വിശപ്പ്… മറ്റെന്തു ചിന്തകളെയും മറി കടക്കുന്ന വികാരം, അല്ലേ? ആണെന്നു ഞാന് കരുതുന്നു. എത്ര നേരമായി എന്റെ ഈ അലച്ചില് തുടരുന്നു. എന്റെ ചിന്തകള് കുഴയുന്നു. മറ്റാരെയും ഒട്ടു കാണാനുമില്ല.
കുറച്ച് അകലെ നിന്നും ഒരു ഗാനം കേള്ക്കുന്നു. എന്നാല് ആ ഗാനത്തിന് മറ്റു വാദ്യങ്ങളുടെ അകമ്പടിയുമില്ല. അവിടെ നിന്നും എന്തോ ഒരു ഗന്ധവും വരുന്നു. ഒരു പാട് ഇരുകാലികള്… ആ ഗന്ധം കൂടിക്കൂടി വരുന്നു. ആ ചലിക്കുന്ന ഇരുകാലികളുടെ മദ്ധ്യത്തില് നിന്നുമാണ് ആ ഗന്ധം. അതും ഒരു ചലനമറ്റു കിടക്കുന്ന ഇരുകാലിയില് നിന്നുമാണ് ആ ഗന്ധം. അതിലേക്ക് മെല്ലെ അമരാം… ആ മരവിച്ച വിരുന്നിലൂടെ ഞാന് നടന്നു… രുചിച്ചു.. എന്നു വെറുക്കപ്പെട്ടിരുന്ന ഒരു ഈച്ചയായ എന്നെ എന്താണാവോ ഓടിക്കാത്തത്?
ചുറ്റുമിരുന്നു ആരൊക്കെയോ വിലപിക്കുന്നത് ഞാന് കേള്ക്കുന്നു. വീണ്ടും ഗാനം.. രണ്ടും ഇട കലര്ന്ന് കേള്ക്കുന്നു. എനിക്ക് പരിഭ്രമം തോന്നുന്നു. കുറച്ച് ഉള്ളീലേക്ക് പോകാം. ആരും എന്നെ ശ്രദ്ധിക്കുകയില്ലല്ലോ…
ഇതെന്താണ് ഒരു നിഴല്? നിലവിളിയും കരച്ചിലും കൂടുന്നു. ആ നിഴല് ഒരു കറുകറുത്ത ഇരുട്ടായി മാറി. കരച്ചിലും ഗാനവും ഒരു മുഴക്കമായി മാറി. ഞാന് വന്ന വഴിയേത്? എന്താണിത്….. ഇരുകാലി അനങ്ങുന്നതോ? അതോ മറ്റാരോ എടുത്ത് ഉലയ്ക്കുന്നതോ?
ഇത് എവിടെക്കോ ചുമന്നു കൊണ്ടു പോകുന്നതു പോലെ…. ഒരു ഊഹവും കിട്ടുന്നില്ല. ആ ഉലച്ചില് നിന്നു. നിലവിളിയും കരച്ചിലും ഉറക്കെ കേള്ക്കാം. എനിക്ക് രക്ഷപ്പെടണം. എന്റെ ഹൃദയ താളം എന്റെ കാലുകളെ കുഴയ്ക്കുന്നു. ആരോ ചുറ്റും ആഞ്ഞു തട്ടുന്നു. ഉയരത്തിലേക്ക് ആ നിലവിളികള് നീങ്ങുന്നു. വീണ്ടും ഉലച്ചില് നിന്നു. പുറത്ത് ഒരു പിടി മഴയുടെ ശബ്ദം. അല്ല…. അത് ഒരു പാടായി. ആ ശബ്ദം മാത്രം…..അല്ല… ഇടയില് എന്റെ ഹൃദയ താളവും…
എനിക്ക് ആ മഴ ശബ്ദം അകലുന്നത് കേള്ക്കാം. അതെ… ഒപ്പം എന്റെ ഹൃദയ താളവും.. നിശബ്ദം…
0
Your reaction
Share this post on social media