മുംബൈ നഗരത്തിൽ ഒൻപതു വർഷങ്ങളായി ശാരദ എത്തിയിട്ട്.പക്ഷേ മകൻറെ അപ്പാർട്ട്മെന്റ് മാത്രമാണ് അവരുടെ ലോകം.കൊച്ചുമക്കളെ ഒൻപതു വർഷക്കാലം പരിപാലിക്കുന്നതിനാണ് താൻ ഇവിടേയ്ക്ക് വരുന്നത് എന്നറിയില്ലായിരുന്നു.ഹരിപ്പാടാണ് ശാരദയുടെ തറവാട്.മകൻ രവിശങ്കർ മുംബൈയിൽ ഒരു പ്രമുഖ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥൻ.മരുമകൾ ഇന്ദു പ്രശസ്തയായ ഒരു ഡോക്ടറും.രണ്ടാൾക്കും അവരുടെ കുഞ്ഞുങ്ങൾക്കായി സമയം തെല്ലുമില്ല.ഏക മകൻറെ ആവശ്യം അമ്മ നിറഞ്ഞ മനസ്സോടെ അംഗീകരിച്ചു.തറവാട് വിട്ടു മുംബൈ നഗരത്തിലേയ്ക്ക് കുഞ്ഞുങ്ങളെ പരിചരിക്കാൻ അമ്മ വരണം എന്നതായിരുന്നു ആവശ്യം .എങ്കിലും ഒൻപതു വർഷക്കാലം കൊച്ചുമക്കളെ ഓമനിച്ചു വളർത്തുന്നതിനിടയിൽ ഇത് തന്റെ മകന്റെയും മരുമകളുടെയും ആവശ്യമായിരുന്നോ അതോ തന്റെ അവകാശമായിരുന്നോ എന്ന് ഒരിക്കൽ പോലും അവർ ചിന്തിച്ചിരുന്നില്ല.
അമ്മയ്ക്ക് നാളെ തിരികെ പോകാമെന്ന് രവി പറഞ്ഞപ്പോളാണ് ശാരദയിൽ ചിന്തകൾ ഉണർന്നത്.ഇക്കാര്യത്തെപ്പറ്റി രവി നേരത്തെ യാതൊന്നും സൂചിപ്പിച്ചിട്ടില്ല.ഉറച്ച ഒരു തീരുമാനം വളരെ ലാഘവത്തോടെ അവതരിപ്പിച്ചു,അത്ര മാത്രം.ആരോഗ്യം ക്ഷയിച്ചതിനാൽ ഇനി അമ്മയ്ക്ക് ഇത്രയും നാൾ നടത്തി പോന്ന ചുമതലകൾ ഒന്നും തുടരാൻ കഴിയില്ല എന്ന് ഇന്ദു ഇടയ്ക്കിടെ പറയാറുണ്ട്.കുഞ്ഞുങ്ങൾ പറക്കമുറ്റിയിരിക്കുന്നു.തനിക്കു പ്രായം ഏറെ ആയി.ഇതൊക്കെയാകം അവരുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ.അന്ന് രാത്രി ശാരദയ്ക്ക് ഉറക്കം വന്നതേയില്ല.
ട്രെയിനിലാണ് യാത്ര.മുൻകൂട്ടി സീറ്റ് റിസർവ്വ് ചെയ്തിരിക്കുന്നു രവി.സീറ്റ് നമ്പർ തിരിഞ്ഞു പിടിച്ചു ശാരദയെ ഇരുത്തി.തീരുമാനം കുറച്ചു നേരത്തെ എടുത്തെങ്കിലും അമ്മയെ അറിയിച്ചത് ഇന്നലെ ആണല്ലോ എന്ന് മനസ്സ് വിങ്ങിയിരുന്നെങ്കിലും ശബ്ദം ഇടറാതെ ശാരദ മകനോട് തിരക്കി.രവി അമ്മയുടെ ചോദ്യത്തിന് ഉത്തരം നല്കാതെ എഴുന്നേറ്റു ട്രെയിനിന്റെ വാതിലിനു അടുത്തേക്ക് നടന്നു.പോക്കറ്റിൽ നിന്നും മൊബൈൽ ഫോണ് എടുത്തു എന്തോ പരതാൻ തുടങ്ങി.വർഷങ്ങളായി രവിയുടെ സ്വഭാവത്തിൽ ഇത്തരം ഒരു മാറ്റം കണ്ടു തുടങ്ങിയിട്ടെന്നു ശാരദ ഓർത്തു.അമ്മയുടെ ചോദ്യങ്ങൾക്ക് പലപ്പോഴും തന്റെ ജോലിത്തിരക്ക് മുൻനിർത്തി ഒഴിഞ്ഞു മാറ്റം.
