കേരളത്തിന്റെ വടക്കേയറ്റത്തുള്ള ഒരു ഗ്രാമം. തറവാടിന്റെ ഉമ്മറത്ത് കാര്ന്നോരൊന്നു മയങ്ങി തുടങ്ങിയതെയുണ്ടായിരുന്നുള്ളൂ. മുറ്റത്തൊരു കാലനക്കം കേട്ടാണ് ഞെട്ടിയെണീറ്റത്.
“അല്ലാ ഇതാര് രാഘവനോ..? എന്താ ഇപ്പൊ ഈ വഴിക്കൊക്കെ..? നിന്റെ തള്ള ദീനം വന്ന് ചത്തപ്പോ അത്രടം വരെ ഒന്ന് വരാന്നോര്ത്തതാ. വയ്യാര്ന്നു, തീരെ വയ്യാര്ന്നു. പണ്ടീവീട്ടില് എത്ര പറ നെല്ലാ നിന്റെ തള്ളേം തന്തേം ഉണക്കിതന്നേക്കണത്.”
“കഴിഞ്ഞ ദിവസം ഇവിടുള്ളോര് കുറച്ചു കോഴിക്കുഞ്ഞുങ്ങളെ മേടിച്ചെന്നുകേട്ടു..?”
“ഉവ്വ്..കഴിഞ്ഞീസം പനങ്ങാട്ട് ചന്തേല് പോയപ്പോ നല്ല ഒന്നാന്തരം കോഴിക്കുഞ്ഞുങ്ങള്… കായ് സ്വല്പം കൂടുതലാണേലും ഒന്നാന്തരം ഒരു പെടയും അതിന് പറ്റിയ ഒരു പൂവനേം മേടിച്ചു..ന്താ രാഘവാ ചോദിച്ചേ..? നീയും മേടിച്ചുവോ…?”
“എന്നിട്ടീ പെടയെയും പൂവനെയും ഒരു കൂട്ടിലാണോ ഇടാറ്..? പകല് ഒരുമിച്ചഴിച്ചുവിടുമായിരിക്കും”
“ഹയീ ഇത് നല്ല കഥ…പിന്നെ ഓരോന്നൊരോന്നിനെയായിട്ടഴിച്ചുവിടാന് പറ്റ്വോ..? നീയെന്താപ്പോ ഇങ്ങനനോക്കെ ചോദിക്കണേ..?”
“കാര്ന്നോരെ അതൊക്കെ പണ്ട്… ഇപ്പൊ ഈ നാട്ടില് പുതിയ വ്യവസ്ഥിതികളാണ്. മുട്ടയിടാന് പ്രായമാവാത്ത കോഴിക്കുഞ്ഞിനെ ഈ പൂവന്കോഴിയുടെ കൂടെ ഇങ്ങനെ രാത്രിയിലും പകലും വിടാന് ഞങ്ങള് സമ്മതിക്കില്ല.”
“ശിവ ശിവ..പിന്നെ ന്വാം എന്തു വേണേന്നാ നിങ്ങള് പറയണത്..?”
” കോഴിക്കൂട് ഒന്നൂടെ പണിയണം. ഒന്നില് പിട, മറ്റേതില് പൂവന്. രണ്ടും തമ്മില് പകല് കാണാനോ ഒന്നിച്ച് ഇര പിടിക്കനോ പാടില്ല… പിട മുട്ടയിടാറാവുമ്പോ വേലികെട്ടിത്തിരിച്ച് രണ്ടിനേം ഇടണം… പുറത്ത് വിടുന്ന നേരത്ത് അതുങ്ങടെ മേല് എപ്പോഴും ഒരു കണ്ണുവേണം..”
“ഇതെന്ത് വിഡ്ഢിത്താണ് രാഘവാ നീയിയെഴുന്നള്ളിക്കണത്..? നമ്മളെന്തിനാ ഇതിന്റെയൊക്കെ പുറകെ നടക്കുന്നത്..? എന്ത് വേണമെന്നും എപ്പോ വേണമെന്നുമൊക്കെ അതുങ്ങക്കറിയാന്മേലെ..?”
