“അച്ഛാ, ചിറ്റാമ്മയുടെ ശരിക്കുള്ള പേരെന്താ?”
“വാസന്തി, വാസ എന്നു വിളിപ്പേര്. എന്തിനാ നിനക്കിതൊക്കെ?”
“ഞാൻ ഒരിടം വരെ പോകുന്നുണ്ട്, ഒരാർട്ടിക്കിളുണ്ട്. ചുമ്മാ ഒന്ന് തിരക്കാല്ലോ”
“ഉം.. പോയിട്ട് വന്നിട്ട് വിളിക്ക്..”
വിപിൻ കൗതുകത്തോടെ തിരിഞ്ഞ് ചോദിച്ചു, “ആരാ ഈ പുതിയ കഥാപാത്രം?”
അഞ്ജലി ചിരിയോടെ പുറത്തേക്ക് നോക്കി. ഇനിയങ്ങോട്ട് തമിഴ്നാടാണ്.
“കൊച്ചിക്കാർക്കെന്താ തമിഴ്നാട്ടിൽ കാര്യം, ആ കഥ പോരട്ടെ”
“അതൊരു വല്യ കഥയാ, പതിവ് കോമഡീമല്ല”
“എന്നാലും വേണ്ടില്ല, ഈ ദേശാന്തര ബന്ധത്തിന്റെ കഥ കേൾക്കണം” വിപിൻ വിടാൻ ഭാവമില്ല.
“ഇവിടെയുണ്ടോ എന്നൊന്നും അറിയില്ല, എപ്പോഴോ കേട്ടു, ഇങ്ങോട്ടു പോന്നു എന്ന്” അഞ്ജലി കഥ തുടങ്ങി.
“അച്ഛമ്മയുടെ അനിയത്തിയാണ് ഈ കഥാപാത്രം.
ഇരുപതു വയസ്സിൽ ചിറ്റ ഒരു തീരുമാനമെടുത്തു, കല്യാണം കഴിക്കണ്ടാന്ന്”
“ഹോ, അതൽപ്പം കടുത്തു പോയി” വിപിന്റെ നൈരാശ്യ ഭാവം കണ്ട് അഞ്ജലിക്ക് ചിരി പൊട്ടി.
“ഹ ഹ അതെ, അത് ഈ കോവിലിൽ വച്ചാ… എല്ലാരും കൂടി തൊഴാൻ വന്നപ്പോൾ ഏതോ ഒരു പെൺ കോമരം ചിറ്റയുടെ കൈ പിടിച്ച് പറഞ്ഞത്രേ, നീ അമ്മനുക്ക് അടിമൈ എന്ന്!”
ഓഹോ! കൊള്ളാമല്ലോ!
“ആഹ്, എല്ലാരും ആദ്യം തമാശ ആയിട്ടെടുത്തു. പക്ഷേ, സംഗതി സീരിയസ്സായി. ചിറ്റ ആദ്യം, നിറമുള്ള വസ്ത്രങ്ങളുപേക്ഷിച്ചു. പിന്നെ അമ്പലങ്ങൾ തോറും സഞ്ചാരം തുടങ്ങി. ഇടയ്ക്ക് തിരിച്ചെത്തുമ്പോൾ സ്റ്റിച്ചിങ്ങ് ചെയ്ത് സമ്പാദിച്ച് പിന്നെയും പോകും. ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും സന്ദർശിച്ചു, ഭജനമിരുന്നു. മുപ്പതാം വയസ്സിൽ പീരിയഡ്സ് നിന്നതു ദേവിയുടെ ശക്തിയാണെന്ന് വിശ്വസിച്ച് പിന്നേം കടുത്ത ഭക്തയായി”
“ങ്ഹ്! ശരിക്കും?” വിപിന്റെ മുഖത്തെ അവിശ്വസനീയത കണ്ട് അഞ്ജലി പുഞ്ചിരിച്ചു. “അതേ, നാൽപ്പത്തൊന്നൂസം ഭജനമിരിക്കാൻ എന്നെ അനുവദിക്കണേ ഭഗവാനേന്ന് പറഞ്ഞ് കരഞ്ഞത്രേ.”
“അപ്പൊ ശരിക്കും ശക്തിയുള്ള ആളാരുന്നല്ലേ?” ഡ്രൈവർ പാപ്പൻ ചേട്ടന്റെ കമന്റ്.
