വൃത്തിയുള്ള വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും. കറുത്ത ഫ്രെയിമുള്ള കണ്ണട. കഷണ്ടി കയറിയ തലയില്‍ ചീകിയൊതുക്കിയ കറുപ്പിച്ച മുടി. മോണോലിസാ പുഞ്ചിരിയുമായി അഞ്ചടി ഉയരമുള്ള എന്‍റെ പ്രൊഫസ്സര്‍.
അന്നും പ്രൊഫസ്സര്‍ ക്ലാസിലെത്തിയപ്പോള്‍ എട്ടുപത്തു പുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരുന്നു. ചട്ടയിടാത്ത ആ പുസ്തകങ്ങള്‍ ഏതെന്നു എല്ലാവരും അറിയട്ടെ എന്ന ഭാവത്തില്‍ അവ മേശപ്പുറത്ത് ഞങ്ങള്‍ക്കഭിമുഖമായി തിരിച്ചും മറിച്ചും വെച്ചു. ഞങ്ങള്‍ അവ ഓരോന്നായി വായിച്ചു തുടങ്ങി.
കുട്ടികൃഷ്ണമാരാര്‍ എഴുതിയ ‘മലയാള ശൈലി’, ‘ഭാരതപര്യടനം’, ഖലീല്‍ ജിബ്രാന്‍റെ ‘ഒടിഞ്ഞ ചിറകുകള്‍’, തകഴിയുടെ ‘ചെമ്മീന്‍’, ടാഗോറിന്‍റെ ‘ഗീതാഞ്ജലി’, കെ എം തരകന്‍ എഴുതിയ ‘മലയാള നോവല്‍ സാഹിത്യചരിത്രം’. അതോടൊപ്പം അദ്ദേഹമെഴുതിയ ചുവന്ന പുറംചട്ടയുള്ള ചില നോവല്‍ പഠനങ്ങളും!
എന്നും പ്രൊഫസ്സര്‍ ഇങ്ങനെയാണ്. ഞങ്ങളെ പഠിപ്പിക്കാനായി അദ്ദേഹത്തിന് നല്‍കിയ പേപ്പര്‍ ‘മലയാള സാഹിത്യ വിമര്‍ശനം’ ആയിരുന്നെങ്കിലും എല്ലാ ക്ലാസുകളിലും അദ്ദേഹം പറഞ്ഞു പറഞ്ഞ് കാടുകയറി ഒരു നൂറു കാര്യങ്ങളിലേക്ക് പോകുമായിരുന്നു. എന്നും അദ്ദേഹത്തിന്‍റെ അടുത്ത പുസ്തകത്തിനുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങളുടെ ക്ലാസില്‍ നിന്നായിരുന്നു തുടങ്ങിയിരുന്നത്. ഞങ്ങള്‍ പതിനഞ്ചു പേര്‍ക്ക് മുന്‍പില്‍ ഒരു പുതുപുസ്തകത്തിന്‍റെ കുറ്റിയടിക്കലും തറക്കല്ലിടലും വാസ്തുബലിയും കഴിച്ചേ അദ്ദേഹത്തിന് തൃപ്തിയാകൂ.
മനസ്സിലുദിക്കുന്ന ആശയങ്ങള്‍ അച്ചടിഭാഷയുടെ വ്യക്തതയോടെ വിസ്തരിക്കുമ്പോള്‍ ആദ്യവരിയിലിരിക്കുന്ന നാലുപേര്‍ പണിപ്പെട്ടു കണ്ണുകള്‍ തുറന്ന് നിശ്ചലരായിരിക്കും. പിറകെയിരിക്കുന്നവര്‍, കലാശാലയിലെ മൂന്നാം നിലയിലെ ക്ലാസില്‍ നിന്നും ദൂരെ വെയിലത്ത് തിളങ്ങുന്ന അറബിക്കടലിന്‍റെ സൌന്ദര്യമാസ്വടിക്കും. ചില നേരങ്ങളില്‍ താഴയുള്ള കശുമാവിന്‍തോപ്പില്‍ ചുറ്റിക്കറങ്ങുന്ന കമിതാക്കളുടെയും കന്നുകാലികളുടെയും കണക്കെടുപ്പ് നടത്തും. ഇതിലൊന്നും പെടാത്ത ഞാന്‍ എന്‍റെ മനോരാജ്യങ്ങളിലും പകല്‍ക്കിനാവുകളിലും പലയിടത്തും പോയി വരും.