തൊട്ടടുത്ത സീറ്റുകളിലായി ഒരു കുടുംബം സ്ഥാനം പിടിച്ചിട്ടുണ്ട് .അച്ഛനും അമ്മയും രണ്ടു ആണ്മക്കളും അടങ്ങുന്ന ഒരു സന്തുഷ്ട കുടുംബം.ശാരദ വളരെ വേഗം അവരുമായി ചങ്ങാത്തത്തിലായി.തന്റെ യാത്ര ഹരിപ്പടുള്ള തറവാട്ടിലെയ്ക്കാണെന്ന് അറിയിച്ചു.കുട്ടികൾക്ക് വെക്കേഷൻ ആണ്.അവരെ നാടുമായി പരിചയപ്പെടുത്താനാണ് ആ അച്ഛനമ്മമാർ ഈ യാത്ര നടത്തുന്നത് എന്ന് അറിഞ്ഞപ്പോൾ ശാരദ ആശ്ചര്യപെട്ടു.തന്റെ പേരക്കുട്ടികൾ കേരളം കണ്ടിട്ടേയില്ലല്ലോ എന്നോർത്ത് തെല്ലു വേദന തോന്നതിരുനില്ല ശാരദയ്ക്ക.സഹായാത്രികരുമായുള്ള സൗഹൃദം ട്രെയിൻ യാത്ര വളരെ വേഗം കടന്നു പോകാൻ ശാരദയെ സഹായിച്ചു.കയറിയിട്ട് രണ്ടാം ദിവസമായി.ഇക്ക
ശാരദയുടെ തൊട്ടടുത്താണ് സീറ്റ് എങ്കിലും വാതിലിനടുത്ത് പുറത്തേയ്ക്ക് കണ്ണും നട്ടു ഇടയ്ക്കിടെ ഫോണ് വിളികളുമായി ആണ് രവി കൂടുതൽ സമയവും ചിലവിട്ടത്.ഒടുവിൽ ട്രെയിൻ ഹരിപ്പാട് എത്തിച്ചേർന്നു.സഹയാത്രികരോട് പുഞ്ചിരിയോടെ യാത്ര പറഞ്ഞു രവിയുടെ അരികിലേയ്ക്ക് നടന്നു.ഏതാനും നിമിഷങ്ങൾക്കകം ട്രെയിൻ ഹരിപ്പാട് നിന്നും പുറപ്പെട്ട ശേഷം, മുഖത്ത് വ്യക്തമായ അമ്പരപ്പോടെ ശാരദ തിരികെ സീറ്റിലെയ്ക്കു വരുന്നതാണ് സഹയാത്രികർ കണ്ടത്.എന്താണ് സംഭവിച്ചത് എന്നറിയാൻ അവർ ആശ്ചര്യത്തോടെ ശാരദയെ നോക്കി.രവി തന്നോട് തിരികെ പോയി ഇരിക്കാൻ ആവശ്യപ്പെട്ടു എന്ന് ശാരദ അവരുടെ ആശ്ചര്യതിനു മറുപടി നൽകി.മകൻ അമ്മയെ എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചതാണോ എന്ന് സംശയിക്കതതായ സാഹചര്യം.ചുറ്റിനും ഉള്ളവർ എല്ലാം തന്നെയാണ് ശ്രദ്ധികുന്നത് എന്ന് ശാരദ അറിഞ്ഞ ഭാവമില്ല .എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകാതെ ആധി പൂണ്ട് അവർ ഇരുന്നു.