മണി കൃത്യം മൂന്നു. കൈയ്യിലുള്ള നോട്ട്സ് എല്ലാം ഒരാവർത്തി വായിച്ചു കഴിഞ്ഞു. പക്ഷെ സിലബസിൽ പറഞ്ഞിട്ടുള്ള ചിലത് റഫറൻസ് ബൂകുകളിലോന്നും കാണുന്നില്ല. കോളേജിൽ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം. ഇനി പുസ്തകം മറിച്ചു നോക്കാൻ തോന്നുന്നില്ല. പുലരാൻ നേരം ഇനിയും ബാക്കി.അൽപനേരം പുതപ്പിനുള്ളിൽ കൂനിക്കൂടാം.
ഇന്ന് അവസാനത്തെ പരീക്ഷയാണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇന്നത്തെ പരീക്ഷയോടുകൂടി എഞ്ചിനീയറിംഗ് പഠനം പൂർത്തിയാവുകയാണ് . ഇന്ന് വൈകുന്നേരം നാട്ടിലേക്ക് പോകുന്നു. ദീർഘ നാൾ നാട്ടിൽ ചെലവഴിച്ച കാലം മറന്നു. പണ്ട്, അസൈൻമേന്റുകളും ടുഷൻ ക്ലാസ്സുമോന്നും വരിഞ്ഞു മുറുക്കാത്ത സ്വതന്ത്രമായ വേനലവധിക്കാലതയിരുന്നു അത് സാധ്യമായിരുന്നത്.
നാട്ടിൽ ചെന്നാൽ ഞാൻ അശ്വതി ചേച്ചിയുടെ ഒപ്പമായിരുന്നു അന്നൊക്കെ കിടക്കാറുള്ളതു. ചിത്തി അമ്മയുടെ ഒപ്പം കെടക്കും. രാവിലെ അമ്മമ്മ വന്നു വിളിക്കും “ആതീ എനീക്കു കുുട്ടി, പുലർചയായി “.
പ്രാതൽ കഴിച്ചു കഴിഞ്ഞാൽ ഞങ്ങളെല്ലാരും ഓരോ ദിശയിലേക്കു പോകും. ചിത്തിയും ഉണ്ണിയും മീൻ പിടിക്കാൻ പോകും. ഞാനും അശ്വതി ചേച്ചിയും തൊടിയിലും പറമ്പിലും ചുറ്റി നടക്കും. കിഴക്കെപാടം കടന്നു ചെല്ലുമ്പോൾ ഒരു കൊച്ചു തോടു കാണാം. വരമ്പും മറുകരയും ബന്ധിപ്പിച്ചു കൊണ്ട് പൊട്ടിപൊളിഞ്ഞ ഒരു പാലം ഉണ്ട്. അതിലൂടെ നീങ്ങി മറുകരയിലെത്തുമ്പോൾ ഒരു കുുറ്റിക്കാടെത്തി. അവിടെ ഒരുപാട് പൂക്കളുണ്ടായിരുന്നു. കുുറെ ദൂരം ചെല്ലുമ്പോൾ പച്ചപ്പുള്ള ഒരു തൊടി കാണാം. അവിടം നിറയെ മന്ദാരപ്പൂക്കളാ ണ് . ഒരിക്കൽ അശ്വതി ചേച്ചി എന്നോട് ചോദിച്ചു “ആയിരം മന്ദാരപ്പൂക്കൾ ഒരുമിച്ചു വിരീണതു ആതി കണ്ടടിണ്ടോ?”
“ഇല്ല” ഞാൻ പറഞ്ഞു .
അശ്വതി ചേച്ചി തുടർന്ന് “നല്ല രസാത്രേ! കോരിതരിക്കൂൂന്നു…ജീവിതത്തിലെ ഏറ്റവും സന്തോഷം അതാന്നു തൊന്നൂന്നാ നെലം തുടക്കണ കുുർണ്ണി പറേണെ…. ഞാ കണ്ടിട്ടില്ല്യാട്ടോ! നമുക്കൊരൂസം പൊലർചെയെത്തി മന്ദാരങ്ങൾ വിരീണതു കാണാട്ടോ…” [ പക്ഷെ മന്ദാരങ്ങൾ വിരിയുന്നത് ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല.]
ദിവസം മുഴുവനും അലഞ്ഞു തിരിഞ്ഞു ഒടുവിൽ തിരിച്ചെത്തി കുളിച്ച ശേഷം അമ്മമ്മയോടൊപ്പം ഞാങ്ങൾ നാല് പേരും നാമം ജപിച്ചിരുന്നു. കിണ്ടിയിൽ വെള്ളം നിറയ്ക്കലും ചെമ്പരത്തി പൂവ് പറിച്ചു അതിൽ തിരുകി വയ്ക്കലും എന്റെ മാത്രം ചുമതലയായിരുന്നു. അത് ചെയ്യാൻ മറ്റാരെയും ഞാൻ അനുവദിച്ചിരുന്നില്ല.
