ഒക്കെ ആളുടെ മൂഡ് മാതിരി. എന്നോട്തമിൾ നാട് കോവിലുകളെ പറ്റി പ്രമാദമാ പേശിയിരുക്ക്.” സ്വാമി ഇതും പറഞ്ഞു ആളെ തപ്പി ഇറങ്ങി. അമ്പലത്തിൽ തിരക്ക് തുടങ്ങിയിരുന്നില്ല. ഞങ്ങൾ കാഴ്ചകൾ കണ്ടു സ്വാമി പോയവഴിയെ പതിയെ നടന്നു. പ്രധാന ഗോപുരം കടന്നു സ്വാമി ഇടനാഴിയിലേക്ക് നടന്നു. അവിടെ ഉത്തരേന്ത്യക്കാർ എന്ന് തോന്നിക്കുന്ന കുറച്ചു സന്യാസിമാർ ഇരിപ്പുണ്ടായിരുന്നു. സ്വാമിഅവരിൽ ആരെയോ തിരയുന്ന പോലെ തോന്നി. കുറച്ചു നടന്നിട്ട് സ്വാമി എതിരെ വന്ന ക്ഷേത്രം ജീവനക്കാരൻ എന്ന് തോന്നിക്കുന്ന ഒരാളോട് എന്തോ തിരക്കി. അയാൾ കുറച്ചു ദൂരെയായി ഒരുചെറിയ ക്ഷേത്രത്തിനു മുന്നിലെ പന്തലിൽ ഇരിക്കുന്ന ഒരാളെ ചൂണ്ടി കാണിച്ചു. സ്വാമി ഞങ്ങളെ കൈ കൊണ്ട് കൂടെ വരാൻ ആഗ്യം കാണിച്ചിട്ട് അങ്ങോട്ട് നടന്നു. താടിയും മുടിയും വളർത്തിയഒരു കാഷായ വേഷധാരി ആയിരുന്നു അവിടെ ഇരുന്നത്. സ്വാമി അയാളോട് എന്തോ പറഞ്ഞു. അയാൾ തിരിഞ്ഞു ഞങ്ങളെ നോക്കി. അയാളുടെ മുഖം ശ്രദ്ധിച്ച ഞാൻ ഞെട്ടിപ്പോയി.സജീവേട്ടൻ!!. സജീവേട്ടനല്ലേ അത്?. എൻറെ സംശയം ന്യായീകരിക്കുന്ന പോലെ ഒരു ഞെട്ടൽ അയാളുടെ മുഖത്തും ഉണ്ടായി.
ഞാനുമായി അടുത്ത് ഇടപഴകിയിട്ടില്ലെങ്കിലും ആ മുഖം എൻറെ ഓർമയിൽ നിന്നും മായാതിരിക്കാൻ എനിക്കു കാരണങ്ങൾ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് അമ്മവീട്ടിൽ നിന്ന് ആയിരുന്നുഎൻറെ സ്കൂൾ വിദ്യാഭ്യാസം. അമ്മ വീടിനോട് ചേർന്ന് തന്നെ ആയിരുന്നു സ്കൂൾ എന്നതായിരുന്നു കാരണം. വീടിനും സ്കൂളിനും ഇടയിലായി സാമാന്യം വലിയ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു.വൈകുന്നേരങ്ങളിൽ ആ നാട്ടിലെ യുവാക്കളൊക്കെ ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ അവിടെ ആയിരുന്നു വന്നിരുന്നത്. തീരെ കുട്ടി ആയിരിക്കുമ്പോൾ എൻറെ ഒരു മേച്ചിൽപ്പുറംആയിരുന്നു ആ ഗ്രൗണ്ട്. ചേട്ടന്മാർ കളിക്കാൻ കൂട്ടില്ലെങ്കിലും