കൃത്യമായി ഓർക്കുന്നില്ല!
കൌമാരം യൌവനത്തിലേക്ക് പടരുന്നതിന് മുൻപുള്ള,
ഏതോ ഒരു ദശാസന്ധിയിരിക്കണം,
എനിക്ക് ചുറ്റും ഒരു മണ്പുശറ്റ് കിളിച്ചത്
വിവിധാനുപാതത്തിൽ അലസത, ഉഴപ്പ്,വിമുഖത ഇത്യാദികളുടെ
മിശ്രണത്തിലായിരുന്നു അതിന്റെ അങ്കുരണം
വളർച്ച പക്ഷെ വിസ്മയകരമായിരുന്നു!
മീശ കിളിർക്കും പോലെ അല്ലെങ്കിൽ താടി വളരും പോലെ
ഒരു ജൈവികവളർച്ചയുടെ എല്ലാ സ്വാഭാവികതയുമതിനുണ്ടായിരുന്നു
മുഖം നോക്കിയ കണ്ണാടികളിലൊന്നും അത് പക്ഷെ പ്രതിഫലിക്കപ്പെട്ടില്ല
കണ്ണാടിക്കു പകരമായി കരുതിയ ചങ്ങാതിയിലും
അറിഞ്ഞിരുന്നെങ്കിൽ ……
മുളയിലെ നുള്ളാമായിരുന്നു..!
എന്നു വ്യാമോഹിക്കുന്നു, സന്തപ്തയൗവ്വനം!
അങ്ങനെയിരിക്കെ ഒരു നാൾ ഉഷ്ണകാറ്റടിച്ചു.
അതിൽ പിന്നെ പുറ്റിനുള്ളം ഉഷ്ണമേഖലയായി
അതുവരെയും സുഖശീതളമായ ഈർപ്പത്തിൽ –
ഗർഭജലത്തിൽ ശയിക്കും പോലെയായിരുന്നു
ജീവസന്ധാരണം.
വരണ്ടു തുടങ്ങിയതിൽ പിന്നെ ഉലപോലെരിയുകയാണ്
ഈ വാല്മീകാവൃതയൗവനം!
നഷ്ടബോധം പേറി നീങ്ങുന്ന ചൂടുകാറ്റ് ,
വരണ്ടുവിണ്ട മണ്കങവചത്തിനുള്ളിലേക്ക്
വീശിയടിക്കാറുണ്ടിടക്കിടെ, അപ്പോൾ-
കറുത്ത സത്യങ്ങൾ ചുവക്കെ ചിരിക്കും.
ഇനിയിപ്പോൾ…
ഒരു നെടുവീപ്പിന്റെ ഉത്സർജ്ജനത്താൽ
പിളർന്നു പോകുന്ന പുറ്റിൽ നിന്നും പൊടികുടഞ്ഞൂർന്നു വരാൻ
ഞാനൊന്നു കടുത്തുച്ച്വസിക്കട്ടെ!
ഒരു ശലഭപിറവി സ്വപ്നം കണ്ടിരുന്നീയിടെ
എങ്കിൽ പ്രഭാതസ്വപങ്ങൾ നടക്കുന്നതാണെന്ന്
നിങ്ങൾക്ക് നാളെ ഉദാഹരിക്കാം…
കാട്ടുകള്ളൻ കവിയായതും പുറ്റിൽ കിടന്നല്ലോ!
സൂരജ് എൻ പി
0
Your reaction
Share this post on social media