പാണ്ഡിത്യം ഏറെയുണ്ടെങ്കിലും മുന്നിലിരിക്കുന്നവരുടെ അപ്പോഴത്തെ ആവശ്യങ്ങള്‍ മറന്ന് അദ്ദേഹം സ്വന്തം വിചാരങ്ങള്‍ പങ്കു വെയ്ക്കും. വ്യാകരണസംബന്ധിയായ കാര്യങ്ങള്‍ ഏറെ അറിയില്ലെങ്കിലും, നല്ല പ്രയോഗങ്ങളും ശൈലികളും ആ നാവില്‍ നിന്നുതിരും. വായനാനുഭവങ്ങളിലൂടെ പുരാണകഥാപാത്രങ്ങളെയും അന്യഭാഷകളിലെ കഥാപാത്രങ്ങളെയും ഒരേപോലെ സ്വന്തം ദര്‍ശനങ്ങളില്‍ ഉചിതമായി ചേര്‍ത്ത് അദ്ദേഹം വിവരിക്കും. ആ വാക്ധോരണിയില്‍ ഇടയ്ക്കെല്ലാം നര്‍മ്മവും ചിരി പടര്‍ത്തും.
അടുത്തു തന്നെ പുറത്തിറങ്ങുന്ന പുസ്തകം നോവല്‍സംബന്ധിയായ ഏതോ ഒന്നായിരിക്കുമെന്ന് ഞാനും ഊഹിച്ചു. അന്ന് പഠിപ്പിക്കേണ്ട വിഷയം ആധുനികകവിത്രയത്തെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു എങ്കിലും, മഹാഭാരതത്തില്‍ നിന്നും പര്യടനമാരംഭിച്ചു ഒടിഞ്ഞ ചിറകുകളിലും ചെമ്മീനിലും എത്തി, മോപ്പസാങ്ങിലേക്കുള്ള യാത്രയിലായിരുന്നു, പ്രൊഫസ്സര്‍. ആശയക്കുഴപ്പത്തിലായ ഞങ്ങള്‍ നിസ്സഹായരായി പരസ്പരം നോക്കി വിഷാദാത്മകമായി പുഞ്ചിച്ചിരുന്നു. ഉച്ചഭക്ഷണസമയമടുത്തപ്പോള്‍ ‘നൂറ്റൊന്നാവര്‍ത്തിച്ച ക്ഷീരബല’ക്കാര്യങ്ങള്‍ പറയുന്നത് കേട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു.
അന്ന്, സന്ദര്‍ഭവശാല്‍ പ്രൊഫസ്സര്‍ പ്രതികരണശേഷി നഷ്ടപ്പെടുന്ന പുതുതലമുറയെക്കുറിച്ച് ആശങ്കയുണര്‍ത്തി. അദ്ദേഹത്തിന്‍റെ സ്വരം പതിവിലുമധികം ഉച്ചസ്ഥായിയിലായി. തലമുറകളുടെ വിടവ് സൃഷ്ടിച്ച കാര്യങ്ങള്‍ ആത്മരോഷത്തോടെ അദ്ദേഹം ന്യായീകരിച്ചു. അതുകേട്ട് തളര്‍ന്നിരുന്ന പതിനഞ്ചു മനസ്സുകളും ഞെട്ടിയുണര്‍ന്നു. അവര്‍ പരസ്പരം നോക്കി തലയാട്ടി.
പെരുമഴ പോലെ ഉതിരുന്ന വാക്കുകള്‍ക്കിടയില്‍ എനിക്കരികെ ഇരുന്നിരുന്ന പ്രിയ സുഹൃത്ത് എഴുന്നേറ്റ് പ്രൊഫസ്സറോടു ചോദിച്ചു, “സര്‍, നമുക്ക് മുഖാമുഖം’ സിനിമയെക്കുറിച്ച് സംസാരിക്കാം. അതിനെക്കുറിച്ച് എന്താണ് സാറിന്‍റെ അഭിപ്രായം?”