റണ്സ് എഴുതാനും വാച്ചും കാശുമൊക്കെ സൂക്ഷിക്കാനും എന്നെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്. ആ സമയത്ത് എന്റെയുംകൂട്ടുകാരുടെയും ഒക്കെ ഒരു സ്റ്റാർ ആയിരുന്നു ഈ സജീവേട്ടൻ. ഒരു തികഞ്ഞ ഓൾ റൌണ്ടർ ആയ സജീവേട്ടന്റെ ഫോം അനുസരിച്ചായിരുന്നു മത്സരങ്ങളിൽ ഞങ്ങളുടെ ടീമിന്റെ വിജയസാദ്ധ്യതകൾ. ചേട്ടന്മാർ കളിച്ചു പൊട്ടാറായ റബ്ബർ ബോൾ ഞങ്ങൾ പിള്ളേർ സെറ്റിനു കളിയ്ക്കാൻ തരുന്ന കാരണം സജീവേട്ടനും ടീമിനും ഒപ്പം ആയിരുന്നു ഞങ്ങൾ എന്നും. കളിയിൽ മാത്രമല്ലഓണത്തിനു ആഘോഷ പരുപാടികൾ സംഘടിപ്പിക്കാനും ക്ലബ്ബിന്റെ മേൽനോട്ടത്തിൽ മെഡിക്കൽ ക്യാമ്പുകൾ നടത്താനും ഒക്കെ സജീവേട്ടൻ ആയിരുന്നു നേതൃത്വം. വിവിധ രാഷ്ട്രീയപാർട്ടികളിൽ പ്രവർത്തിച്ചിരുന്ന ചേട്ടന്മാർ വരെ സജീവേട്ടന്റെ കീഴിൽ ക്ലബിനു വേണ്ടി ഒരുമയോടെ പ്രവർത്തിച്ചിരുന്നു. അങ്ങനെ മൊത്തത്തിൽ കുട്ടിക്കാലത്തെ എന്റെ ഹീറോ തന്നെആയിരുന്നു പുള്ളി. ഓണാഘോഷത്തിനു ഇടക്ക് എന്തെങ്കിലും ഒക്കെ വർക്ക് പുള്ളി നേരിട്ട് ഏൽപ്പിച്ചാൽ അത് ചെയ്തു തീർക്കാൻ ഞാൻ വളരെ വ്യഗ്രത കാണിച്ചിരുന്നു. പത്താം ക്ലാസ്സ്കഴിഞ്ഞു ഞാൻ എന്റെ വീട്ടിലേക്കു പോന്നപ്പോൾ അവരോടോക്കെയുള്ള ബന്ധവും അറ്റ് പോയി. സജീവേട്ടൻ അതിനു മുന്നേ ഏതോ സ്കൂളിൽ ടീച്ചർ ആയി ജോലി കിട്ടി പോയിരുന്നു. സ്കൂൾഗ്രൌണ്ടിനു ചുറ്റും മതിലും കൂടെ വന്നതോടെ അവിടത്തെ കളികളും തീർന്നു.
മറവിയിലേക്ക് പോകാതെ സജീവേട്ടന്റെ ഓർമ്മകൾ എന്നിൽ വീണ്ടും റീ ലോഡ് ചെയ്ത സംഭവം നടക്കുന്നത് ഞാൻ കോളേജിൽ പഠിക്കുമ്പോളാണ്. ഒരു ദിവസം രാവിലെ പത്രത്തിന്റെപേജുകൾ തുറന്നു നോക്കിയ ഞാൻ സാമാന്യം വലുതായി തന്നെ കൊടുത്തിരുന്ന ഒരു വാർത്ത ശ്രദ്ധിച്ചു. എറണാകുളം ബസ് സ്റ്റാന്റിൽ വെച്ച് ഒരു പെണ്ണിനെ കയറി പിടിച്ച ആളെ നാട്ടുകാർകയ്യോടെ പോലീസിൽ ഏൽപ്പിച്ചു എന്നതായിരുന്നു വാർത്ത. പ്രതിയുടെ ഫോട്ടോയും