“അവരിപ്പോ അങ്ങനറിയണ്ടാ.. പറഞ്ഞപോലെ ചെയ്തില്ലെങ്കില് ഈ മുക്കാലിഞ്ച് കോഴിക്കൂട് ഞങ്ങള് തല്ലിപ്പൊളിക്കും..മനുഷ്യനായാലും കോഴിയായാലും പ്രായപൂര്ത്തിയാവുന്നതിനു മുന്പ് തമ്മില് കാണുന്നതും സംസാരിക്കുന്നതും ഭാരത സംസ്കാരത്തിന് ചേര്ന്നതല്ല”
“എന്ത് തെമ്മാടിത്തരമാണെടാ നീ പുലമ്പുന്നത്…? ആണും പെണ്ണും ഒന്നിച്ച് കാണാന് മേലത്രേ. മൂവന്തിനേരത്ത് കെട്ട്യോന് ചത്ത വടക്കേലെ ശന്തേടെ വീട്ടില് നീ പൂവറുണ്ടെന്ന് ഇവിടുത്തെ വാല്യക്കാര് പറയാറുണ്ട്…എന്നിട്ടവന് ഈ തറവാടിന്റെ ഉമ്മറത്തുവന്നു നിന്ന് സദാചാരം പ്രസംഗിക്കുന്നു. പൊക്കോണം ഇവിടുന്ന് അല്ലെങ്കില് ന്റെ ഊന്നുവടീടെ ചൂട് നീയറിയും.”
“എടൊ പരട്ട കാര്ന്നോരെ, ശന്തേടെ വീട്ടില് പോണോ വേണ്ടയോ എന്നുള്ളതൊക്കെ എന്റെയിഷ്ടമാണ്…. അതിലൊരുത്തനും ഇടപെടണ്ടാ.. ഇപ്പറയണ ശാന്ത കാര്ന്നോരുടെ പെങ്ങളൊന്നുമല്ലല്ലോ..”
“നിയ്ക്യും അത് തന്നെയാ നിന്നോടും ചോദിക്കാനുള്ളത്… ഈ കിടക്കണ പെടക്കൊഴിനെ നിന്റെ വീട്ടിന്ന് കൊണ്ടുവന്നതോന്നുമാല്യാലോ..? വന്ന് വന്ന് കോഴിക്കുപോലും പുറത്തിറങ്ങി നടക്കാന് വയ്യാതായല്ലോ ന്റെ ഭഗവതി.. ഏതേലും ഒരാണും പെണ്ണും ഒന്നിച്ച് കണ്ടാ നിനക്കൊക്കെയെന്തിനാട ഇത്ര ചൊറിച്ചില്..? വല്യ സദാചാരക്കാര് വന്നിരിക്കുന്നു… എറങ്ങിക്കോണം ഇപ്പൊ എന്റെ മുറ്റത്തൂന്ന്..”
“ദേ മൂപ്പിലനെ..”
“പ്ഫാ…”
പിറ്റേന്ന് രാവിലെ കോഴിക്കൂടും കുഞ്ഞുങ്ങളും ഒരു പിടി (സദാ)ചാരമായിതീര്ന്നിരുന്നു. ശാന്തേടെ വീട്ടില് പോകുംവഴിയാണ് രാഘവന് കൂട് കത്തിച്ചതെന്ന് ഒരു കൂട്ടരും, എന്നാല് തിരിച്ച് പോവുന്ന നേരത്താണ് കത്തിച്ചതെന്ന് മറ്റൊരു കൂട്ടരും വാദിച്ചു. ആ രാത്രീലും അയാള് ശാന്തേടെ വീട്ടില് പോണത് കണ്ടതായി ഇരുകൂട്ടരും ഒരുപോലെ സമ്മതിച്ചു.
0
Your reaction
Share this post on social media