അവളുടെ സൗന്ദര്യത്തിൽ നിന്നായിരുന്നു അയാളവളുടെ കാമുകനായത്. അവളുടെ മധുരമൊഴികൾക്ക് ഈണം നൽകിയാണ് അയാൾ ഒരു ഗായകനായത്. അവളുടെ ഏകാന്തതയുടെ ആഴം അളന്ന് അയാൾ ഒരു മനശാസ്ത്രജ്ഞനായി. അവളുടെ ചിരി മുത്തുകൾ പൊറുക്കി അയാൾ ഒരു ചിന്തകനായി. അവളുടെ കണ്ണിൽ നിന്നു വീണ കണ്ണുനീരിൽ നിന്ന് അയാൾ ഒരു കവിയായി. അവളുടെ കേശഭാരത്തിലെ കുടമുല്ല പൂക്കൾ കണ്ടപ്പോൾ അയാളൊരു സ്വപ്ന ജീവിയായി. അവളുടെ പ്രണയ പാരവശ്യങ്ങൾക്ക് മറുപടി എഴുതി അയാളൊരു ബുദ്ധിജീവിയായി. അയാളുടെ കാത്തിരിപ്പിന്റെ കനലരിഞ്ഞ കരിയിൽ നിന്നും കണ്മഷിയിട്ട് അവളുടെ കണ്ണുകൾക്ക് കരുണയും കാഴ്ചയും നഷ്ടപ്പെട്ടപ്പോൾ അയാളൊരു ഭ്രാന്തനായി. എന്നിട്ടും അയാൾ തൃപ്തനായില്ല. ഒടുവിൽ തന്റെ വ്യണപുഷ്പം ഇറുത്തെടുത്ത് പ്രണയിനിയുടെ പാദങ്ങളിൽ അർപ്പിച്ചപ്പോൾ അയാൾ ജഡമായി.
അനന്തതയിലേക്ക് ചിറകടിച്ചുയരുന്ന ആ ആത്മാവ് കല്പവൃക്ഷത്തിന്റെ പൊന്നോല തുമ്പിൽ ഒരു തൂക്കനാം കുരുവിയെ പോലെ കൂടു കൂട്ടി. കൂട്ടിനകത്തിൽ നിന്നും നീട്ടി നീട്ടി വിളിച്ചു തന്റെ പ്രണയിനിയെ. പക്ഷെ അയാളുടെ ശബ്ദം പ്രബഞ്ചത്തിലെവിടെയോ നഷ്ടപ്പെടുകയായിരുന്നു.
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media