ഉണ്ടായിരുന്നു. അർഹിക്കുന്ന പരിഗണന നല്കി ഞാൻ ആ വാർത്ത വിട്ടു. പിന്നീട് അമ്മ വീട്ടിൽ നിന്നുംകസിൻ വിളിച്ചപ്പോൾ ആണ് എന്റെ കുട്ടിക്കാല ഹീറോ ആയിരുന്ന സജീവേട്ടൻ ആയിരുന്നു പ്രതി എന്നറിഞ്ഞത്. അവിശ്വസനീയതയോടെ ഞാൻ വീണ്ടും പത്രം തപ്പിയെടുത്തു നോക്കി.ഇപ്പോൾ ആ മുഖം എനിക്കു തിരിച്ചറിയാൻ പറ്റി. നാട്ടുകാർ തല്ലിയിട്ടാകണം മുഖം നീരുവന്നു വീർത്ത പോലെ ഉണ്ടായിരുന്നു. അവൻ തന്നെ എനിക്കു കാര്യം വിശദമായി പറഞ്ഞു തന്നു.പുള്ളി എറണാകുളത്താണ് ജോലി ചെയ്യുന്നത്. അന്ന് നല്ല ‘ഫിറ്റ്’ ആയിരുന്നത്രെ. ബസ് കയറാൻ നേരത്ത് മുന്നിൽ നിന്ന പെണ്കുട്ടിയെ അങ്ങേര് കയറി പിടിച്ചു. പെണ്ണ് ഉടനെ തിരിച്ചുകരണത്തടിച്ചു. വെള്ളത്തിന്റെ പുറത്തു പുള്ളി ആ പെണ്ണിനെ തല്ലുകയും ചെയ്തത്രേ. അതോടെ നാട്ടുകാർ കയറി പെരുമാറി പോലീസിൽ ഏൽപ്പിച്ചു. നല്ല അടി കിട്ടിയെന്നാ പറഞ്ഞു കേട്ടത്.അവൻ പറഞ്ഞു. ഞാൻ എന്നാലും അവിശ്വസനീയതയോടെ ചോദിച്ചു.
“അങ്ങേര് പണ്ട് വലിയ അലമ്പൊന്നും ഇല്ലാതിരുന്ന ആളായിരുന്നല്ലോ?”
“ങാ അങ്ങനെ വലിയ കുഴപ്പക്കാരൻ അല്ലായിരുന്നു. പക്ഷെ ഇവിടത്തെ അലമ്പ് ടീമുമായിട്ടാണ് പുള്ളിക്ക് കമ്പനി. കല്യാണം ഒക്കെ കഴിഞ്ഞു ഒതുങ്ങിയതായിരുന്നു. പക്ഷെ കഴിഞ്ഞഉത്സവത്തിനൊക്കെ അവരെല്ലാം വെള്ളമടിച്ചു പിരിഞ്ഞു നടപ്പുണ്ടായിരുന്നു.”
അവൻ ഫോണ് വെച്ചു കഴിഞ്ഞപ്പോളേക്കും എന്റെ മനസ്സിൽ കുട്ടിക്കാലത്ത് ഉണ്ടാക്കപ്പെട്ട ആ വിഗ്രഹം ഉടഞ്ഞിരുന്നു. അതിനു ശേഷം ഞാൻ സജീവേട്ടനെ പറ്റി ഒന്നും കേട്ടിട്ടില്ല.തിരക്കിയിട്ടുമില്ല. പക്ഷെ ഇപ്പോൾ ഇയാൾ ഇവിടെ? ഇനി കക്ഷി ജയിൽ ചാടുകയോ പരോളിൽ മുങ്ങുകയോ മറ്റോ ചെയ്തോ?
ഞാൻ വിഷ്ണുവിനോട് പതിയെ പറഞ്ഞു. ” ഡാ ഇയാളെ എനിക്കറിയാം. എന്റെ അമ്മയുടെ വീടിന്റെ അടുത്തുള്ള ആളാ. പണ്ട് ഒരു പെണ്ണിനെ കയറി പിടിച്ചതിനു ഇങ്ങേരെ പോലിസ്പൊക്കിയിട്ടുള്ളതാ. ഇങ്ങേര് ഇനി ജയിൽ ചാടി എങ്ങാനും പോന്നതാണോ?”