അക്കാലത്ത് പുറത്തിറങ്ങിയ മലയാളസിനിമകളില്‍ ഏറെ വിവാദമായ അവാര്‍ഡ് ചിത്രമായിരുന്നു ‘മുഖാമുഖം’. അടൂര്‍ ഗോപാലകൃഷ്ണന്‍ രചനയും സംവിധാനവും ചെയ്ത ‘മുഖാമുഖം’ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധചിത്രമാണെന്നും അല്ലെന്നും വാദപ്രതിവാദങ്ങള്‍ മാധ്യമങ്ങളില്‍ രൂക്ഷമായിരുന്ന കാലമായിരുന്നു അത്.
എന്തും അപ്പപ്പോള്‍ വിവരിക്കാനും ന്യായീകരിക്കാനും പ്രാപ്തിയുള്ള പ്രൊഫസ്സര്‍ക്ക് ലോകസിനിമയെക്കുറിച്ച് ഒരു പിടിപാടും ഉണ്ടായിരുന്നില്ല. നാലുകാലില്‍ വീണു രക്ഷപ്പെടുന്ന അദ്ദേഹം സിനിമാക്കാര്യത്തില്‍ മാത്രം അഭിപ്രായം പറയാന്‍ തയ്യാറാകുമായിരുന്നില്ല. എന്‍റെ സുഹൃത്തിന്‍റെ പെട്ടെന്നുള്ള ‘ഗോള്‍ കിക്ക്’ തടയാനുള്ള കരുത്തില്ലാതെ നിര്‍ന്നിമേഷനായി പ്രൊഫസ്സര്‍ നിന്നു. ചുവന്നു തുടുത്ത ആ മുഖത്ത് നവരസങ്ങളില്‍ ഒതുങ്ങാത്ത ഒരു ഭാവം പ്രകടമായി. നിമിഷങ്ങള്‍ക്കകം മേശപ്പുറത്തിരിക്കുന്ന പുസ്തകങ്ങള്‍ കൈകളിലൊതുക്കി അദ്ദേഹം പുറത്തിറങ്ങി. നിശ്ശബ്ദരായി ഞങ്ങള്‍ കലാശാലാഹോസ്റ്റലിലെ മെസ്സിലേയ്ക്കും നടന്നു നീങ്ങി.
അന്ന് ക്ലാസ്സ് തുടങ്ങുന്നതിനു മുന്‍പ് അദ്ദേഹം പറഞ്ഞത് ഞാനോര്‍ത്തു, ” നമുക്ക് മുന്നില്‍ ഇരിക്കുന്നവര്‍ വെറും വിഡ്ഢികളാണെന്ന് ആരും വിചാരിക്കരുത്. നാം എന്തു പറയുമ്പോഴും, അത് കേള്‍ക്കുന്ന ആളുകളെ അറിഞ്ഞു വേണം സംസാരിക്കാന്‍!”
ഇക്കാലമാത്രയും കുട്ടികള്‍ക്ക് മുന്‍പില്‍ വാദ്ധ്യാര്‍വേഷം കെട്ടിയാടുമ്പോള്‍, വരികള്‍ക്കിടയില്‍ വര്‍ത്തമാനത്തില്‍ നിന്നും ഭൂതകാലത്തിലേയ്ക്ക് അറിയാതെ വഴി തെറ്റുമ്പോള്‍ എന്‍റെയുള്ളില്‍ ഒരു രൂപം ഉള്ളില്‍ തെളിയും…
വൃത്തിയുള്ള വെള്ള ഷര്‍ട്ടും ഡബിള്‍ മുണ്ടും. കറുത്ത ഫ്രെയിമുള്ള കണ്ണട. കഷണ്ടി കയറിയ തലയില്‍ ചീകിയൊതുക്കിയ കറുപ്പിച്ച മുടി. മോണോലിസാ പുഞ്ചിരിയുമായി അഞ്ചടി ഉയരമുള്ള എന്‍റെ പ്രൊഫസ്സര്‍…!
0
Your reaction
Share this post on social media