ആ പേര് അയാളെ ആദ്യമായി വിളിച്ചത് ആരാണെന്നറിയില്ല. പ്രായഭേദമെന്യേ ആളുകൾ അയാളെ വിളിച്ചിരുന്നത് അങ്ങനെയായിരുന്നു. ഞങ്ങൾ കുട്ടികൾക്കും അയാൾ വറീതാപ്ലയായിരുന്നു.നേരിട്ട് വിളിക്കേണ്ടുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും വറീതാപ്ലയെന്ന പേര് ഞങ്ങളുടെ മനസ്സിൽ മുതിർന്നവർ എപ്പോഴൊക്കെയോ അടയാളപ്പെടുത്തിയിരുന്നു.
സ്കൂളിൽ പോകുമ്പോഴാണ് വറീതാപ്ലയെ മിക്കവാറും കണ്ടുമുട്ടിയിരുന്നത്.റോഡരികിൽ കൈക്കോട്ടുമായി നിൽക്കാറുണ്ടായിരുന്ന ആ മനുഷ്യൻ കൂലിപ്പണിയെടുക്കുകയാണെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. തോർത്തുമുണ്ട് തലയിൽ കെട്ടി മുഷിഞ്ഞ മുണ്ടും ധരിച്ച് കൈയിൽ പണിയായുധവുമായി നിൽക്കുന്ന വറീതാപ്ല മനസ്സിലെ പരമ്പരാഗത കൂലിപ്പണിക്കാരൻ്റെ ചിത്രത്തെ നൂറു ശതമാനവും സംതൃപ്തിപ്പെടുത്തുന്നതായിരുന്നു. ഞങ്ങൾ കടന്നു പോകുമ്പോൾ കിളയ്ക്കുന്നത് നിർത്തി തലേക്കെട്ടഴിച്ച് മുഖത്തെയും കൈയിലേയും വിയർപ്പു തുടച്ച് മുറുക്കാൻ കറയുള്ള പല്ലുകൾ കാട്ടിച്ചിരിക്കുന്ന വറീതാപ്ലയെ ഞങ്ങൾക്ക് അത്രക്കൊന്നും ഇഷ്ടമല്ലായിരുന്നു.
ഇഷ്ടപ്പെടാതിരിക്കാൻ കാരണമുണ്ട്. ഞങ്ങളുടെ വീടിനു മുമ്പിലൂടെ ഒരു വലിയ ചാലൊഴുകുന്നുണ്ട്. മഴക്കാലത്ത് അമ്പലക്കുളം നിറഞ്ഞ് ആ ചാലിലൂടെ കുത്തിയൊഴുകും. ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം അത് ഭാരതപ്പുഴയാണ്. നിറഞ്ഞു കുത്തിയൊഴുകുന്ന ആ ചാലിൽ കാലിട്ടിളക്കിക്കളിക്കുന്നതാണ് മഴക്കാലത്തെ പ്രധാന വിനോദം. സന്ദർഭോചിതമായ പാട്ടുകൾ പാടി അഭിനയിക്കാനും ഞങ്ങൾ മറന്നിരുന്നില്ല. കടലാസുവഞ്ചികളുണ്ടാക്കി ചാലിലൂടെ ഒഴുക്കുന്ന സമയത്ത് അതിഭീകരമാം വിധം “തങ്കത്തോണി തെന്മലയോരം കണ്ടേ ” എന്ന പാട്ട് പാടി മഴവിൽക്കാവടിയിലെ ഉർവ്വശിയെപ്പോലെ ഞാനും സോജയും തല അങ്ങോട്ടുമിങ്ങോട്ടും ആട്ടിയിരുന്നു. “പുഴയോരത്ത് പൂന്തോണിയെത്തീലാ… ” എന്ന പാട്ടും ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിച്ചിരുന്നു. ഈ ക്രൂരകൃത്യം നാഷണൽ ഹൈവേയുടെ അരികിൽ വെച്ചാണ് നടത്തിയിരുന്നതെന്നോർക്കണം. ദൈവം സഹായിച്ച് മാനാഭിമാനങ്ങളെക്കുറിച്ചുള്ള അതിഭീകരസദാചാരചിന്തകളാൽ ഞങ്ങളുടെ ബാല്യം ചുറ്റപ്പെട്ടിരുന്നില്ല. പ്രത്യേകിച്ചും എൻ്റെ.ആളുകൾ നോക്കുമ്പോഴാണ് എന്നിലെ കലാകാരി സടകുടഞ്ഞെഴുന്നേൽക്കുക.സോജ ചിലപ്പോൾ നിശ്ശബ്ദയാകും. ഞാനവൾക്കും കൂടി വേണ്ടി ഭീകര പ്രകടനം നടത്തും. അച്ഛൻ്റെ കൂട്ടുകാർ വരുമ്പോൾ കുമ്മിയും നാടൻ പാട്ടും പുറത്തെടുത്തിരുന്ന അനുഭവസമ്പത്ത് എന്നിലെ കലാകാരിയുടെ ലജ്ജയെ പാടേ നശിപ്പിച്ചു കളഞ്ഞിരുന്നു. ഒരു പ്രകടനം കഴിഞ്ഞാൽ നിർത്താൻ വേണ്ടിയാണ് ആളുകൾ ആവേശത്തോടെ കയ്യടിച്ചിരുന്നതെന്ന് മനസ്സിലാക്കാനുള്ള അതീന്ദ്രിയ ജ്ഞാനം നമുക്കന്നില്ലായിരുന്നല്ലോ!