അത്താഴം കഴിഞ്ഞാൽ ബഹു രസമാണ്. അമ്മയും വല്യമ്മയും ചേർന്ന് മാങ്ങ മുറിക്കും. അച്ഛനും വല്യച്ചനും സംഭാഷണങ്ങളിൽ ഏർപ്പെടും. അപ്പോൾ ഞാൻ ഓടിച്ചെന്നു അച്ഛന്റെ മടിയില സ്ഥാനം പിടിക്കും. അച്ഛൻ സംസാരത്തിനിടെ കുലുങ്ങിചിരിക്കുമ്പോൾ ഞാനും കുലുങ്ങിയിരുന്നു. അതെന്റെ പ്രിയപ്പെട്ട വിനോദമായിരുന്നു. അച്ഛൻ ചിരി നിർത്തുമ്പോൾ ഞാൻ പറയും ” ഇനിയും ചിരികൂ അച്ഛാ ഇനിയും…”
ഒരിക്കൽ ചിത്തി പറഞ്ഞു “എനീക്കു ആച്ചി ഇനി ഞാ ഇക്കട്ടെ പ്ലീസ് ……”പക്ഷെ ആ സ്ഥാനം വിട്ടു കൊടുക്കാൻ ഞാൻ തയാറായില്ല. അമ്മ പറഞ്ഞു ” ആതീ ഇത്തിരി നേരം നീയാ കുട്ടീനെ ഇരിക്കാൻ സമ്മതിക്കൂ… ഓൾ നീ ചോയിക്കനതൊക്കെ തരില്യേ?”
“ഞാ മിണ്ടില്ല്യ ” ചിത്തി കരഞ്ഞു.
അപ്പോൾ എനിക്ക് തോന്നി ശരിയാണ് അമ്മ പറഞ്ഞത് . ചിത്തി എല്ലാം എനിക്ക് തരാറുണ്ടായിരുന്നു. പണ്ടൊരിക്കൽ വീടിന്റെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കെ ചിത്തിക്ക് ഹൃദയത്തിന്റെ ആകൃതിയിൽ ഒരു കല്ല് കിട്ടി… “ആചീ ദാ ഒരു ഹാർട്ട് ഷേപ്പ് കല്ല് …. ദാ എടുതോള് “എന്ന് പറഞ്ഞു എന്റെ നേർക്ക് നീട്ടി .. സന്തോഷത്തോടെ ഞാനത് വാങ്ങി സുജു മാമൻ സമ്മാനിച്ച ചതുരാകൃതിയിലുള്ള ചുമന്ന പെട്ടിയിൽ സൂക്ഷിച്ചു വച്ചു. അത് മാത്രമല്ല വിശിഷ്ടമെന്നു തോന്നിയ എന്ത് കിട്ടിയാലും ചിത്തി എനിക്ക് തന്നിരുന്നു. അതൊക്കെ ഓർത്തപ്പോൾ തെല്ലൊരു കുറ്റബോധത്തിൽ നിന്നുതിർന്ന കണ്ണുനീർ എന്നെ അച്ഛന്റെ മടിയിലെ സ്ഥാനം വിട്ടൊഴിയാൻ പ്രേരിപ്പിച്ചു. അന്ന് മുതൽ ചിത്തിയുടെതായി ആ സ്ഥാനം.
ഒരിക്കൽ അശ്വതി ചേച്ചി എന്നെയും കൂട്ടി മച്ചിന്റെ മുകളിൽ കയറി. അവിടെ കയറുന്ന കോണിപ്പടികൾ ഒന്നിൽ ചിത്രപണി ചെയ്തു വച്ചിരുന്നു. അത് ചൂണ്ടിക്കാട്ടി അശ്വതി ചേച്ചി പറഞ്ഞു “ഇത്മ്മേ ചവിട്ടരുത് ട്ടോ! പാപം കിട്ടും …ഒടുവിൽ നമ്മൾ ചോര തുപ്പി മരിക്കും… കുുർണ്ണിയാ പറഞ്ഞെ!”
[പിന്നീടൊരിക്കലും ചിത്രപ്പണിയുള്ള ഒന്നിലും ഞാൻ ചവുട്ടിയിരുന്നില..പദ്മനാഭപുരം പാലസിൽ ചെന്നപ്പോൾ അവിടത്തെ തറയിൽ ചിത്രപ്പണികളിൽ ചവിട്ടാതെ നടക്കാൻ ശ്രമിച്ചു കാലു മടങ്ങുന്നത് വരെ ഞാൻ ആ സർക്കസ് തുടർന്ന് പോന്നു. ]
മചിനു മുകളിൽ യഥേഷ്ടം സ്ഥലമുണ്ടായിരുന്നു. അവിടെ ഒരുപാട് കാല്പെട്ടികൾ ഒടിഞ്ഞു കിടന്നിരുന്നു. അതിലൊന്നിൽ തപ്പിയപ്പോൾ കീറിയ പട്ടു ജാക്കെററ്റുകൾ കണ്ടു. അമ്മൂമ്മയുടെതായിരിക്കുമെന്നു ഞങ്ങൾ ഊഹിച്ചു. ചിതലരിച്ച പുസ്തകങ്ങളും, മുഖം തിരിച്ചറിയാനാവാത്ത വിധം മങ്ങിയ ഗ്രൂപ്പ് ഫോട്ടോകളും, മാറാല പിടിച്ച സ്റ്റാൻടുകളും മറ്റും കണ്ടു.