ഇത് കേട്ട് അവനും ഞെട്ടി. ” അളിയാ കലിപ്പാകുമോ?. നീ ഉദ്ദേശിക്കുന്ന ആളു തന്നെ ആണെന്ന് ഉറപ്പാണോ?”
ഞങ്ങൾ പിറുപിറുക്കുന്നത് കണ്ട് അയാൾ സ്വാമിയോട് എന്തോ പറഞ്ഞുകൊണ്ട് എഴുന്നേറ്റു. അവർ ഞങ്ങളുടെ അടുത്തേക്ക് വന്നു. സ്വാമിയുടെ മുഖത്ത് ആശ്വാസഭാവം ആയിരുന്നു.ആശ്വാസത്തോടെ പുള്ളി പറഞ്ഞു. “ഹാവൂ നിങ്ങൾ ഒന്നുകൊണ്ടും ഇനി പേടിക്കേണ്ട. ഈ സ്വാമി നിങ്ങളുടെ നാട്ടുകാരൻ ആണ്. പുള്ളിക്ക് അമ്പലത്തെ പറ്റി എല്ലാം തെരിയും. നിങ്ങളുടെകൂടെ വരാമെന്ന് സ്വാമി സമ്മതിച്ചു.”
അയാൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു. ഞങ്ങൾ എന്തെങ്കിലും പറയുന്നതിനു മുന്നേ അയാൾ എന്നോട് ചോദിച്ചു. “നമ്മൾ തമ്മിൽ എവിടെയോ കണ്ടപോലെ. നാട്ടിൽ എവിടെയാവീട്?”
എന്റെ സംശയം തീർന്ന ആത്മ വിശ്വാസത്തിൽ ഞാൻ തിരിച്ചു ചോദിച്ചു. “സജീവേട്ടൻ അല്ലെ?”
അയാളുടെ മുഖത്ത് ആശ്ചര്യ ഭാവം. “അതേ. പക്ഷെ എനിക്കങ്ങോട്ട് ഓർമ കിട്ടുന്നില്ല. നമ്മൾ തമ്മിൽ എവിടെ വെച്ചാ പരിചയം?”
ഞാൻ എന്നെ പറ്റിയും എനിക്ക് പുള്ളിയെ പരിചയം വരാൻ ഉള്ള സാഹചര്യവും പറഞ്ഞു. സജീവേട്ടൻ അത്ഭുതത്തോടെ പറഞ്ഞു. “എടാ നിന്നെ കണ്ടിട്ടു മനസിലായ പോലും ഇല്ല. കൊച്ചിലെനല്ല ഗുണ്ടുമണി ആയിരുന്നല്ലോ?ആ തടിയൊക്കെ എങ്ങനെ കുറച്ചു?”
ഞങ്ങൾ തമ്മിൽ സംസാരിക്കുന്ന കേട്ട് ഒന്നും മനസിലാകാതെ അന്തിച്ചു സ്വാമി ചോദിച്ചു. ” അടടാ നിങ്ങൾ പരസ്പരം തെരിയുമാ?”
സജീവേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഇവൻ എന്റെ ഊരുക്കാരൻ. കുഞ്ഞു നാളിലേ തെരിയും”
സ്വാമിക്കു സന്തോഷമായി. ഞങ്ങളെ സജീവേട്ടനെ ഏൽപ്പിച്ചു പുള്ളി അമ്പലത്തിലേക്ക് പോയി. വൈകിട്ട് റൂമിൽ വരാമെന്ന് പറഞ്ഞു.
സ്വാമി പോയപ്പോൾ ഞാൻ സജീവേട്ടനോട് ചോദിച്ചു. “ചേട്ടൻ എന്താ ഇവിടെ? എന്തായാലും ശെരിക്കും സർപ്രൈസ് ആയിട്ടുണ്ട്” ഞാൻ പുള്ളിക്ക് കൂടെയുണ്ടായിരുന്നവരെ പരിചയപ്പെടുത്തി കൊടുത്തു.