പാട്ടും കാലിട്ടിളക്കലും കണ്ട് റോഡിലൂടെ പോകുന്നവർ ചിരിക്കുമായിരുന്നു. ബസ്സിൽ പോകുന്നവർ ഇടയ്ക്ക് കൈയുയർത്തി വീശുമ്പോൾ ഞങ്ങൾ ആവേശത്തിരയിലാഴും. കാലിട്ടിളക്കിക്കളിക്കിടയിൽ നാളികേരവും കുപ്പികളും കാലിൽ വന്ന് തട്ടുമ്പോൾ ഞങ്ങൾ കാലുയർത്തും.ഒഴുകിപ്പോകുന്ന നാളികേരം പിടിക്കാൻ ഈർക്കിലിപ്പുഴയിലേക്ക് എടുത്തു ചാടും. പരാജിതരായി കരക്കു കയറും.
മുട്ടിനു മുകളിലേക്ക് പാവാട തെറുത്തു കേറ്റി വെച്ച് റോഡരികിലിരുന്നു കൊണ്ടുള്ള ഞങ്ങളുടെ ഈ ചലച്ചിത്ര രംഗാവിഷ്ക്കാരങ്ങളൊന്നും പിന്തിരിപ്പൻ ചിന്താഗതിയുള്ള വീട്ടുകാർക്ക് തീരെ പിടിച്ചിരുന്നില്ല.
“നാണോം മാനോം വേണം പെങ്കുട്ട്യോളായാ” എന്ന പരമ്പരാഗതവാചകം ഞങ്ങൾക്കുനേരെ ചൊരിഞ്ഞ് അമ്മ ഞങ്ങളെ അകത്തേക്കോടിക്കും.”ദീപേച്ചി പറഞ്ഞിട്ടാ വല്യമ്മേ…. ” ന്നും പറഞ്ഞ് സോജ പതിവുപോലെ നിഷ്കളങ്കാഭിനയം കാഴ്ചവെക്കുമ്പോൾ മുഴുവൻ ചീത്തേം ഞാൻ കേൾക്കേണ്ടി വരുമായിരുന്നു.
വല്യ നാണക്കാര്! മുട്ടിനു താഴെയുള്ള ഭാഗം കാട്ടീതാ കുഴപ്പം! തികഞ്ഞ സദാചാരവാദിയായ അമ്മ സ്വന്തം വീട്ടിൽ പോയാൽ ചെറിയമ്മമാരുമൊത്ത് കുളത്തിൽ കുളിക്കുമ്പോ ഈ നാണമൊന്നും കാണാറില്ലല്ലോ? പണിക്കരുടെ വീട്ടിലെ കുളത്തിൽ കുളിക്കുമ്പോ മുകളിലേക്കു നോക്കി ആ വീട്ടിലുള്ളവരോട് സകല വീട്ടുവിശേഷോം ഉച്ചത്തിൽ പറയുമ്പോ ഒരു നാണവുമില്ലല്ലോ?അവരൊക്കെ ആങ്ങളമാരെപ്പോലെയാണെന്ന് പറയുന്നോർക്ക് “എല്ലാ ഭാരതീയരും എൻ്റെ സഹോദരീ സഹോദരന്മാരാണെ”ന്നങ്ങ് വിശ്വസിച്ചാ എന്താ കുഴപ്പം? നാലാം ക്ലാസ്സിൽ പഠിക്കണ കുട്ടീനെയാ നാണം പഠിപ്പിക്കണേ.അനീതിയോട് പൊറുക്കാനാവാതെ ഞാൻ വീർപ്പുമുട്ടും. മുട്ടലൊന്നും പുറമെ പ്രകടിപ്പിക്കാൻ ധൈര്യമില്ലായിരുന്നു.വിധിയെ പഴിച്ച് ഞാൻ കഴിഞ്ഞിരുന്ന ആ കാലം!