മറ്റു യാത്രക്കാർ പലതും ചർച്ച ചെയ്യാൻ തുടങ്ങി.പക്ഷെ പെട്ടെന്ന് ആണ് എല്ലാവരുടെയും കണ്ണിൽ ആ കാഴ്ച പെട്ടത് .രവി ട്രെയിനിൽ തന്നെ ഉണ്ട്.ട്രെയിൻ കായംകുളം എത്തിച്ചേർന്നപ്പോൾ രവി ശാരദയെയും കൂട്ടി ഇറങ്ങി.തിടുക്കത്തിൽ നടന്നു അകലുന്ന രവിയും അവനൊപ്പമെത്താൻ കിതപ്പോടെ പുറകെ ഉള്ള ശാരദയും പലരുടെയും ശ്രദ്ധയിൽപ്പെട്ടു.പ്രായാധിക്യം കൊണ്ട് ശാരദയ്ക്ക് തറവാട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെപ്പറ്റി ഓർമ്മ നഷ്ട്ടപ്പെട്ടതാകാം എന്ന് ട്രെയിനിൽ ഈ സംഭവത്തിന് സാക്ഷ്യം വഹിച്ചവരിൽ ഭൂരിഭാഗം പേരും വിധിയെഴുതി ആ വിഷയത്തെപ്പറ്റിയുള്ള ചർച്ച അവസാനിപ്പിച്ചു.
കാറിൽ ഇരിക്കുമ്പോഴും ശാരദയുടെ ചോദ്യങ്ങൾക്ക് രവി ഉത്തരം നൽകിയില്ല.വത്സലയുടെ വീട്ടിലേക്കാണ് ഈ യാത്ര എന്ന് ശാരദ ഊഹിച്ചെടുത്തു.ശാരദയുടെ ഇളയ സഹോദരിയാണ് വത്സല.തറവാട് ഭാഗിച്ചപ്പോൾ വീടും കണ്ണായ വസ്തു വകകളും ശാരദയ്ക്ക് ലഭിച്ചതിൽ പരാതി ഇല്ലാത്ത ഒരാൾ.ഒന്ന് രണ്ടു മാസത്തേയ്ക്ക് അമ്മ ഇവിടെയാണ് എന്ന് രവി അറിയിച്ചതായി വത്സല ശാരദയോട് പറഞ്ഞു.ഹരിപ്പാടുള്ള തറവാട് സാമാന്യം നല്ല വിലയ്ക്ക് വിറ്റു രവി തന്റെ ബാങ്ക് ബാലൻസിലേയ്ക്ക് ചേർത്തിരുന്നു.വത്സല വിശേഷങ്ങളുടെ കെട്ടഴിച്ചപ്പോൾ ശാരദയുടെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.ഓഹരി മകന്റെ പേർക്ക് എഴുതിയാൽ മതി എന്ന തീരുമാനം തെറ്റിയല്ലോ എന്ന ചിന്ത മനസ്സിൽ നീറി.അമ്മയുടെ അറിവോ അനുവാദമോ കൂടാതെ ഉള്ള രവിയുടെ തീരുമാനങ്ങളിൽ ശാരദ ഒരിക്കലും മുഖം കറുപ്പിച്ചിരുന്നില്ലെങ്കിലും ഇക്കുറി മനസ്സിന് ആഴത്തിൽ മുറിവേറ്റു.