സജീവേട്ടൻ പതിയെ ആണ് സംസാരിച്ചിരുന്നത്. “ഞാൻ ഒരു തീർഥാടനത്തിൽ ആണ്. ഒരു നീണ്ട തീർത്ഥാടനം. ദക്ഷിണേന്ത്യയിലെ ഏകദേശം എല്ലാ ക്ഷേത്രങ്ങളും കഴിഞ്ഞു. ഇവിടെ നിന്നും നാളെതിരുപ്പതി ഭഗവാനെ കാണാൻ പോകും. അവിടെ നിന്നും ഉത്തരേന്ത്യയിലേക്ക്” ചേട്ടൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു നിർത്തി.
“നാട്ടിലോട്ടൊക്കെ ഇനി……?”
“ഇതെല്ലാം എന്റെ നാട് ആണല്ലോ? പുള്ളി ഒരു ചിരിയോടെ തുടർന്നു. ഒരു പ്രത്യേക നാടിനോട് എനിക്കിപ്പോൾ അറ്റാച്ച്മെൻറ് തോന്നുന്നില്ല. ഒരു പക്ഷെ ആരും എന്നെ കാത്തിരിക്കാൻഇല്ലാത്ത കൊണ്ടാകാം. ഒരു കാലത്ത് ഞാൻ എന്റെ അറ്റാച്ച്മെന്റുകളിൽ ശെരിക്കും അഹങ്കരിച്ചിരുന്നു. കുടുംബം, ജോലി, സ്റ്റാറ്റസ്, കൂട്ടുകാർ അങ്ങനെ ഓരോന്നിലും ഞാൻഅഹങ്കരിച്ചിരുന്നു. പക്ഷെ അതെല്ലാം നഷ്ടപ്പെടാൻ നിമിഷങ്ങൾ മതി എന്ന് എനിക്ക് മനസിലായി. നമ്മളെ സന്തോഷിപ്പിക്കുന്ന എല്ലാത്തിനും അതേ പോലെതന്നെയോ അല്ലെങ്കിൽ അതിലേറെയോ നമ്മളെ വിഷമിപ്പിക്കാനും പറ്റും. ജീവിതം എനിക്ക് കുറേ പാഠങ്ങൾ തന്നിട്ടുണ്ട്. അനുഭവങ്ങൾ എന്നോ വേദനകളെന്നോ വിളിക്കുന്നതിനേക്കാൾ അവയെ നിമിത്തങ്ങൾഎന്നു വിളിക്കാൻ ആണ് എനിക്കിഷ്ടം. നിങ്ങളെ ഇവിടെ കണ്ടുമുട്ടിയതും അങ്ങനെ ഒരു നിമിത്തം തന്നെ”
എനിക്കറിയാവുന്ന, ഞാൻ മനസിലാക്കിയിരുന്ന സജീവേട്ടൻ അല്ല ഈ സംസാരിക്കുന്നത് എന്ന് എനിക്ക് തോന്നി. ഒരു മുതിർന്ന സന്യാസിയുടെ വാക്കുകൾ പോലെ ശാന്തവും മനസിലേക്ക്ഇറങ്ങിചെല്ലുന്ന വിധം ദൃഡവും ആയിരുന്നു ആ വാക്കുകൾ.
“എന്നെക്കുറിച്ചുള്ള വാർത്തകളൊക്കെ നീയും കേട്ടിട്ടുണ്ടാകുമല്ലേ?”
ഞാൻ മറുപടി പറയാതെ തല കുനിച്ചു.