അടക്കമൊതുക്കത്തിൻ്റെ മൊത്തക്കച്ചോടക്കാരിയായ പ്രീതേച്ചി ഇടക്കിടക്ക് ഗേറ്റിനരികിൽ വന്നുനിന്ന് ഞങ്ങളുടെ കളി വീക്ഷിക്കും. ഒന്നും പറയില്ല. പതുക്കെ അകത്തേക്കു നടക്കും. പിന്നാലെ സദാചാരച്ചൂരലുമായി അമ്മയിറങ്ങും. ആ നടത്തത്തിൻ്റെ സ്പീഡ് കണ്ടാ ഞാനപകടം മണക്കും. എഴുന്നേറ്റ് അകത്തേക്കു പായും.
പറഞ്ഞു വന്നത് വറീതാപ്ലയോടുള്ള വൈരാഗ്യ കാരണമാണല്ലോ. അതിലേക്കു വരാം.
തോണിയുണ്ടാക്കിക്കളിയിൽ മാത്രമല്ല മത്സ്യബന്ധനത്തിലും ഞങ്ങൾക്ക് അതിയായ താത്പര്യമുണ്ടായിരുന്നു. വലയ്ക്കു പകരം വീട്ടിലെ തോർത്തുമുണ്ടാണ് ഉപയോഗിച്ചിരുന്നത്. പാവാടക്കുളളിൽ ഒളിപ്പിച്ച് കടത്തിയിരുന്ന തോർത്തുമുണ്ട് ഉപയോഗശേഷം യഥാസ്ഥാനത്ത് കൊണ്ടുവെച്ച് തെളിവുനശിപ്പിക്കാനും ഞങ്ങൾ ദത്ത ശ്രദ്ധരായിരുന്നു. തോർത്തുമുണ്ടിൻ്റെ ഇരുഭാഗവും പിടിച്ച് വെള്ളത്തിലിറങ്ങി ഞാനും സോജയും നിൽക്കും. ചാലിലൂടെ ഒഴുകി വരുന്ന ആ പുണ്യതീർത്ഥത്തിൽ കുളിക്കുന്ന തോർത്തുമുണ്ട് മുക്കിപ്പിടിച്ച് നിൽക്കും. ഇടക്ക് സിഗ്നൽ കൊടുത്ത് തോർത്ത്മുണ്ട് ഒരുമിച്ചുയർത്തി കൂട്ടിപ്പിടിക്കുമ്പോൾ അതിൽ കുഞ്ഞി മീനുകൾ പിടക്കും. ഞങ്ങളവയെ കരയിലേക്കിടും.പുളച്ചു ചാടി വായുവിലേക്കുയർന്ന് അവ ജീവിതത്തിനു വേണ്ടി പിടയും. ആ പിടച്ചിൽ കാണുമ്പോൾ ദയാരഹിതമായി ചിരിച്ച് ഞങ്ങൾ നോക്കി നിൽക്കും. അത്രയ്ക്കൊക്കെ സഹാനുഭൂതിയേ അന്നുണ്ടായിരുന്നുള്ളൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം മീനുകൾ മനുഷ്യനു പിടിക്കാനുള്ളതാണ്. ചത്തുമലച്ച് മീൻകാരൻപ്രാഞ്ചിയേട്ടൻ്റ കൊട്ടയിലാണ് മീനുകൾ കിടക്കേണ്ടത്.കൊട്ടയിലെ ഐസിൻ കട്ടകൾക്കിടയിൽ തുറിച്ച മിഴികളോടെ അവ കിടക്കണം.
