മഴ കനത്തു വരുന്നുണ്ടല്ലോ, ഞാന് വൈപ്പറിൻറെ സ്പീഡ് അടുത്ത ലെവലിലേക്ക് മാറ്റി. കാര്യമില്ല ഈ മഴയത്ത് വണ്ടിഓടിക്കുന്ന കാര്യം വളരെ കഷ്ടമാണ് .
പക്ഷെ പോവാതെ വയ്യല്ലോ , രാത്രി തന്നെ വീട്ടിലെത്തേണ്ട കാര്യമുണ്ട് എന്താ ചെയ്ക . സ്ട്രീറ്റ് ലൈറ്റ്കള് കത്തുന്നുമില്ല,വല്ല മരവും ലൈനിന് മുകളിലേക്ക് വീണിട്ടുണ്ടാവും ,
അമ്മാതിരി മഴ അല്ലെ പെയ്യുന്നത് . വഴി കാണാന് പലപ്പോഴും ഹെഡ്ലൈറ്റ്ൻറെ വെളിച്ചം പോരാതെ വരുന്നു.ഇടക്കിടക്കുള്ള മിന്നല് സഹായമായിതോന്നിയത് ജീവിതത്തില് ഇത് ആദ്യമായിട്ടാണ്.
മിന്നലിൻറെ വെളിച്ചത്തിലാണ് കണ്ടത്, ഒരു വൃദ്ധന്, ആകെ നനഞ്ഞൊലിച്ചിട്ടുണ്ട് . കണ്ടപ്പോള് കഷ്ടം തോന്നി, മെല്ലെവഴിഅരുകിലേക്ക് കാര് ഒതുക്കി, ഏകദേശം വൃദ്ധൻറെ മുന്നിലായി നിര്ത്തി.
അയാള് ആരെയോ പ്രതീക്ഷിച്ചു നില്ക്കുന്നതു പോലെ തോന്നി. കാര് അടുത്ത് വന്നു നിന്നിട്ടും ശ്രദ്ധിച്ച മട്ടില്ല . വഴിയുടെഅങ്ങേ അറ്റത്തേക്കാണ് ശ്രദ്ധ മുഴുവനും. ഇനി ബസ് കാത്ത് നില്ക്കുകയവുമോ?
ടൌണിലേക്കുള്ള ലാസ്റ്റ് ബസ് ഏകദേശം ഒരു ഇരുപതു മിനിട്ട് മുന്പാണ് എൻറെ കാറിനെ മറി കടന്നു പോയത്. ഞാന്അപ്പോഴാണ് അയാളെ ശ്രദ്ധിച്ചത്, പ്രതാപകാലത്ത് നല്ല ആരോഗ്യവാനായിരുന്നിരിക്കണം ,
മുടിയും താടിയും അപ്പാടെ നരച്ചിട്ടും നല്ല ബലിഷ്ടമായ ദേഹം. ഞാന് മെല്ലെ കാറിൻറെ വാതില് തുറന്നു ചോദിച്ചു, “അമ്മാവാ ആരെയാ കാത്ത് നില്ക്കുന്നത് , അതും ഈ കൊടും മഴയത്ത് ,
ഇനി ഈ സമയത്ത് ഇതു വഴി ബസ് ഒന്നും ഇല്ല, ടൌണിലേക്കാണെങ്കിൽ ഞാന് വിടാം. പക്ഷെ അയാളുടെ മറുപടിഎന്നെ ശരിക്കും അദ്ഭുതപ്പെടുത്തി . ” നീ വരും എന്നെനിക്കറിയാം, എന്നാൽ എനിക്ക് കേറേണ്ട വണ്ടി ഇതല്ല,എൻറെ വണ്ടി ഇപ്പോള് വരും, പക്ഷെ നീ വിഷമിക്കേണ്ട ആവശ്യമില്ല, നിൻറെ വണ്ടിയിലുള്ള യാത്ര ഇനിഒരിക്കലാവാം.
ദൂരെ നിന്നും അടുത്തുവരുന്ന ഹെഡ് ലൈറ്റിൻറെ വെളിച്ചം കണ്ടപ്പോള് അയാള് ഉത്സാഹഭരിതനാവുന്നതുപോലെ തോന്നി. വേഗത്തില് വന്ന കാറിനു മുന്നിലേക്ക് അയാള് എടുത്തു ചാടി കൈവീശി ,
കാര് അയാളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില് നിന്നു, ഉയര്ത്തി വെച്ച ഗ്ലാസില് ഇടിച്ചു കൊണ്ട് അയാള് ആ യാത്രക്കാരനോട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, തീര്ച്ചയായും അയാള് കാറിലെ യാത്രക്കാരനോട്
ലിഫ്റ്റ് ചോദിക്കുകയായിരിക്കും. ഭ്രാന്തനാണെന്ന് തോന്നുന്നു. അല്ലെങ്കില് പിന്നെ ലിഫ്റ്റ് കൊടുക്കാന് തയ്യാറായ എന്നെ വിട്ടിട്ടു ആ കാറിനെ എന്തിനാ തടയുന്നത്. മടിച്ചു മടിച്ചാണെങ്കിലും വാതില് തുറന്നു കൊടുത്ത
യാത്രക്കാരനെ ഒരു മിന്നലില് ഞാന് കണ്ടു. സുമുഖനായ ഒരു ചെറുപ്പക്കാരന്, ഏറിയാല് ഒരു മുപ്പതു വയസ്സുണ്ടാവും, എന്നെക്കാളും ഇരുപതു വയസ്സിനെങ്കിലും ചെറുപ്പം, ഇനിയും ജീവിതം ഒരുപാടു ബാക്കി, ഭാഗ്യവാന്.
അപ്പോഴേക്കും അവര് കാര് വിട്ടു പോയിരുന്നു.
ഞാന് മെല്ലെ കാര് സ്റ്റാര്ട്ട് ചെയ്തു മുന്നോട്ടെടുത്തു . രണ്ടു വളവു കഴിഞ്ഞില്ല ഒരു മരത്തില് ഇടിച്ചു തകര്ന്നു കിടക്കുന്ന ചെറുപ്പക്കാരൻറെ കാര്. ഞാന് വണ്ടി നിര്ത്തി ഓടിച്ചെന്നു, രക്തത്തില് കുളിച്ചു കിടക്കുന്ന ചെറുപ്പക്കാരന്,
പക്ഷെ ആ വൃദ്ധന് , അയാളെവിടെ? വീണ്ടും ഒരു മിന്നല്… ആ വെളിച്ചത്തില്……. വഴിയുടെ മറു വശത്ത് ചരിച്ചു കൊണ്ട് കൈവീശി ആരെയോ യാത്രയാക്കുന്ന വൃദ്ധന്……അപ്പോഴേക്കും മഴ ശമിച്ചു തുടങ്ങിയിരുന്നു…പിന്നെ…..
എൻറെ ചെവിയില് അയാളുടെ വാക്കുകള് മുഴങ്ങി ….. നിൻറെ വണ്ടിയിലുള്ള യാത്ര ഇനി ഒരിക്കലാകാം!
Your reaction
Share this post on social media