“മ്..” അഞ്ജലി മൂളി.
“ആകെയുണ്ടായിരുന്ന ബന്ധം അച്ഛനോടായിരുന്നു. ബാക്കിയാരോടും വല്യ മിണ്ടാട്ടമൊന്നുമില്ല,
ഇടയ്ക്കൊക്കെ ഞങ്ങളുടെ കൂടെ വന്നു താമസിച്ചു. നരച്ചെങ്കിലും നല്ല നീളമുള്ള മുടി അറ്റം തുമ്പുകെട്ടി, ഭസ്മക്കുറീയുമിട്ട് ചിറ്റ വരും.
“എന്നാ സുന്ദരിയാർന്ന്, ആമ്പിള്ളേർ കൊത്തിക്കൊണ്ട് പോയേനെ” അപ്പറത്തെ മറിയാമ്മ ചേച്ചി അടക്കം പറഞ്ഞു ചിരിക്കും.
“സുന്ദരിമാർക്കും ഇങ്ങനത്തെ തോന്നാ ബുദ്ധിയൊക്കെ തോന്നുമല്ലേ!” വിപിന്റെ നെടുവീർപ്പ്.
“ചിറ്റാമ്മ വന്നാൽ അമ്മയുടെ അടുക്കള പച്ചക്കറി മാത്രാകും. മീനും ഇറച്ചീമൊക്കെ ഉണ്ടേലും പാവം ഒന്നും മിണ്ടില്ല. അമ്മ മാറ്റി വച്ചിരിക്കുന്ന പ്ലെയിറ്റിൽ തോരനും സാമ്പാറും ഒഴിച്ച് കഴിക്കും. കണ്ടാൽ പരമ സാധു, പക്ഷെ എന്നാൽ അത്ര സാധു ഹൃദയൊന്നുമല്ല. അഞ്ജലി ഉറക്കെ ചിരിച്ചു.
“ങ്ഹേ!” വിപിനും പാപ്പൻ ചേട്ടനും ഒരു പോലെ ആശ്ചര്യചിഹ്നങ്ങൾ പുറപ്പെടുവിച്ച്.
“അച്ഛമ്മയോട് അതായത് ചിറ്റാമ്മയുടെ ചേച്ചിയോട് വർഷങ്ങളോളം നിയമ യുദ്ധം നടത്തിയ ആളാ”
“സന്യാസിനി, ഒറ്റത്തടി.. ങ്ഹ്! ഒന്നും ഒരു യോജിപ്പില്ലല്ലോ” വിപിന്റെ സംശയം കേട്ട് അഞ്ജലി പൊട്ടിച്ചിരിച്ചു.
“അനിയത്തി സന്യാസിനിയല്ലേ, പിന്നവൾക്കെന്തിനാ സ്ഥലമെന്ന് വിചാരിച്ച് അച്ഛമ്മ അതങ്ങ് കൈയ്യേറി. തീർത്ഥാടനം കാശുമുടക്കുള്ള പണിയല്ലേ, അതുകൊണ്ട് ചിറ്റാമ്മ അച്ഛമ്മയോട് അടികൂടി സ്ഥലം പങ്കിട്ട് വാങ്ങി വിറ്റ് പൈസ മൊത്തം ബാങ്കിലിട്ടു”
“മിടുക്കി…” പാപ്പൻ ചേട്ടന്റെ അഭിനന്ദനം.
“ആഹ്, അതും ശരിയാ, ബസിലും ട്രെയിനിലുമൊക്കെ ടിക്കറ്റെടുക്കണ്ടേ, ഫുഡടിക്കണ്ടേ” വിപിനും പ്രാക്ടിക്കലായി.
“ശരിക്കു പറഞ്ഞാൽ അച്ഛമ്മയുടെ അവസ്ഥ കണ്ടാവണം ചിറ്റ കല്യാണം കഴിക്കാതിരുന്നത്” അഞ്ജലി ഒരു നിമിഷം ചിന്താമഗ്നയായി.