ഏതാനും മണിക്കുറുകൾ കഴിഞ്ഞപ്പോൾ രവി മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണെന്നു ശാരദ മനസ്സിലാക്കി.പറയത്തക്ക യാത്ര പറച്ചിലൊന്നും രവിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിലും ഇനി എപ്പോഴാണ് മകനെ കാണാനാവുക എന്ന ചിന്ത ശാരദയുടെ ഉള്ളിൽ ഉരുകി.അത്താഴത്തിന്റെ സമയമാണ് വത്സലയുടെ മക്കൾ ഉണ്ണികൃഷ്ണനും മായയും വിശേഷങ്ങൾ പങ്കു വയ്ക്കാൻ തിരഞ്ഞെടുത്തത്.ഉള്ളു നിറയെ മകനെ ഓർത്തു ദുഃഖിച്ചിരുന്ന ശാരദ ഞെട്ടലോടെയാണ് അത് കേട്ടത്.രണ്ടു വർഷത്തേയ്ക്ക് വിദേശത്ത് ജോലി ചെയ്യാൻ രവിയെ കമ്പനി നിയോഗിച്ചിരിക്കുന്നു.ഇന്ദുവും മക്കളും രണ്ടു മാസത്തിനു ശേഷം രവിയുടെ അടുത്തേയ്ക്ക് യാത്ര തിരിക്കും.ഈ കാലാവധി കൊണ്ട് അവർക്ക് തയ്യാറെടുപ്പുകൾ നടത്തണം.ശാരദ ഇനിയുള്ള കാലം ഇവിടെ തന്നെയാകും.രണ്ടു മാസത്തേയ്ക്ക് ശാരദ വത്സലയോടൊപ്പം എന്നത് കളവാണ്.ശാരദയ്ക്ക് താമസിക്കാൻ വത്സലയുടെ വീടിനു സമീപം ഒരു വാടക വീട് ഏർപ്പാട് ചെയ്തിട്ടാണ് രവി പോയിരിക്കുന്നത്.തിരികെ മുംബൈയിൽ എത്തിയാൽ ഉടനെ തന്നെ രവി വിദേശത്തേയ്ക്ക് യാത്രയാകും.
ശാരദ ഈ വിവരങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല.ദുഃഖം എന്ന ഭാരം നിറച്ചു ഉറങ്ങാൻ കിടന്ന ശാരദയുടെ മനസ്സിന് പിന്നീട് ഉണരാൻ കഴിഞ്ഞില്ല.ഉണ്ണികൃഷ്ണനും മറ്റു ബന്ധുക്കളും മരണ വിവരം രവിയെ അറിയിക്കാൻ കിണഞ്ഞു ശ്രമിച്ചു .മകൻ അന്ത്യകർമ്മങ്ങൾ ചെയ്താൽ മാത്രമേ സ്വർഗം ലഭിക്കു എന്ന ശാരദയുടെ വിശ്വാസം അറിയാമായിരുന്ന വത്സല ഏതു വിധേനയും രവിയോട് എത്തിചേരണം എന്ന് ആവശ്യപ്പെടാൻ മകനെ ചട്ടം കെട്ടി.
.സാങ്കേതിക വിദ്യകൾ പലതുണ്ടയിട്ടും തിരക്കുകളിൽ അലിഞ്ഞു ചേർന്ന രവിയെ വിവരമറിയിക്കാൻ സമയമേറെ വേണ്ടി വന്നു.ഒടുവിൽ വിദേശത്ത് നിന്നും രവിയുടെ സന്ദേശം ഉണ്ണികൃഷ്ണൻ എല്ലാവരെയും അറിയിച്ചു.’ഇത്രയും അകലത്തു നിന്ന് തനിക്കു ഉടനെ എത്താനാവില്ല.കാത്തിരിക്കേണ്ടതില്ല,നിങ്ങൾ വേണ്ടത് ചെയ്തു കൊള്ളൂ’.ശാരദയുടെ വിശ്വാസം രവി കണക്കിൽ എടുക്കാത്തതിൽ വേദനിച്ചു വത്സല നിലവിളിച്ചു.പക്ഷെ ഇതൊന്നുമറിയാതെ ഒരു രാത്രിയും പകലും ശാരദ എന്ന ആ അമ്മ ക്ഷമയോടെ കിടന്നു,മകനേയും കാത്തു,സ്വർഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ ,എവിടേയ്ക്കെന്നറിയാതെ.
Leave a Reply
You must be logged in to post a comment.
OR
Your reaction
Share this post on social media