“മാമാട്ടിക്കുട്ടിക്ക് ഐസ് വേണാ ” ന്ന് ചോദിച്ച് പ്രാഞ്ചിയേട്ടൻ കുട്ടയിൽ നിന്ന് ഐസെടുത്ത് നീട്ടും.ആ ഐസു കട്ടകളോളം രുചി മറ്റൊന്നിനും അന്നില്ലായിരുന്നു. വായിലിടുന്നത് ആരെയും കാട്ടിയിരുന്നില്ല. കണ്ടാൽ വഴക്കു പറയും. ചിലപ്പോൾ ഐസു കട്ടയെടുത്ത് പുറകിലെ ഉമ്മറത്തിരുന്ന് എന്തെങ്കിലും നുറുക്കുകയോ മറ്റോ ചെയ്യുന്ന അച്ഛമ്മേടെ ബ്ലൗസിനകത്തിടും. അച്ഛമ്മ അപ്രതീക്ഷിത കോരിത്തരിപ്പിൽ ചാടിയെണീക്കും. ഞെളിപിരി കൊള്ളും. അത് കാണാൻ നല്ല രസമാണ്. ചിലപ്പോൾ മൂന്നു വയസ്സുകാരൻ സജുവിൻ്റെ ട്രൌസറിൻ്റെ ഉള്ളിലാകും ഐസ് നിക്ഷേപം. ട്രൌസറും കൂട്ടിപ്പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ചാടുന്ന സജുവിൻ്റെ തണുപ്പ് മാറ്റാൻ ട്രൌസറഴിച്ച് ഉമ്മറത്തെ പൊള്ളുന്ന തിണ്ണയിലിരുത്തി ചികിത്സിക്കുന്ന മനോഹര വിനോദവും ഓർമ്മയിൽ പച്ച പിടിച്ചു നിൽക്കുന്നു. ഹാ! അതൊക്കെയൊരു കാലം!
വറീതാപ്ലയിലേക്കു വരാം.
അങ്ങനെ ഒരു ദിവസം ഞാനും സോജയും മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന സമയം. തൊട്ടടുത്ത് വറീതാപ്ല പുല്ല് ചെത്തുന്നുണ്ട്. ഞങ്ങളുടെ ആനന്ദാതിരേകം കണ്ട് വറീതാപ്ല പണി നിർത്തി അടുത്തേക്ക് വന്നു.
” മക്കളെന്താ ചെയ്യണേ?”
ശാന്തനായി വറീതാപ്ല ചോദിച്ചു.
“കളിക്യാ ” ഞാൻ പറഞ്ഞു.
” ഇതാണോ കളി?”
ഞങ്ങൾ മീൻപിടുത്തം നിർത്തി തല കുനിച്ചു നിന്നു.പുറത്ത് പിടിച്ചിട്ട മീനുകളിലൊന്ന് അവസാനമായി ജീവനു വേണ്ടി ഒന്നുയർന്നു ചാടി പതുക്കെ നിശ്ചലമായി.ആ മീനുകളെ നോക്കി ഒട്ടും കുറ്റബോധമില്ലാതെ ഞങ്ങൾ നിന്നു.
” അവറ്റേം ജീവികളല്ലേ…. അവറ്റേക്കൊന്നിട്ട് ഇമ്മക്ക് ഒരുപകാരോല്യാലോ.. തിന്നാനും കൂടി പറ്റില്യ… വെറുതെയെന്തിനാ ശാപം വാങ്ങണേ.”
ശാപം എന്ന വാക്ക് ഞങ്ങളെ അൽപ്പം ഭയപ്പെടുത്തി. ടി.വി.യിലന്ന് മഹാഭാരതമുണ്ട്. പുരാണത്തിലെ മഹാ ശാപങ്ങളെക്കുറിച്ചെല്ലാം ബാലരമ അമർച്ചിത്രകഥയിൽ വായിച്ചറിഞ്ഞിട്ടുമുണ്ട്. ഏതു ശാപമാണ് മീനെ കൊന്നാൽ മനുഷ്യനു കിട്ടുക ?
എന്തായാലും ആ സംഭവത്തോടെ വറീതാപ്ല ഞങ്ങളുടെ ശത്രുവായി. “പണിയെടുക്കാൻ വരണോർക്ക് പണിയെടുത്താപ്പോരേ?” എന്ന അമർഷച്ചോദ്യം ഞങ്ങളുടെ ഉള്ളിൽ തിളച്ചുപൊന്തി.