അവിടെ എവിടെയെങ്കിലും ‘തറച്ച’ ആണിയുണ്ടോ എന്ന് ഞാൻ പരതി നോക്കി. സിനിമകളിൽ അത്തരം ആണികൾ വലിചൂരുന്നവർ യക്ഷിയായി മാറിയിരുന്നു. [അത്തരമൊരു പരീക്ഷണത്തിന് എനിക്ക് താത്പര്യമുള്ളത് കൊണ്ടാവും ‘പ്രേതക്കളി’ കളിക്കുമ്പോൾ യക്ഷിയായി തെരഞ്ഞെടുക്കപെട്ടിരുന്നതിൽ ഞാൻ അഭിമാനിച്ചിരുന്നു. എന്നാൽ പിന്നെ മനസിലായി അസാമാന്യമായ വലുപ്പമുള്ള എന്റെ കണ്ണുകളും, നിര തെറ്റി വിരൂപമായ പല്ലുകളുമാണ് യക്ഷിയാവനുള്ള എന്റെ യോഗ്യത എന്ന്.]പക്ഷെ മച്ചിന്റെ മുകളിൽ അത്തരത്തിൽ ആണികളൊന്നും കണ്ടില്ല.
അപ്പോളാണ് അശ്വതി ചേച്ചി വിളിച്ചു പറഞ്ഞത് ” ആതീ നോക്കു ഇത് കണ്ടോ?”
ഒരു ഭംഗിയുള്ള ലൊക്കറ്റയിരുന്നു അത്. നടുക്ക് തിളങ്ങുന്ന ഒരു കല്ലുണ്ടായിരുന്നു. അതിനെ വെയിലത്ത് കാണിക്കുമ്പോൾ മഴവില്ലിന്റെ നിറം കാണാൻ സാധിച്ചിരുന്നു. അതിനു ചുറ്റുമുള്ള ലോഹ നിർമിതമായ ആവരണത്തിന്റെ നിറം മങ്ങിയിരുന്നു. അശ്വതി ചേച്ചി പറഞ്ഞു ” ദാ ഏടത്തോളൂ സൂക്ഷിച്ചു വെക്കൂട്ടോ എന്റെ സമ്മാനാതു.”
അതെവിടെ വെക്കണമേന്നെനിക്കറിയാമായിരുന്നു.. ‘ഹാർട്ട് ഷേപ്പ്’ കല്ല് വച്ചിരിക്കുന്ന പെട്ടിയിൽ…. ആ പെട്ടിയിൽ ആ കല്ല് കൂടാതെ വേറെയും വസ്തുക്കളുണ്ടായിരുന്നു. രുഗ്മ സമ്മാനിച്ച ദൈവത്തിന്റെ കുഞ്ഞു രൂപം, ശബരിമലയിൽ നിന്ന് കിട്ടിയ മയിൽ പീലി, ഗുരുവായൂരിൽ നിന്ന് കിട്ടിയ മൂന്നു കുന്നിക്കുരു, ഒരു വലിയ മുത്ത് … പിന്നെ അവർക്ക് കൂട്ടായി പുതിയ ലൊകറ്റുമെത്തി. പക്ഷെ വർഷങ്ങൾക്ക് ശേഷം ആ പെട്ടി എനിക്ക് നഷ്ടമായി. ആ നഷ്ടം ഇന്നും എന്നെ പിടിച്ചുലയ്ക്കുന്നു…………………………….
മണി 6 കഴിഞ്ഞു. 12 മണികൂറുകൾക്ക് ശേഷം ഞങ്ങൾ ട്രെയിനിൽ ആയിരിക്കും. നാട്ടിലേക്കുള്ള യാത്ര. അശ്വതി ചേച്ചിയും ഭർത്താവും കുട്ടികളും എത്തിയിട്ട്‌ണ്ടാവും. ഉണ്ണി ബംഗ്ലോരിൽ നിന്നും നാളെ തിരിക്കും. ഞങ്ങൾ നാളെയെത്തും. എല്ലാവരും കൂടെ അമ്മാമയുടെ പിറന്നാൾ ആഘോഷിക്കും.
ഇതെല്ലം ഓർക്കുമ്പോൾ മനസ്സില് കോരിത്തരിപ്പ് അനുഭവപെടുന്നു.. ഇതായിരിക്കുമോ കുുർണ്ണി അനുഭവിച്ച കോരിത്തരിപ്പ്? അതെ എന്റെ മനസ്സിൽ ഇപ്പോൾ ആയിരമല്ല കൊടാനുകോടി മന്ദാരപ്പൂക്കൾ ഒരുമിച്ചു വിരിഞ്ഞിരിക്കുന്നു……………..
0
Your reaction
Share this post on social media