സജീവേട്ടൻ തുടർന്നു. “വാർത്തകൾ, തെളിവുകൾ ഇവയൊക്കെ ആണല്ലോ ഇപ്പോൾ ഒരാളുടെ ജീവിതം തന്നെ തീരുമാനിക്കുന്നത്. കേരളത്തിൽ ഇപ്പോൾ ഓരോ പീഡന വാർത്തയും ഒരുആഘോഷം ആണല്ലോ. ദിവസം ഒരു പീഡനവാർത്ത എങ്കിലും ഇല്ലാതെ പത്രം ഇറക്കാൻ പത്രക്കാർക്ക് കഴിയാത്ത അവസ്ഥ അല്ലെ? ഈ വാർത്തകളിൽ ഒന്നും സത്യം ഇല്ലാതില്ല എന്നല്ല.എന്നെപ്പോലെ കുറെ ഏറെ ആളുകൾ ഇതിനൊക്കെ ഇര ആകുന്നതുകൊണ്ട് പറഞ്ഞതാ. ആയിരം കുറ്റവാളികൾ രക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നുപറയുന്ന ഈ നാട്ടിലെ ജയിലുകളിൽ നല്ലൊരു ശതമാനം ആൾക്കാർ നിരപരാധികൾ ആണെന്നു ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ? ഞാനിതു വെറുതെ പറയുന്നതല്ല. എന്റെ രണ്ടുവർഷത്തെ ജയിൽവാസത്തിൽ നിന്നും നേരിട്ടു മനസിലാക്കിയതാ. മനപ്പൂർവ്വം കുറ്റം ചെയ്തവർക്ക് ജയിൽ ജീവിതം ഒരു ആഘോഷം ആകുമ്പോൾ എന്നെപ്പോലെ തെളിവുകളാൽ ജയിലിൽഅയക്കപ്പെടുന്നവർക്ക് യഥാർത്ഥ ശിക്ഷ ജയിലിനു പുറത്തുള്ള ജീവിതത്തിൽ നേരിടേണ്ടി വരുന്നു. അതൊന്നും പക്ഷെ ഒരിടത്തും വാർത്ത ആകുന്നുമില്ല ആരും ഒട്ടറിയുന്നുമില്ല”.
“സത്യത്തിൽ എന്താ സംഭവിച്ചത് സജീവേട്ടാ?” ഞാൻ ചോദിച്ചു.
“എനിക്കു സംഭവിച്ചതിനെ വിധി എന്ന ഒറ്റവാക്കിൽ ഉത്തരം പറയാനേ സാധിക്കൂ. അല്ലെങ്കിൽ അങ്ങനെ കരുതി മാത്രമേ എനിക്ക് അതുൾക്കൊള്ളാനാകൂ. ഏറ്റവും ഭാഗ്യവാൻ എന്ന്അഹങ്കരിച്ചിരുന്ന ഞാൻ ഏറ്റവും ഭാഗ്യംകെട്ടവൻ ആയത് വെറും നിമിഷങ്ങൾ കൊണ്ടായിരുന്നു. നല്ല പ്രായത്തിൽ തന്നെ ടീച്ചറായി ജോലി കിട്ടി. വീട്ടിലാണേൽ പറയത്തക്ക പ്രാരാബ്ധംഒന്നുമില്ല. അങ്ങനെ വീട്ടുകാർക്ക് അൽപം താല്പര്യക്കുറവുണ്ടായിരുന്നെങ്കിലും ഞാൻ ഇഷ്ടപ്പെട്ട പെണ്ണിനെ തന്നെ കല്യാണവും കഴിച്ചു. എറണാകുളത്തെ ഒരു സ്കൂളിൽ ആയിരുന്നു ജോലി.ദൂരം കുറച്ചു കൂടുതൽ ആയിരുന്നെങ്കിലും ഞാൻ ബൈക്കിനുതന്നെ ആയിരുന്നു ജോലിക്ക് പോയിക്കൊണ്ടിരുന്നത്. അന്നും അതുപോലെ ജോലിക്കുപോയതായിരുന്നു. തിരികെവരുമ്പോൾ കൂടെപഠിച്ച ഒരു കൂട്ടുകാരനെ കണ്ടുമുട്ടി. കോളേജിൽ നിന്നും പിരിഞ്ഞശേഷം നാളുകൾ കൂടി കാണുന്നത് കൊണ്ട് അവൻ നിർബന്ധിച്ചപ്പോൾ കൊച്ചിയിൽതന്നെയുള്ള അവന്റെ വീട്ടില് വെച്ചുഞങ്ങൾ ഒന്ന് കൂടി. അധികം താമസിച്ചില്ലെങ്കിലും മദ്യപിച്ചതുകൊണ്ട് ബൈക്കിന് യാത്ര വേണ്ട എന്നു തീരുമാനിച്ചാണ് ഞാൻ ബസ് സ്റ്റാൻറ്റിലേക്ക് പോയത്. മദ്യപിച്ചു വണ്ടി ഓടിച്ചതിന്പോലിസ് പിടിക്കുന്നതായിരുന്നു അതിലും നല്ലത് എന്ന് എനിക്കിപ്പോൾ തോന്നുന്നു.” സജീവേട്ടൻ ചിരിച്ചുകൊണ്ട് തുടർന്നു.