പിന്നീടൊരിക്കൽ അമ്മയും അച്ഛമ്മയും തമ്മിൽ സംസാരിച്ചിരിക്കുമ്പോഴാണ് ആ മഹാ രഹസ്യത്തിൻ്റെ ചുരുളഴിഞ്ഞത്. വറീതാപ്ല ആരുടേയും പണിക്കാരനായിരുന്നില്ല.” ആ വറീതാപ്ലക്ക് പ്രാന്തുണ്ടാ ?” എന്ന് അയൽവീട്ടിലെ മാധവിയേടത്തി അച്ഛമ്മയോട് ചോദിക്കുന്നതു കേട്ടപ്പോൾ ഞാൻ കാര്യമന്വേഷിച്ചു. വറീതാപ്ല രാവിലെയായാൽ പള്ളിയിൽപ്പോകും. മടങ്ങി വന്നാൽ കൈക്കോട്ടുമായി റോഡിലിറങ്ങും. അരികിലെ പുല്ലൊക്കെ ചെത്തി വൃത്തിയാക്കും. തളരുമ്പോൾ വീട്ടിലേക്കു മടങ്ങും. വീട്ടുകാർ പലതവണ വിലക്കിയിട്ടും വറീതാപ്ല തൻ്റെ കൂലിയില്ലാവേല തുടർന്നു.പിന്നീട് പലരുടേയും സംഭാഷണങ്ങളിൽ “ഈ വറീതാപ്ലക്ക് പ്രാന്തുണ്ടാ ?” എന്ന ചോദ്യം ഇടക്കിടെ ഞാൻ കേട്ടിട്ടുണ്ട്.
വറീതാപ്ല തൻ്റെ പ്രിയപ്പെട്ട ഭ്രാന്തുമായി ജീവിച്ചു. തൻ്റെ ചെറിയ വീടിൻ്റെ മുക്കും മൂലയും വരെ വൃത്തിയായി സൂക്ഷിച്ചു. വീട് വൃത്തിയാക്കിയതിനു ശേഷം അയാൾ നാടു വൃത്തിയാക്കാനിറങ്ങി.കടുത്ത പരാധീനതകൾക്കിടയിലും ആരോടുമയാൾ പരാതി പറഞ്ഞില്ല.
വറീതാപ്ലയെ ഞാനിഷ്ടപ്പെടാൻ തുടങ്ങിയത് കുറേക്കൂടി കഴിഞ്ഞാണ്. കോളേജിൽ പഠിക്കുന്ന സമയമാണ്. വെള്ളയിൽ നീലപ്പൂക്കളുള്ള ചുരിദാറിട്ട് ഞാൻ വീട്ടീന്നിറങ്ങുമ്പോൾ വറീതാപ്ല റോഡിൻ്റെ അപ്പുറത്ത് പുല്ലുചെത്തുന്നുണ്ട്.മഴക്കാലമാണ്. റോഡിൽ അവിടവിടെയായി കുഴിയുണ്ട്. അവയിൽ നിറയെ വെള്ളം കെട്ടിക്കിടക്കുന്നു. പെട്ടെന്ന് ഒരു കാറ് വന്ന് ഒരു കുഴിയിലെ വെള്ളം മുഴുവൻ എൻ്റെ നേരെ തെറിപ്പിച്ച് കടന്നു പോയി. അമർഷമടക്കാനാവാതെ ഞാൻ നിന്നു.ചുരിദാറിലെ നീലപ്പൂക്കൾക്കു മേൽ ഓറഞ്ചു പൂക്കൾ കൂടി വിടർന്നിരിക്കുന്നു. ബാഗും കുടയുമെല്ലാം നനഞ്ഞ് ഞാൻ നിൽക്കുമ്പോൾ വറീതാപ്ല അപ്പുറത്ത് എന്നെ നോക്കി നിൽപ്പുണ്ടായിരുന്നു. ഞാൻ ഡ്രസ്സ് മാറാനായി വീണ്ടും വീട്ടിലേക്കു കയറി. ഡ്രസ്സ് മാറിയിറങ്ങുമ്പോൾ വറീതാപ്ല ആ കുഴി മണ്ണിട്ട് മൂടുകയായിരുന്നു. ഞാനതു നോക്കി അൽപ്പനേരം നിന്നു.