“ഭർത്താവിനെക്കുറിച്ച് ആരോ പറഞ്ഞ അപവാദം കേട്ട് മൂന്നുമക്കളെയും വാരിക്കെട്ടി ഒറ്റപ്പോക്ക് പോന്നു അച്ഛമ്മ”
“ആഹ്, അവനങ്ങനാണോ, എന്നാലിനി തിരിച്ചു പോകണ്ട എന്ന് ഇവരുടെയൊക്കെ ഒരേയൊരു പൊന്നാങ്ങള”
“വിവാഹമെന്ന കരാറിന്റെ പൊള്ളത്തരം ചിറ്റാമ്മക്ക് പിടികിട്ടിയത് അങ്ങനെയാകണം” അഞ്ജലി ഒന്ന് നിർത്തി
പുറത്ത് ചൂട് കൂടിക്കൂടി വന്നു. ജലസേചനത്തിനായ് രാജാവിന്റെ കാലത്ത് കുഴിച്ച കുളങ്ങളൊക്കെയും താമരക്കുളങ്ങളായ് തീർന്നിരിക്കുന്നു.
“പാലക്കാട് കിട്ടാൻ വേണ്ടി കൊടുത്ത സ്ഥലം! വല്യ മണ്ടത്തരമായിപ്പോയി” വിപിൻ സ്വയംപറഞ്ഞു.
“കന്യാകുമാരിയൊക്കെ ഇത്രേം വളരുമെന്ന് അന്നാരും വിചാരിച്ചു കാണില്ല വിപിനേ”
“എന്നിട്ട് കക്ഷിയിപ്പോ എങ്ങനെ ഇവിടെത്തി?” വിപിൻ പിന്നേമ്മ് കഥേടെ പുറകെയായി.
“കണ്ണിനു കാഴ്ച കുറഞ്ഞതോടെ ആകെ ഒരങ്കലാപ്പായിരുന്നു ചിറ്റയ്ക്ക്, ഒപ്പം ചേച്ചിയും അതായത് എന്റെ അച്ഛമ്മ, മരിച്ചു. യുദ്ധം ചെയ്യാൻ ഇനിയാരുമില്ല. സഹോദരൻ പണ്ടേ മരിച്ചു. ആയിടെ ഒരു തീർത്ഥാടക സംഘത്തിന്റൊപ്പം ചുറ്റിത്തിരിഞ്ഞ് വീണ്ടും ഇവിടെത്തി. പൂജാസമയത്ത് ഒരു സ്ത്രീ വന്ന് ചിറ്റയോട് പറഞ്ഞത്രേ, നിന്റെ കാലം കഴിഞ്ഞു, ഇവിടെയാണവസാനമെന്ന്, പിന്നെ തിരികെ വന്നില്ല”
“ഹമ്മേ, അവിടെ അങ്ങനത്തെ ടീംസൊക്കെയുണ്ടോ, അഞ്ജലി… പണിയാകുവോ?” വിപിൻ പകുതി കളിയായും കാര്യമായും ചോദിച്ചു.
“അൽപ്പം വിചിത്രമായ കാര്യങ്ങളുള്ളതുകൊണ്ടല്ലേ നമ്മളിങ്ങോട്ട് പോന്നത്” അഞ്ജലി ചിരിച്ചു.
എത്തുമ്പോൾ ഉച്ചതിരിഞ്ഞിരുന്നു. എന്നാലും ചൂടിനു ശമനമില്ല. ഷൂട്ട് തുടങ്ങിയപ്പോൾ വൈകുന്നേരമായി. തമിഴും മലയാളവും ഇടകലർന്ന് പലരും വായ്മൊഴിയായ് പ്രചരിക്കുന്ന ഐതിഹ്യങ്ങൾ പറഞ്ഞു.
കല്യാണം വേണ്ടയെന്ന് ഗണപതിയോട് കരഞ്ഞു പ്രാർത്ഥിച്ച, വിവരവും വിദ്യഭ്യാസവും ഉള്ള പെൺകുട്ടിയെ , അവളുടെ ആവശ്യപ്രകാരം ഗണപതി വൃദ്ധയാക്കിയതും, പിന്നീടവർ വീട് വിട്ട് തീർത്ഥാടനം തുടങ്ങിയതും പലയിടത്തും സ്ത്രീകൾക്കഭയമായ് അത്ഭുതമായ് എത്തിയതുമായ കഥകളെല്ലാം തന്നെ അഞ്ജലിയിൽ ചിറ്റയെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.