“ബസ് സ്റ്റാന്റിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. എന്റെ ബസ് വന്നപ്പോൾ കയറാനായി ഞാനും ഓടിച്ചെന്നു. തിക്കി തിരക്കി ഒരു വിധം വാതിൽ വരെ എത്തിയത് ഓർമയുണ്ട്.അകത്തേക്ക് കയറാനായി പടിയിലുള്ള കമ്പിയെ പിടിക്കാൻ മുന്നോട്ടാഞ്ഞ എന്നെ പെട്ടെന്ന് മുൻപിൽ കയറിക്കൊണ്ടിരുന്ന പെണ്കുട്ടി ഉച്ചത്തിൽ ചീത്ത വിളിച്ചുകൊണ്ടു കരണത്തടിച്ചു.അവളുടെ എവിടെയോ ഞാൻ കയറി പിടിച്ചു എന്നും പറഞ്ഞ് കരഞ്ഞുകൊണ്ട് അവൾ പിന്നെയും എന്നെ തല്ലാനോങ്ങി. അടി കിട്ടിയതോടെ അന്തിച്ചു പോയ എനിക്ക് ഒന്നും മനസിലായില്ല.എന്തായാലും അടുത്ത അടി വീഴുന്നതിനു മുൻപേ ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു. ഞാൻ എന്തു ചെയ്തെന്നാ പറയുന്നതെന്ന് ഞാൻ അലറി. ഞാൻ മദ്യപിച്ചിട്ടുണ്ടെന്നും കൂടിമനസിലാക്കിയതോടെ ബസ് കയറാൻ നിന്നവർ എനിക്കെതിരെ തിരിഞ്ഞു. പോരാത്തതിന് ഞാൻ ആ പെണ്ണിന്റെ കയ്യിൽ പിടിച്ചു നില്ക്കുന്നതാണ് എല്ലാവരും കാണുന്നതും. പട്ടിയെതല്ലുന്നതുപോലെയാണ് എന്നെ അവരെല്ലാം കൂടെ അവിടെയിട്ടു തല്ലിയത്. പോലിസ് വന്നു കൊണ്ടുപോകുന്നത് സത്യത്തിൽ എനിക്ക് ഓർമ പോലുമില്ല. എനിക്ക് സംഭവിച്ച ദുരന്തത്തിന്റെവലുപ്പം ഞാൻ മനസിലാക്കി വരുമ്പോളേക്കും എനിക്കെല്ലാം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഫോട്ടോ സഹിതം വാർത്ത എല്ലാ പത്രങ്ങളിലും വന്നു.കേസിനേക്കാളും വലുതായിരുന്നു അത്എനിക്കുണ്ടാക്കിയ വേദനകൾ. എല്ലായിടത്തും ഞാൻ ഒറ്റപ്പെട്ടു. എപ്പോളും കൂടെ ഉണ്ടാകും എന്ന് ഞാൻ കരുതിയ വീട്ടുകാരായിരുന്നു എന്നെ കൂടുതൽ വേദനിപ്പിച്ചത്. മാനക്കേട്ഓർത്തിട്ടായിരിക്കും അവർ കേസിനു എന്നെ സഹായിക്കാൻ വരാതിരുന്നത് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ അവർ എന്നെ പാടെ ഒഴിവാക്കുകയായിരുന്നെന്ന് പിന്നെയാണ്മനസിലായത്. ആ സംഭവത്തോടെ ആകെ തളർന്ന എന്റെ ഭാര്യയെ കൂടുതൽ വേദനിപ്പിക്കുകയാണ് അവർ ചെയ്തത്. ഞങ്ങൾക്ക് കുട്ടികളുണ്ടാകാതിരുന്നതും ഞാൻ കണ്ട പെണ്ണുങ്ങളെപിടിക്കാൻ പോയതുമെല്ലാം അവർ ആ പാവത്തിന്റെ കുറ്റമാക്കി. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസം താങ്ങാൻ വയ്യാഞ്ഞിട്ടാകണം ഞാൻ ജയിലിലായി അടുത്ത ദിവസം അവൾഅവളുടെ വീട്ടിൽവെച്ചു ജീവനൊടുക്കി. അവളെ ഒരുനോക്ക് കാണാൻ പോലും നാട്ടുകാർ എന്നെ സമ്മതിച്ചില്ല. ചോറും പൊതിഞ്ഞു തന്ന് സന്തോഷത്തോടെ അന്ന് എന്നെ യാത്രയാക്കിയഅവളെ പിന്നീട് ഞാൻ കണ്ടതേയില്ല. ഒരുതരം ശൂന്യത ആയിരുന്നു മനസ്സിൽ. ഒരു മരവിപ്പ്. ജയിൽ ജീവിതം ഞാൻ അറിഞ്ഞതേയില്ല. ജയിലിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ തികച്ചുംസ്വതന്ത്രനായിരുന്നു. എല്ലാ ബന്ധങ്ങളിൽ നിന്നും. ആരും, ഒന്നും എനിക്കായിട്ടില്ലാത്ത ഒരു ലോകം. അന്നു തുടങ്ങിയ യാത്ര ഇപ്പോൾ ഇവിടെ എത്തി നിൽക്കുന്നു. എനിക്കിപ്പോൾ ആരോടും ഒരുദേഷ്യവുമില്ല, പരാതിയുമില്ല. ആ പെണ്കുട്ടിയെ ഒരു പക്ഷെ അന്ന് ആ തിരക്കിൽ ആരെങ്കിലും ഉപദ്രവിച്ചു കാണും. അതിന്റെ പാപഭാരം ചുമക്കാൻ വിധിക്കപ്പെട്ടത് ഞാൻ ആയിരുന്നെന്നുമാത്രം. എനിക്ക്ഈ പരീക്ഷയെ കടക്കാനുള്ള കരുത്ത് ഉണ്ടെന്നു ദൈവത്തിനു തോന്നിയതു കൊണ്ടായിരിക്കും എന്നെ തിരഞ്ഞെടുത്തത്. പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.”
സജീവേട്ടൻ ശാന്തമായി തന്നെ പറഞ്ഞു നിർത്തുമ്പോൾ ആകെ മരവിച്ച അവസ്ഥയിലായിരുന്നു ഞങ്ങൾ. ഒന്നും അങ്ങോട്ട് പറയാനില്ലാത്ത അവസ്ഥ. ശബ്ദത്തിൽ ഒരു ഇടർച്ച പോലുമില്ലാതെഇത്രയും വലിയ ഒരു ദുരന്താനുഭവം പറഞ്ഞു തീർത്ത സജീവേട്ടനെ ഞങ്ങൾ എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കുന്നത്. മിഴിച്ചിരിക്കുന്ന ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. “ദീപാരാധനയ്ക്ക് സമയമായി. നമുക്ക് തൊഴാൻ പോകാം”
ദീപാരാധന തൊഴുമ്പോളും എന്റെ കാതിൽ സജീവേട്ടന്റെ വാക്കുകൾ ആണ് മുഴങ്ങിയിരുന്നത്. സാധാരണ തീർഥാടന യാത്രകൾക്ക് വിപരീതമായി അപ്രാവശ്യം ഞാൻ മടങ്ങുമ്പോൾ മനസ്സാധാരണയിലും പ്രക്ഷുബ്ധം ആയിരുന്നു.
0
Your reaction
Share this post on social media