” ഇനി ചെളി തെറിക്കില്ലാട്ടാ.. ധൈര്യായി പൊക്കോ”
ദേഹമാസകലം ചെളിയിൽ മുങ്ങി ആ മനുഷ്യൻ പറഞ്ഞപ്പോൾ അയാൾക്ക് എന്തു ഭംഗിയായിരുന്നു!
“മരമായ മരമെല്ലാം കൊള്ളുന്ന വെയിലാണ് ഈ തണൽ” എന്ന ടിജോ ഇല്ലിക്കലിൻ്റെ കവിത വായിച്ചപ്പോൾ ഞാനോർത്തത് വറീതാപ്ലയുടെ അന്നത്തെ ആ നിൽപ്പാണ്.
പിന്നീട് പലപ്പോഴും വറീതാപ്ല ഓർമ്മയിൽ നിറഞ്ഞു. “ഫലേച്ഛ കൂടാതെ കർമ്മം ചെയ്യണം” എന്ന ഗീതോപദേശത്തേക്കാളും ആഴത്തിൽ വറീതാപ്ല ആ സത്യം എന്നെ പഠിപ്പിച്ചു.
‘കരുണം’ എന്ന ജയരാജിൻ്റെ ചിത്രത്തിലെ വൃദ്ധനെ കണ്ടപ്പോൾ എനിക്ക് വറീതാപ്ലയെ ഓർമ്മ വന്നു. പിറ്റേന്നയാൾ വൃദ്ധസദനത്തിലേക്ക് പോകാനൊരുങ്ങുകയാണ്. പതിവുപോലെ അയാൾ മരം നനക്കുമ്പോൾ വിഷമത്തോടെ ഭാര്യ ചോദിക്കുന്നു.”നാളെ ഇവിടം വിട്ടു പോകുന്ന നമ്മൾ ഇനിയെന്തിനാണ് നനയ്ക്കുന്നത്?”
അയാൾ ശാന്തനായി പറഞ്ഞു:
“മാവ് പൂക്കുന്നതാർക്കുവേണ്ടി? മാവിങ്ങനെ പൂത്തു കൊണ്ടേയിരിക്കും. അതിനു വേണ്ടിയല്ല.ഞാനുള്ളിടത്തോളം വെള്ളമൊഴിക്കും.അതെൻ്റെ കടമ !”
പ്രയോജനപരതയിൽ അഭിരമിക്കുന്നവർക്ക് വറീതാപ്ലമാർ വിഡ്ഢികളായിരിക്കും.” അയാൾക്ക് പ്രാന്താ ” ന്ന് പറഞ്ഞ് തങ്ങളുടെ ബൗദ്ധിക ജീവിതം അവരാസ്വദിക്കും.ഓരോ നിമിഷത്തിലും ഓരോന്ന് വാരിപ്പിടിക്കും. ഒടുവിൽ വാരിപ്പിടിച്ചതെല്ലാം ഉപേക്ഷിച്ച് ഒരാറടി മണ്ണിലൊതുങ്ങും.
നമുക്കൊക്കെ സ്വന്തമായുള്ളത് എന്താണ്? ആറടി മണ്ണോ? ആറു സെൻ്റോ? അറുപതു സെൻ്റോ? അതോ അറുപതേക്കറോ? അത്രയല്ലേയുള്ളൂ?
വറീതാപ്ലമാർക്ക് ഈ ഭൂമി മുഴുവൻ സ്വന്തമാണ്. ഉടമസ്ഥാവകാശങ്ങളുടെ അതിർത്തിവേലികൾക്കിടയിലൊതുങ്ങില്ല അവരുടെ സമ്പത്ത്. നമ്മുടെ കാഴ്ചപ്പാടിൽ അവർ ഭ്രാന്തരായിരിക്കും. എന്നാൽ അവരെപ്പോലുള്ളവരുടെ ഭ്രാന്താണ് ഈ ലോകം ഇത്രയെങ്കിലും ജീവിത യോഗ്യമാക്കിത്തീർക്കുന്നത്.
അതിനാൽ നാമും ഭ്രാന്തരാവുക!
ഭ്രാന്തരായിക്കൊണ്ടേയിരിക്കുക!
1
Your reaction
Share this post on social media