നരവീണ മുടിയോടെ കണ്ട ഓരോ സ്ത്രീകളെ കാണുമ്പോഴും വിപിൻ അഞ്ജലിയെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. ചിരിയോടെ കണ്ണടച്ചു കാണിയ്ക്കുന്ന അഞ്ജലിയെ കണ്ട് നിരാശപ്പെട്ട് അടുത്ത മുഖങ്ങൾക്കായ് തിരഞ്ഞു. “ഓഹ്ഹ്, ഇവിടെ ചിറ്റയുമില്ല വിചിത്രവുമില്ല, എന്നാ പോയാലോ, ആവശ്യത്തിനായില്ലേ?” വിപിന്റെ ചോദ്യം കേട്ട് അഞ്ജലി തലതിരിച്ചു.
“ഇല്ല വിപിൻ, ആറരയ്ക്ക് ഒരു പൂജ കൂടിയുണ്ട്, അതിനെതൊക്കെയോ പ്രത്യേകതകളുണ്ട്” അഞ്ജലി പറഞ്ഞു.
“എന്നാൽ പിന്നെ വല്ല സ്ട്രീറ്റ് ഫുഡും അടിച്ചേച്ചു വരാം, വാ” വിപിൻ നടന്നു കഴിഞ്ഞ്. പാപ്പൻ ചേട്ടനേം വിളിച്ച് നടക്കാൻ തുടങ്ങി
രസവടയും എണ്ണയിലിട്ട പൊറോട്ടയും പെരുംജീരകം മണക്കുന്ന പരിപ്പുവടയും കിട്ടുന്ന ചെറിയ ചെറിയ കടകൾ.
ആറുമണിയായതും തിരക്ക് കൂടി വന്നു. പാമ്പിന്റെ മുഖമോർമ്മിപ്പിക്കുന്ന , കൈത്തണ്ടാകെ പൊരിഞ്ഞടർന്ന തൊലികളുമായ് ചില സ്ത്രീകളെത്തി. ക്യാമറയുടെ നേർക്ക് തീക്ഷ്ണമായ് നോക്കിയ സ്ത്രീയെ കണ്ട് വിപിൻ വല്ലാതായി. ഒന്നുകൂടി നോക്കാൻ പോലും പറ്റാത്ത അസ്വസ്ഥത ജനിപ്പിക്കുന്ന കണ്ണുകൾ! പൂജ തുടങ്ങുന്നതറിയിച്ച് മണികൾ മുഴങ്ങാൻ തുടങ്ങി. അഞ്ജലി മണ്ഡപത്തിനു ചുറ്റും നിൽക്കുന്നവരുടെ ഇടയിലൂടെ മുന്നിലെത്തി. ഇവിടെവിടെയോ ചിറ്റയുണ്ടെന്ന തോന്നൽ അവളിൽ ശക്തമായിക്കൊണ്ടിരുന്നു. അടച്ചിരുന്ന നടതുറന്നു. മണിമുഴക്കവും നിലവിളക്കും ചന്ദനത്തിരികളും അമ്മേ, ദേവീ വിളികളും കേട്ട് അഞ്ജലിക്ക് തലപെരുത്തു. പെട്ടെന്നാണ് തുള്ളിയുറഞ്ഞ് വന്നൊരു സ്ത്രീ അഞ്ജലിയുടെ കൈ കടന്നു പിടിച്ചത്, “നീ തേടി വന്തവൾ താൻ അകത്തിരുക്ക്, ഇനി തേട വേണ്ടൈ… നീയും അന്ത മാതിരി പൊണ്ണ്. അമ്മൈക്ക് ഉന്നെ തേവൈ….”
അവരുടെ ദേഹത്തിന്റെ വിറയൽ തന്നിലേക്കു പടരുന്ന പോലെ അഞ്ജലിക്കു തോന്നി. ചുറ്റും നിൽക്കുന്ന ആൾക്കൂട്ടങ്ങൾ പലനിറങ്ങളുടെ വളയങ്ങളായ് അവൾക്കു ചുറ്റും കറങ്ങി. ഇരുൾ പടരുന്ന കാഴ്ചകളിൽ അഞ്ജലി പിന്നെയും ചിറ്റയെ തിരഞ്ഞു.
Your reaction
Share this post on social media